വോഡാഫോൺ നേടിയ അനുകൂലവധി ചോദ്യം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ

Web Desk

ന്യൂഡൽഹി:

Posted on October 27, 2020, 7:25 pm

നികുതി തർക്കകേസിൽ അന്താരാഷ്ട്ര കോടതിയിൽ നിന്ന് വോഡാഫോൺ നേടിയ അനുകൂലവധി ചോദ്യം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ. കോടതി വിധി ചോദ്യം ചെയ്യണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് സർക്കാർ തീരുമാനമെന്നാണ് റിപ്പോർട്ട്.

ഏതെങ്കിലുമൊരു പരമാധികാര പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ ഒരു ട്രൈബ്യൂണലിന്റെ തീരുമാനത്തിന് പോകാൻ കഴിയില്ലെന്ന് ഉന്നത സർക്കാർ അഭിഭാഷകൻ വ്യക്തമാക്കിയതായി സർക്കാർ വൃത്തങ്ങൾ പറയുന്നു. വോഡാഫോൺ കമ്പനിക്കുമേൽ നികുതിയും അതിന്റെ പലിശയും പിഴയും ചുമത്തുന്നത് ഇന്ത്യയും നെതർലാൻഡും തമ്മിലുള്ള നിക്ഷേപ ഉടമ്പടിയുടെ ലംഘനമാണെന്ന് ഹേഗിലെ അന്താരാഷ്ട്ര ആർബിട്രേഷൻ ട്രൈബ്യൂണൽ കഴിഞ്ഞമാസം വിധിച്ചിരുന്നു. വോഡാഫോണിൽനിന്ന് കുടിശ്ശിക ഈടാക്കരുതെന്നും നിയമനടപടികൾക്കായുള്ള ചെലവിനത്തിൽ ഭാഗിക നഷ്ടപരിഹാരമായി 4000 കോടി(5.47 മില്യൺ ഡോളർ) ഇന്ത്യ നൽകണമെന്നും വിധിച്ചിട്ടുണ്ട്.

2007ൽ ഹച്ചിസണിൽനിന്ന് ഇന്ത്യയിലെ ടെലികോം ആസ്തി വോഡാഫോൺ ഏറ്റെടുത്തതാണ് നികുതി തർക്കത്തിന് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നികുതി അടയ്ക്കാൻ ബാധ്യതയുണ്ടെന്ന് അന്ന് സർക്കാർ കമ്പനിയെ അറിയിച്ചിരുന്നു.
11 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കലാണ് വോഡാഫോൺ അന്ന് നടത്തിയത്. രണ്ടാം യുപിഎ സർക്കാരാണ് ഇതുമായി ബന്ധപ്പെട്ട് 11,000 കോടി രൂപ നികുതി അടയ്ക്കണമെന്ന് വോഡാഫോണിനോട് ആവശ്യപ്പെട്ടത്. ആദായ നികുതി നിയമപ്രകാരം ഉറവിടത്തിൽ(ടിഡിഎസ്)നിന്ന് നികുതി ഈടാക്കി അടയ്ക്കാൻ വോഡാഫോണിന് ബാധ്യതയുണ്ടെന്നാണ് സർക്കാർ കമ്പനിയെ അറിയിച്ചത്. പിഴയും പലിശയുമുൾപ്പടെയാണ് ഈതുക 20, 000 കോടിയായി ഉയർന്നത്.

ENGLISH SUMMARY: cen­tral govt ques­tioned Voda­fone

YOU MAY ALSO LIKE THIS VIDEO