ഇന്ധനവില വർധനയിൽ ജനത്തിന്റെ നടുവൊടിയുമ്പോഴും കേന്ദ്ര സർക്കാരുണ്ടാക്കുന്നതു റെക്കോർഡ് വരുമാനം. കഴിഞ്ഞ വർഷം എക്സൈസ് തീരുവയിൽ വരുത്തിയ വർധന വഴി, 2020–21ൽ 3.35 ലക്ഷം കോടി രൂപയാണു കേന്ദ്രത്തിനു ലഭിച്ചത്. മുൻവർഷത്തെക്കാൾ 88% വർധന.നടപ്പു സാമ്പത്തിക വർഷം, ഇതുവരെ (ഏപ്രിൽ–ജൂൺ) തീരുവയിൽ നിന്നുള്ള വരുമാനം 1.01 ലക്ഷം കോടി രൂപ കടന്നതായും ലോക്സഭാ ചോദ്യത്തിനുള്ള മറുപടിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കോവിഡും ലോക്ഡൗണും മൂലം ഗതാഗതവും മറ്റും കുറഞ്ഞില്ലായിരുന്നെങ്കിൽ വരുമാനം ഇതിലും ഉയർന്നേനെ. പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഫ്യുവൽ, പ്രകൃതിവാതകം എന്നിവ ഉൾപ്പെടെയുള്ളവയിൽ നിന്നുള്ള വരുമാനമാണിത്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിനു വില കുറയുന്നതിന്റെ നേട്ടം ഉപയോക്താക്കൾക്കു കൈമാറാതെ, തീരുവ വർധിപ്പിച്ചത് അന്നു വിമർശനവിധേയമായിരുന്നു. പെട്രോൾ ലീറ്ററിന് 19.98 രൂപയിൽനിന്ന് 32.9 രൂപയും ഡീസലിന് 15.83 രൂപയിൽനിന്ന് 31.8 രൂപയുമായി വർധിപ്പിച്ചെന്നാണു ചോദ്യത്തിനു നൽകിയ മറുപടി. 2014ൽ മോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതി.
പെട്രോൾ, ഡീസൽ തീരുവയിൽ നിന്നു 2019–20ൽ 1.78 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്ര സർക്കാരിനു ലഭിച്ചത്. ഇതാണ് കഴിഞ്ഞ വർഷം 3.35 ലക്ഷം കോടിയായി വർധിച്ചത്. 2018–19ൽ 2.13 ലക്ഷം കോടിയായിരുന്നു തീരുവയിൽ നിന്നുള്ള വരുമാനം.
English summary: central governments income through fuel
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.