ഷാജി ഇടപ്പള്ളി
കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് പ്രീണന നയത്തിന്റെ തുടർച്ചയായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ( ബിപിസിഎൽ ) വിറ്റഴിക്കാനുള്ള നീക്കം വീണ്ടും ശക്തമാവുന്നു.
കോവിഡിനെത്തുർന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താൽക്കാലിക സാമ്പത്തിക നേട്ടത്തിനായിട്ടാണ് തന്ത്ര പ്രധാനമായ മഹാരത്ന പദവിയിലുള്ള എണ്ണ ക്കമ്പനി വിറ്റുതുലക്കാൻ കേന്ദ്ര സർക്കാർ താല്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് പുറപ്പെടുവിച്ചിട്ടുള്ള നോട്ടിഫിക്കേഷൻ പ്രകാരം ഈ മാസം 30 നുള്ളിൽ താല്പര്യ പത്രം സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
കൊച്ചി റിഫൈനറിയടക്കം നാല് റിഫൈനറികളും 15,470 റീട്ടയിൽ വിപണന കേന്ദ്രങ്ങളും 77 ഡിപ്പോകളും, 6,011 പാചക വാതക വിതരണ ഏജൻസികളും, 52 പാചക വാതക നിറയ്ക്കൽ കേന്ദ്രങ്ങളും, 2,471 കിലോമീറ്റർ ദൂരത്തിൽ 17 ദശലക്ഷം ടൺ പെട്രോളിയം ഉല്പന്നങ്ങൾ വിതരണം നടത്താൻ ശേഷിയുള്ള വിവിധ ഉല്പന്ന പൈപ്പ് ലൈനുകളും അഞ്ച് സബ്സിഡയറി കമ്പനികളും 20 സംയുക്ത സംരംഭങ്ങളുമുള്ള ഭാരത് പെട്രോളിയത്തിന്റെ പത്ത് ലക്ഷത്തിലധികം കോടി മതിപ്പുള്ള ആസ്തികൾ കേവലം 50,000 കോടിയ്ക്ക് വിൽക്കാനാണ് നീക്കം.
5,000 കോടി രൂപയിലധികം വാർഷിക ലാഭം നേടുന്ന കമ്പനികളെയാണ് മഹാരത്ന പദവി നൽകുന്നത്. അത്തരത്തിൽ 2015 മുതൽ തുടർച്ചയായി നേട്ടം കൈവരിക്കുന്ന സ്ഥാപനമാണ് ബിപിസിഎൽ. കേന്ദ്ര സർക്കാരിന് 53.29 ശതമാനം ഓഹരികളാണുള്ളത്. അത് പൂർണ്ണമായും സ്വകാര്യ കുത്തകകൾക്ക് വിൽക്കുവാനുള്ള തന്ത്രമാണ് കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്നത്. ഈ പൊതുമേഖലാ സ്ഥാപനം വിറ്റഴിച്ചാൽ രാജ്യത്തെ എണ്ണ സംസ്കരണത്തിന്റെയും വില്പനയുടെയും ഏറിയ പങ്കും സ്വകാര്യ കുത്തകകളുടെ കൈകളിലാവും. അത് എണ്ണയുടെ വില വർധനവിന് കാരണമാകും. കമ്പനി നടത്തിവരുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികളും പ്രവർത്തനങ്ങളും ഇല്ലാതാക്കും.
ബിപിസിഎല്ലിൽ 10,800 ഓളം ജീവനക്കാരും 27,000 ഓളം കരാർ തൊഴിലാളികളുമുണ്ട്. അതുപോലെ റിഫൈനറിയിൽ തൊഴിലാളികളും ഉദ്യോഗസ്ഥരുമടക്കം രണ്ടായിരത്തിന് മുകളിലുണ്ട്. 9,000 ത്തോളം കരാർ തൊഴിലാളികളുമുണ്ട്.
സ്വകാര്യ വല്കരണത്തിലൂടെ ജീവനക്കാരുടെ എണ്ണവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കും. കൂടാതെ പുതിയ നിയമനങ്ങൾ ഇല്ലാതാവുകയും ചെയ്യും. സ്വകാര്യവൽക്കരണ നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ സമരം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
English summary: central govrernment looking to sell BPCL
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.