June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലുന്ന കേന്ദ്രസർക്കാർ

By Janayugom Webdesk
February 16, 2020

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മുഴുവൻ, ഓഹരി വില്പനയിൽക്കൂടി സ്വകാര്യവൽക്കരിക്കാൻ വെമ്പൽ കൊള്ളുകയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ. കഴിഞ്ഞ വർഷം പൊതുമേഖലയുടെ വില്പനയിലൂടെ 1,05,000 കോടി രൂപയാണ് കേന്ദ്രം ലക്ഷ്യമിട്ടത്. കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരിന്റെ പാത പിന്തുടർന്ന് ഓരോ വർഷവും വില്പന നടത്തിക്കിട്ടുന്ന കോടികൾ കൂടാതെ എല്ലാ സ്ഥാപനങ്ങളും കൂടി ഒരുമിച്ചു വിറ്റാൽ കൂടുതൽ പണം നേടാമെന്ന ദുരാഗ്രഹമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പ്രകടിപ്പിക്കുന്നത്.

ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ് നിർദ്ദേശങ്ങളിൽ പൊതുമേഖലാ സ്ഥാപനങ്ങൾ എന്ന പൊൻമുട്ടയിടുന്ന താറാവുകളെ കൂട്ടത്തോടെ കൊന്ന് മുട്ടയെല്ലാം ഒരുമിച്ച് വിറ്റ് ഒത്തിരി പണം പെട്ടെന്നുണ്ടാക്കാൻ കഴിയുമെന്ന ഒരു ദുരാഗ്രഹിയുടെ ആർത്തിയും ചിന്തയും പ്രതിഫലിക്കുന്നുണ്ട്. ഭാരതമാതാവിന്റെയും രാജ്യസ്നേഹത്തിന്റെയും പേരിൽ ഊറ്റം കൊള്ളുന്നവർ മാതാവിന്റെ സമ്പത്തു മുഴുവൻ വിദേശ‑സ്വദേശ മുതലാളിമാർക്ക് വിൽക്കുമ്പോൾ അതിനെ ന്യായീകരിക്കാൻ തീവ്ര ദേശീയതാവാദികൾക്ക് ചില കച്ചിത്തുരുമ്പുകൾ കിട്ടിയേക്കാം. കച്ചവടക്കണ്ണും അമിത ലാഭക്കൊതിയും മുഖമുദ്രയാക്കി ഇന്ന് ഭരണം കൈകാര്യം ചെയ്യുന്നവർ ഇന്ത്യ ബ്രിട്ടീഷാധിപത്യത്തിൽ നിന്നും സ്വതന്ത്രമായതിന്റെ പേറ്റുനോവനുഭവിച്ചിട്ടുള്ളവരല്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ആർജിത സ്വത്ത് ഇല്ലാതാക്കുന്നതിൽ ഈ ‘ദേശസ്നേഹികൾക്ക്’ യാതൊരു കുണ്ഠിതവുമില്ല. ഉദാരവൽക്കരണ നയങ്ങൾക്ക് തുടക്കംകുറിച്ച കോൺഗ്രസ് ഗവൺമെന്റുകൾ തുടക്കത്തിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ മാത്രം ഓഹരി വില്പനയ്ക്കാണ് തീരുമാനിച്ചത്. ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾ ലാഭത്തിൽ പ്രവർത്തിക്കുന്നതുംകൂടി വിൽക്കാൻ തീരുമാനിച്ചു. സ്വകാര്യ മൂലധനത്തെ ആകർഷിക്കാൻ അതുകൂടി വേണമെന്നതായിരുന്നു അതിനുള്ള വിശദീകരണം.

മോഡിഭരണം ആറാം വർഷത്തിലെത്തിയപ്പോൾ ഇന്നിതാ ഇന്ത്യൻ റയിൽവേ, എൽഐസി, എയർ ഇന്ത്യാ തുടങ്ങിയവയെല്ലാം വില്പനക്കായി നിരത്തിവച്ചിരിക്കുന്നു. ജമ്മുകശ്മീരിനെ വെട്ടിമുറിച്ചതിനുശേഷം കശ്മീരിന്റെ മണ്ണും ബിജെപി സർക്കാരിന്റെ വില്പന മാർക്കറ്റിലെ ഒരു പ്രധാന ഇനമാണ്. റയിൽവേയുടെ വില്പനയിൽ റയിൽവേ സ്റ്റേഷനുകളും എയർ ഇന്ത്യയുടെ വില്പനയിൽ എയർപോർട്ടുകളും സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നൊരു പ്രത്യേകത കൂടി ഇപ്പോഴുണ്ട്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ആദ്യ ബജറ്റിൽ 28 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് വില്പനയ്ക്ക് വച്ചിരുന്നത്. 2017–18 ൽ ഒരുലക്ഷം കോടി ലക്ഷ്യമിട്ടിരുന്നപ്പോൾ 1,00, 056 കോടിയുടെ ഓഹരി വില്പന നടന്നു. 2018–19 ൽ 80, 000 കോടി രൂപയുടെ ഓഹരി വില്പന ലക്ഷ്യമിട്ടിരുന്നപ്പോൾ 84,972 കോടി രൂപയാണ് സമാഹരിച്ചത്. എന്നാൽ 2019–20 ൽ എയർ ഇന്ത്യ ഉൾപ്പെടെയുള്ള കമ്പനികളെ ഓഹരി വില്പനയ്ക്ക് വച്ചിരുന്നെങ്കിലും കാര്യമായ വില്പന നടന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ എയർ ഇന്ത്യയും അതിന്റെ എല്ലാ സബ്സിഡിയറി സ്ഥാപനങ്ങളും വിൽക്കാനാണ് സർക്കാരിന്റെ തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയെ ബജറ്റിലെ ഒരു പ്രധാന വരുമാന മാർഗ്ഗമായി കാണുന്ന ഒരു സർക്കാർ ഇന്ത്യൻ സമ്പദ്ഘടനയുടെ സമ്പൂർണ തകർച്ചയ്ക്കാണ് കളമൊരുക്കുന്നത്. സമ്പദ്ഘടനയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് 2020–21 സാമ്പത്തിക വർഷം 2,10,000 കോടി രൂപയാണ് ബിജെപി സർക്കാർ പൊതുമേഖല വില്പനയിൽ കൂടി സമാഹരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് രണ്ടു രീതിയിൽ കൂടിയാണ് സമാഹരിക്കുന്നത്. 1,20,000 കോടി രൂപ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയിൽക്കൂടിയും 90,000 കോടി രൂപ പൊതുമേഖലാ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഓഹരി വിറ്റഴിക്കുന്നതിൽക്കൂടിയും. ഐഡിബിഐ ബാങ്കിൽ 47.11 ശതമാനം ഓഹരി മാത്രമേ ഇനി സർക്കാരിനുള്ളു. അത് പൂർണമായും വില്പന നടത്തി കൈകഴുകുമ്പോൾ 18,250 കോടി രൂപ ലഭിക്കുമെന്നും ബാക്കി എൽഐസിയുടെ ഓഹരി വിറ്റ് 90,000 കോടി രൂപ തികയ്ക്കാമെന്നുമാണ് ധനമന്ത്രാലയത്തിന്റെ കണക്ക്. ഏതാനും വർഷം കൊണ്ടുതന്നെ ഐഡിബിഐയെപ്പോലെ എൽഐസിയും ഒരു സമ്പൂർണ സ്വകാര്യ സ്ഥാപനമായി മാറും അല്ലെങ്കിൽ മാറ്റും. ഇതാണ് ബിജെപി സർക്കാർ ലക്ഷ്യമിടുന്നത്.

അന്തരിച്ച മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ കാലത്താണ് പൊതുമേഖലകളായ ബാൽകോ(ഭാരത് അലൂമിനിയം കമ്പനി)യും ഹിന്ദുസ്ഥാൻ സിങ്കും, സ്വകാര്യ കമ്പനിയായ സ്റ്റെർലൈറ്റ് ഇൻഡസ്ട്രീസിനും; ഇന്ത്യൻ പെട്രോ കെമിക്കൽ കോർപ്പറേഷൻ റിലയൻസ് ഇൻഡസ്ട്രീസിനും വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് (വിഎസ്എൻഎൽ) ടാറ്റാ ഗ്രൂപ്പിനും വിറ്റത്. ഇപ്പോൾ മറ്റൊരു ആർഎസ്എസ് നേതാവായ മോഡി പ്രധാനമന്ത്രിയായപ്പോൾ 2014–18 കാലയളവിൽ മാത്രം 1,94,646 കോടി രൂപയുടെ പൊതുമേഖലാ ഓഹരികളാണ് വില്പന നടത്തിയത്. ഓയിൽ ആന്റ് നാച്യുറൽ ഗ്യാസ് കമ്മീഷൻ (ഒഎൻജിസി) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ), കോൾ ഇന്ത്യ, നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻടിപിസി), നാൽകോ കമ്പനി എല്ലാം വില്പന നടത്തുകയാണ്. രാജ്യസ്നേഹിയെന്നു വീമ്പു പറയുന്ന നരേന്ദ്ര മോഡി രണ്ടാമൂഴത്തിലേക്കു കയറിയപ്പോൾ ഇന്ത്യയുടെ ഏക പൊതുമേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യയും അതിന്റെ അനുബന്ധ കമ്പനികളും ഭാരത് പെട്രോളിയം കോർപ്പറേഷനും (ബിപിസിഎൽ) ഇപ്പോൾ എൽഐസിയും വിറ്റു തുലയ്ക്കുന്നു. ബിജെപിയും കോൺഗ്രസും കൂടി 1991–92 സാമ്പത്തിക വർഷം മുതൽ 2017–18 വരെയുള്ള കാലയളവിൽ വില്പന നടത്തിയത് 4,32,411 കോടി രൂപയുടെ പൊതുമേഖലാ ഓഹരികളാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി പൂർണമായും ഗവൺമെന്റുടമസ്ഥതയിലുള്ളതാണ്. 31 ലക്ഷം കോടി രൂപയിലധികം ആസ്തിയുള്ള എൽഐസി ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ ആറിലൊന്ന് വരും. 1956ലെ വ്യവസായ നയപ്രമേയത്തിൽ ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിൽ 1956 ജൂണിൽ ലൈഫ് ഇൻഷുറൻസ് ഓഫ് ഇന്ത്യാ ആക്ട് ഇന്ത്യൻ പാർലമെന്റ് പാസാക്കി. 154 ലൈഫ് ഇൻഷുറൻസ് കമ്പനികളും 16 വിദേശ ഇൻഷുറൻസ് കമ്പനികളും 75 പ്രോവിഡന്റ് കമ്പനികളും ഉൾപ്പെടെ 245 കമ്പനികളുടെ ബിസിനസ് ഏകോപിപ്പിച്ചുകൊണ്ടാണ് 1956 സെപ്തംബർ ഒന്നിന് ഇന്നത്തെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ നിലവിൽ വന്നത്. സുരേന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ഹിന്ദുസ്ഥാൻ ലൈഫ് ഇൻഷുറൻസ് സൊസൈറ്റിയാണ്, ‘ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ’ ആയത്. രണ്ടാം പഞ്ചവത്സര പദ്ധതിയിലേക്ക് (195661) 184 കോടി രൂപ നൽകിയ എൽഐസി 12-ാം പദ്ധതി (2012–17) നടത്തിപ്പിന് 14,23,055 കോടിയും 13-ാം പദ്ധതിയിലേക്ക് (2017–22) 28,01,483 കോടി രൂപയുമാണ് നൽകിയിരിക്കുന്നത്. 2018–19 ൽ എൽഐസിയുടെ വാല്യുവേഷൻ സർപ്ലസ് 53,214 കോടി രൂപയാണ്. കൂടാതെ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും നിരവധി പ്രോജക്ടുകൾക്ക് എൽഐസി ഗണ്യമായ സഹായവും വായ്പയും നൽകുന്നു. ഇത്രയും വലിയ ഒരു പൊതുമേഖലാ സ്ഥാപനത്തെയാണ് മോഡി സർക്കാർ സ്വകാര്യ വ്യക്തികൾക്ക് കൈമാറിക്കൊടുക്കുന്നത്.

എട്ടുലക്ഷം കോടി രൂപ ആസ്തിയുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ 53 ശതമാനം ഓഹരികളാണ് കേവലം 65,000 കോടി രൂപയ്ക്ക് സൗദി അറേബ്യൻ എണ്ണകമ്പനിയായ ആരാംകോയ്ക്ക് വിൽക്കുന്നതിന് തീരുമാനിച്ചു വച്ചിരിക്കുന്നത്. 1969 ജൂലൈ മാസം 19 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 14 വലിയ സ്വകാര്യ വാണിജ്യ ബാങ്കുകളെ ദേശവൽക്കരിച്ചു. പിന്നീട് 1980 ൽ ആറു സ്വകാര്യ വാണിജ്യ ബാങ്കുകളെക്കൂടി ദേശവൽക്കരിച്ചു. അതിൽ ഒന്നായ ന്യൂ ബാങ്ക് ഓഫ് ഇന്ത്യ പിന്നീട് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ചു. അന്നത്തെ സർക്കാർ സ്വകാര്യ ബാങ്കുകളെ ദേശവൽക്കരിച്ച് പൊതുമേഖലയിലാക്കിയെങ്കിൽ ഇന്നത്തെ സർക്കാർ പൊതുമേഖലാ ബാങ്കുകളെ ഓഹരി വിറ്റഴിക്കലിൽക്കൂടി സ്വകാര്യവൽക്കരിക്കുകയും എഫ്ഡിഐയിൽക്കൂടി വിദേശവൽക്കരിക്കുകയും ചെയ്യുന്നു. പൂർണമായും ഗവൺമെന്റുടമസ്ഥതയിലുണ്ടായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കാർ ഓഹരി പങ്കാളിത്തം ഇപ്പോൾ 56 ശതമാനമാണ്. അത് 50 ശതമാനത്തിൽ താഴെ കൊണ്ടുവരാൻ മോഡി സർക്കാരിന് അധിക സമയം വേണ്ടി വരില്ല. 20 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപവും ബാങ്കിംഗ് മേഖലയിൽ ഇന്ന് നിലവിലുണ്ട്. 1932 ൽ ജെആർഡി ടാറ്റ സ്ഥാപിച്ച സ്വകാര്യ എയർലൈനാണ് ടാറ്റാ എയർലൈൻസ്. 1953 ലാണ് നെഹ്റു ഗവൺമെന്റ് ഇന്ത്യയിലെ എയർലൈൻസ് ദേശവൽക്കരിച്ചത്. ടാറ്റയുടെ വിമാന കമ്പനി ദേശവൽക്കരിച്ചതാണ് ഇന്നത്തെ എയർ ഇന്ത്യ. 519.9 ബില്ല്യൺ രൂപ ആസ്തിയുള്ള എയർ ഇന്ത്യ ഈ സാമ്പത്തിക വർഷം 680 കോടി രൂപ ലാഭമുണ്ടാക്കുമെന്നാണ് കണക്കു കൂട്ടിയിട്ടുള്ളത്. ബിഎസ്എൻഎൽ നശിപ്പിച്ചതുപോലെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുടർച്ചയായി എയർ ഇന്ത്യയെ ഗവൺമെന്റുതന്നെ തകർത്തു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ മോഡി ഗവൺമെന്റ് എയർ ഇന്ത്യയും എയർ ഇന്ത്യാ എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള അതിന്റെ എല്ലാ സബ്സിഡിയറി സ്ഥാപനങ്ങളെയും സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച് ലിസ്റ്റു ചെയ്തു കഴിഞ്ഞു. 1953 ൽ ഇന്ത്യാ ഗവൺമെന്റിനു സ്വന്തമായ എയർ ഇന്ത്യ ഇനി വിദേശ/സ്വദേശ കുത്തകകളുടെ സ്വന്തമാകുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമരം നയിച്ചതിന്റെ വിലയിനത്തിൽ കോൺഗ്രസും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും തീവ്ര രാജ്യസ്നേഹത്തിന്റെ വിലയായി ബിജെപിയും നശിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകൾ ഏതൊരു ഇന്ത്യാക്കാരനെയും ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്തെ ആക്രമിച്ചു കീഴടക്കി 200 വർഷത്തിലധികം ഭരിച്ച ബ്രിട്ടീഷുകാർ ഇന്ത്യയെ കൊള്ളയടിച്ചതിനേക്കാൾ ഒട്ടും മോശമല്ലാത്ത നിലയിൽ കോൺഗ്രസും ബിജെപിയും കൂടി സ്വതന്ത്ര ഇന്ത്യയുടെ സമ്പത്ത് കഴിഞ്ഞ 28 വർഷം കൊണ്ട് വിദേശ/സ്വദേശ കമ്പനികൾക്കും വ്യക്തികൾക്കുമായി കൊള്ളയടിച്ചു കൊണ്ടുപോകാൻ അവസരമൊരുക്കിക്കൊടുത്തിട്ടുണ്ടാവണം.

ENGLISH SUMMARY: Cen­tral govt sell pub­lic sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.