Web Desk

തിരുവനന്തപുരം

February 03, 2020, 4:45 pm

ആരോഗ്യ രംഗത്തെ കേന്ദ്ര സർക്കാരിന്റെ സമീപനം കേരളത്തെ പ്രതികൂലമായി ബാധിക്കുന്നു: ആരോഗ്യമന്ത്രി

Janayugom Online

ആരോഗ്യ രംഗത്തെ കേന്ദ്ര സർക്കാരിന്റെ ഓരോ സമീപനവും കേരളത്തെ പ്രതികൂലമായി ബാധിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നിയമസഭയിൽ അറിയിച്ചു. നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ തകർക്കും വിധമാണ് പുതിയ പരിഷ്കാരങ്ങൾ. കേന്ദ്രം ഫണ്ട് നൽകില്ലെന്ന് ഭീഷണിപ്പെടുത്തിയാലും ജനകീയ ആരോഗ്യ സംരംഭങ്ങളിൽ നിന്ന് സർക്കാർ പിൻമാറില്ല. ഭരണ പ്രതിക്ഷങ്ങൾ ഒറ്റക്കെട്ടായി സമരം ചെയ്യേണ്ടി വരും. കേന്ദ്രം എന്ത് സമീപനം സ്വീകരിച്ചാലും ആരോഗ്യ രംഗത്തെ വികസന കാര്യത്തിൽ വീട്ടുവീഴ്ചക്കില്ല. ഉത്തരേന്ത്യൻ സാഹചര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്രം പദ്ധതികൾ തയ്യാറാക്കുന്നത്. സംസ്ഥാനത്തെ നന്നായി പ്രവർത്തിക്കുന്ന ജില്ലാആശുപത്രികളെയൊന്നും സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കില്ലെന്ന് മന്ത്രി പറഞ്ഞു.

ജില്ലാ ആശുപത്രികളടക്കമുള്ളവയെ സ്വകാര്യമേഖലക്ക് കൈമാറാനാണ് കേന്ദ്ര നീക്കം. മൊത്തം ജിഡിപിയുടെ ഒരു ശതമാനം മാത്രമാണ് ആരോഗ്യമേഖലക്ക് കേന്ദ്രം നീക്കിവെക്കുന്നത്. ഇതിൽ ഒരു വിഹിതമാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കുക. ഇത് അപര്യാപ്തമായതിനാലാണ് കിഫ്ബി വഴി ആശുപത്രികളുടെ നവീകരണം സർക്കാർ നടത്തുന്നത്. എല്ലാ ജില്ല ആശുപത്രികളെയും മെഡിക്കൽ കോളജുകളാക്കണമെന്ന നിലപാട് സംസ്ഥാന സർക്കാരില്ല. ഇവയിൽ കൂടുതൽ സ്പെഷ്യലിറ്റികൾ ഏർപ്പെടുത്തി മികവിന്റെ കേന്ദ്രങ്ങളാക്കലാണ് ലക്ഷ്യം.മെഡിക്കൽ കോളജുകൾ എന്നത് ഗവേഷണത്തിനും പഠനത്തിനും ഊന്നൽ നൽകിയുള്ളതാണ്. പരീക്ഷയെഴുതുന്ന എല്ലാ പേർക്കും അഡ്മിഷൻ നൽകുകയെന്നത് അപ്രായോഗികമാണെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: cen­tral gov­ern­men­t’s approach to health field  is adverse­ly affect­ing Kerala

You may also like this video