ആർബിഐയിൽ കേന്ദ്രത്തിന്റെ കൈകടത്തല്‍

Web Desk

മുംബൈ

Posted on July 27, 2020, 10:32 pm

റിസർവ് ബാങ്കിന്റെ സ്വയംഭരണത്തിൽ കേന്ദ്ര സർക്കാരിന്റെ കൈകടത്തലാണ് മുൻ ഗവർണർ ഉർജിത് പട്ടേലിന്റെ നേരത്തേയുള്ള രാജിക്കു കാരണമായതെന്ന് വെളിപ്പെടുത്തി മുൻ ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യയുടെ പുസ്തകം.

അമിതമായ പണ, വായ്പാ നടപടികളാണ് സമ്പദ്ഘടനയുടെ സ്ഥിരതനഷ്ടപ്പെടും വിധം അധഃപതനത്തിലെത്തിച്ചതെന്ന് ആചാര്യ പുസ്തകത്തിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നു. കരുതൽ ധനവും അധിക മൂലധനവും ട്രഷറികളിലേയ്ക്ക് മാറ്റുന്ന വിധത്തിൽ കൃത്യമായ തിരുത്തൽ നടപടികളുടെ മാനദണ്ഡങ്ങൾ ലഘൂകരിക്കണമെന്നും വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിവർക്കെതിരായ നടപടികള്‍ മന്ദഗതിയിലാക്കണമെന്നും കൂടുതൽ വായ്പ നല്കാൻ സഹായിക്കുന്ന നയം സ്വീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത റിസർവ് ബാങ്ക് നിയമത്തിലെ ഏഴാം വകുപ്പ് നയപരമായ വിഷയങ്ങളിൽ ഉപയോഗിക്കാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെടുകയും ചെയ്തുവെന്ന് പുസ്തകത്തിലുണ്ട്.

ശക്തവും വിവേക പൂർണ്ണവുമായ ബാങ്കിംഗ് സംവിധാനത്തിനുവേണ്ടിയുള്ള ഒരു സംവിധാനം(ആർബിഐ) ശരിയായ പാതയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ ധനപരമായ ലാഭം മാത്രം വച്ചുള്ള പ്രവർത്തനങ്ങളുടെയും ലോബി സമ്മർദ്ദങ്ങളും കാരണം പിന്നോട്ട് പോയതിനെക്കുറിച്ചും അതിന് ഇടയാക്കിയ സർക്കാരുമായുള്ള തർക്കത്തെക്കുറിച്ചും വിരൽ ആചാര്യ തന്റെ മേലുദ്യോഗസ്ഥനായിരുന്ന ഉർജിത് പട്ടേലിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്. ഉർജിത് പട്ടേൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ വിമുഖത കാട്ടുമ്പോഴാണ് അദ്ദേഹത്തിന് ശേഷം തന്റെ കാലാവധി തീരുന്നതിന് മുമ്പ് പദവിയിൽ നിന്ന് വിട്ട വിരൽ ആചാര്യ കാര്യങ്ങൾ തുറന്നുപറയുന്നത്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ കൂടിയായ ആചാര്യയുടെ പുസ്തകം ഈ ആഴ്ച അവസാനമാണ് പുറത്തിറങ്ങുന്നത്.

You may like this video also