സോഷ്യൽ മീഡിയയിലെ നന്മ — തിന്മ മരങ്ങൾക്കെല്ലാം 3 മാസങ്ങൾക്കകം പൂട്ടുവീഴും, നടപടി തുടങ്ങി

Web Desk
Posted on October 23, 2019, 12:06 pm

ന്യൂഡൽഹി: സാമൂഹ്യമാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. മൂന്ന് മാസത്തിനകം നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം.

നിയന്ത്രണങ്ങൾക്കുള്ള എല്ലാ നിയമങ്ങളും 2020ജനുവരിയോടെ അന്തിമമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം പരിഷ്ക്കരിച്ച നിയമങ്ങൾ പൊതുജനത്തെ അറിയിക്കാൻ മൂന്ന് മാസം കൂടി സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

സാമൂഹ്യമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനും ഇവ നിയന്ത്രിക്കാൻ കൃത്യമായ നിബന്ധനകളും മാനദണ്ഡങ്ങളും സമർപ്പിക്കാനും സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകിയിരുന്നു. ഫെയ്സ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ്, തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി നിയമം കൊണ്ടുവരുമെന്നാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

പുതിയ നിയമത്തിനുള്ള മാർഗനിർദേശ ചട്ടങ്ങൾ 2018ൽ തന്നെ തയാറാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായത്തിനായി ഇത് 2018 ഡിസംബർ 24ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

കുറ്റകൃത്യങ്ങൾ ചെയ്യുന്നതിന് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തടയുന്നതിനും കൃത്യമായ സാങ്കേതിക സംവിധാനങ്ങൾ ഉണ്ടാകണമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.