ആഴക്കടലിന്റെ അറിയാകാഴ്ചകള്‍ പ്രദര്‍ശിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). 73ാം സ്ഥാപകദിനത്തോടനുബന്ധിച്ച് സിഎംഎഫ്ആര്‍ഐ മ്യൂസിയവും പരീക്ഷണശാലകളും വൈവിധ്യമായ കടലറിവുകളും പൊതുജനങ്ങള്‍ക്കായി തുറന്നിട്ടപ്പോള്‍ വിദ്യാര്‍ത്ഥികളടക്കം ആയിരങ്ങളാണ് കാണാനെത്തിയത്. കൗതുകമുണര്‍ത്തുന്നതും വിജ്ഞാനപ്രദവുമായ കാഴ്ചകളും അറിവുകളുമാണ് കാണികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.
ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, കാന്‍സറിനുള്ള മരുന്ന് നിര്‍മാണത്തില്‍ ഏറ്റവും കൂടുതല്‍ ഗവേഷണം നടക്കുന്ന കടല്‍ മുയല്, പറക്കും കൂന്തല്‍, കടല്‍ പശു, കടല്‍ വെള്ളരി, പലതരം കടല്‍ സസ്യങ്ങള്‍, കടല്‍പാമ്പുകള്‍, വിഷമത്സ്യങ്ങള്‍ തുടങ്ങി എണ്ണമറ്റ കടല്ജൈവവൈിധ്യങ്ങളുടെ കാഴ്ചകള്‍ സിഎംഎഫ്ആര്‍ഐയുടെ മ്യൂസിയം സമ്മാനിച്ചു. ഓലമീന്‍, ആനത്തിരണ്ടി, സൈക്കിള്‍ ചെയിന്‍ മത്സ്യം, ഗിത്താര്‍ മത്സ്യം, വിവിധയിനം സ്രാവുകള്‍, ഞണ്ടുകള്‍, ചെമ്മീനിനിങ്ങള് തുടങ്ങിയവ വിവിധ ഗവേഷണ വിഭാഗങ്ങളുടെ ലാബുകളില്‍ പ്രദര്‍ശനത്തിനൊരുക്കിയിരുന്നു. കടലിലെ വിലകൂടിയ മുത്തുകളും മുത്തുചിപ്പി കൃഷി ചെയ്ത് അവ വേര്‍തിരിച്ചെടുക്കുന്ന രീതികളും പ്രദര്‍ശനത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
പ്ലാസ്റ്റിക് മാലിന്യം മീനുകളുടെ ജീവന് ഭീഷണിയാകുന്നതിന്റെ നേര്‍ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. കൂടുമത്സ്യകൃഷി പോലെയുള്ള വിവിധ സമുദ്രജലകൃഷി മാതൃകകള്‍ എന്നിവയും സന്ദര്‍ശകരെ ആകര്‍ഷിച്ചു. കൂടാതെ, കടല്‍വെള്ളത്തിന് നിറം നല്കുന്ന സൂക്ഷ്മ ആല്‍ഗകള്‍, കടലിലെ വര്‍ണമത്സ്യങ്ങളുടെ ശേഖരമായ മറൈന്‍ അക്വേറിയം എന്നിവയും കാണികളുടെ മനം കവര്‍ന്നു. സിഎംഎഫ്ആര്‍ഐയിലെ ടെക്നിക്കല്‍ അസിസ്റ്റന്റും പക്ഷിനിരീക്ഷകനുമായ അജു കെ രാജു എടുത്ത കടല്‍പക്ഷികളുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും വില്പനയുമുണ്ടായിരുന്നു.
കൗതുകമായി മീന്‍ കമ്മല്‍
സിഎംഎഫ്ആര്‍ഐയില്‍ നടന്ന കടലറിവുകളുടെ പ്രദര്‍ശനത്തില്‍ മീനുകളുടെ ചെവിക്കല്ല് ഉപയോഗിച്ച് നിര്‍മിച്ച ആഭരണങ്ങള്‍ കാണികളില്‍ കൗതുകമുണര്‍ത്തി. മീനുകളുടെ ചെവിക്കല്ല് ഉപയോഗിച്ച് സിഎംഎഫ്ആര്‍ഐ രൂപകല്പന ചെയ്ത വിവിധ വലിപ്പത്തിലും മാതൃകകളിലുമുള്ള കമ്മലുകള്‍ കാണാനും അവയെക്കുറിച്ചറിയാനും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഭൂരിഭാഗം മീനുകള്‍ക്കും ചെവിക്കല്ലുണ്ടെങ്കിലും പത്തോളം മീനുകളുടേത് മാത്രമെ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ അനുയോജ്യമെന്ന് സിഎംഎഫ്ആര്‍ഐ ഇതുവരെ കണ്ടെത്തിയത്. ഇത്തരം മീനുകളുടെ ചെവിക്കല്ലുകള്‍ വേര്‍പെടുത്തി വെള്ളി ലോഹത്തിലാണ് കമ്മലുകള്‍ രൂപകല്പന ചെയ്തിട്ടുള്ളത്.
സിഎംഎഫ്ആര്‍ഐയില്‍ നടന്ന കടലറിവുകളുടെ പ്രദര്‍ശനത്തില്‍ മീനിന്റെ ചെവിക്കല്ലുകൊണ്ട് നിര്‍മിച്ച കമ്മലുകള്‍ നോക്കിക്കാണുന്നവര്‍
മീനുകളെ തിരിച്ചറിയുന്നതിന് വേണ്ടിയും അവയുടെ പ്രായം അറിയുന്നതിന് വേണ്ടിയുമാണ് ചെവിക്കല്ലുകള്‍ വേര്‍പെടുത്തി സിഎംഎഫ്ആര്‍ഐ പഠനം നടത്തുന്നത്. പഠനത്തിന് വേണ്ടി ചെവിക്കല്ലുകള്‍ ശേഖരിച്ചപ്പോഴാണ് ഇവ ആഭരണങ്ങളാക്കി ഉപയോഗിക്കാമെന്ന് തിരിച്ചറിഞ്ഞത്. ഇന്ത്യയില്‍ എവിടെയും ഇത്തരത്തില്‍ ആഭരണങ്ങള്‍ നിലവിലില്ല. എന്നാല്‍, ഈജിപ്ത്, ബ്രസീല്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ ഇവ ലക്കി സ്റ്റോണുകളായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യന്‍ തീരങ്ങളിലെ ആയിരത്തോളം ഇനം മത്സ്യങ്ങളുടെ ചെവിക്കല്ലുകളുടെ ശേഖരം സിഎംഎഫ്ആര്ഐയിലുണ്ട്. കമ്മല്‍ മാത്രമല്ല, മാലകളുടെ ലോക്കറ്റ്, ബ്രെയ്സ്ലറ്റ് തുടങ്ങിയവയും മീന്‍ ചെവിക്കല്ല് കൊണ്ട് നിര്‍മിക്കാം. വെള്ളിയില്‍ നിര്‍മിക്കുമ്പോള്‍ ഒരു മീന്കമ്മലിന് ആയിരം രൂപയോളം വിലവരാമെന്ന് സിഎംഎഫ്ആര്‍ഐയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. വ്യാവസായികമായി ഇവ നിര്മിക്കാനുദ്ദേശിക്കുന്നവര്ക്ക് സിഎംഎഫ്ആര്‍ഐയെ സമീപിക്കാം. അതേസമയം സിഎംഎഫ്ആര്‍ഐയുടെ പഠനപ്രകാരം, കേരളതീരത്ത് നിന്ന് ലഭിക്കുന്ന മത്തിയുടെ ആയുസ്സ് ഒന്നര വര്‍ഷമാണ്. രണ്ടര വര്‍ഷമാണ് അയലയുടെ പ്രായം. എന്നാല്‍ കേരയ്ക്ക് 19 വര്‍ഷം വരെ ആയുസ് ഉണ്ടെന്നാണ് ചെവിക്കല്ലുപയോഗിച്ചുള്ള പഠനത്തില്‍ വ്യക്തമായത്.
English Summary: Central Marine Fisheries Research Institute exhibition
YOU MAY ALSO LIKE THIS VIDEO