Monday
18 Feb 2019

കേന്ദ്രത്തിന്‍റെ തൊഴില്‍ വാഗ്ദാനം: ജിഡിപി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു

By: Web Desk | Friday 12 October 2018 10:30 PM IST

ന്യൂഡല്‍ഹി: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കണക്കുകള്‍ കുഴപ്പം സൃഷ്ടിക്കുമെന്ന് ഭയന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് മോഡി സര്‍ക്കാര്‍ പൂഴ്ത്തിവച്ചു. ബിജെപി എംപി മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള പാനല്‍ തയ്യാറാക്കിയ ജിഡിപിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് തടഞ്ഞുവച്ചത്.

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട മോഡി സര്‍ക്കാരിന്റെ അവകാശവാദങ്ങളുടെ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുന്നതാണ് റിപ്പോര്‍ട്ട്. ഇത് ഭയന്നാണ് സര്‍ക്കാര്‍ നടപടിയെന്ന് ദ വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 2014ല്‍ തെരഞ്ഞെടുപ്പു പ്രചരണ വേളയില്‍ മോഡി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ഒരു വര്‍ഷം പത്തുമില്യണ്‍ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നായിരുന്നു.

റിപ്പോര്‍ട്ട് സ്വീകരിക്കാനായി വ്യാഴാഴ്ച മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അവര്‍ അനുവദിക്കുന്നില്ലെന്നാണ് കമ്മിറ്റി അംഗങ്ങളായ ബിജെപി എംപി നിഷികാന്ത് ദുബെയും രമേഷ് ബിഥുരിയും പറയുന്നത്. വിയോജനക്കുറിപ്പ് സമര്‍പ്പിക്കാന്‍ ഈ എംപിമാര്‍ക്കുമേല്‍ പാര്‍ട്ടി സമ്മര്‍ദ്ദമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ മുരളീ മനോഹര്‍ ജോഷിക്ക് വിയോജനക്കുറിപ്പു നല്‍കുകയെന്ന നിലപാടിനോട് യോജിപ്പില്ല. കഴിഞ്ഞദിവസം പാനല്‍ അംഗങ്ങളുടെ യോഗം നടക്കുന്ന സമയത്ത് അതില്‍ അംഗമല്ലാതിരുന്ന ബിജെപി നേതാവ് വിജയ് ഗോയല്‍ അംഗങ്ങളായ പാര്‍ട്ടി എംപിമാരോട് യോഗവേദിക്ക് പുറത്തുവച്ച് സംസാരിക്കുന്നത് കണ്ടവരുണ്ട്. എംപിമാരെ സ്വാധീനിക്കാന്‍ അമിത് ഷായുടെ ദൂതനായാണ് ഗോയല്‍ എത്തിയതെന്ന ആരോപണമാണ് ഉയരുന്നത്.