കേന്ദ്ര അവഗണമൂലം കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും പൂർത്തിയാകാതെ എറണാകുളം-ഗുരുവായൂർ- കുറ്റിപ്പുറം തീരദേശ റെയിൽപ്പാത. ഗുരുവായൂരിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പാത നീട്ടാനുള്ള നടപടിയാണ് കോടതി വിധിയുണ്ടായിട്ടും കാൽനൂറ്റാണ്ടായി കടലാസിലൊതുങ്ങിയത്. 1995 ഡിസംബർ 17 ന് അന്ന് റെയിൽവേ മന്ത്രിയായിരുന്ന സുരേഷ് കൽമാഡിയും കേന്ദ്ര വ്യവസായ മന്ത്രി കെ കരുണാകരനും ചേർന്നാണ് ഗുരുവായൂർ‑കുറ്റിപ്പുറം പാതയുടെ കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. പാതക്കായി 27 കോടി രൂപ അനുവദിച്ചെങ്കിലും അത് പിന്നീട് തമിഴ്‌നാട്ടിലേക്ക് വകമാറ്റി ചെലവഴിക്കുകയായിരുന്നു.
സംസ്ഥാന സർക്കാർ 2017 ൽ കേരളത്തിലെ റയിൽവേ വികസനത്തിനായി കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് രൂപീകരിക്കുകയും കേന്ദ്രവുമായി നിരന്തര സമ്പർക്കത്തിലേർപ്പെടുകയും ചെയ്തിട്ടും ഫലമുണ്ടായിട്ടില്ല. തിരുവനന്തപുരം-ചെങ്ങന്നൂർ സബർബൻ റെയിൽ സർവ്വീസ്, അങ്കമാലി-ശബരി റെയിൽപാതയുടെ നിർമാണം, നിലമ്പൂർ‑സുൽത്താൻബത്തേരി-നഞ്ചൻകോട് റയിൽപാത നിർമാണം തുടങ്ങിയവ കെ ആർ ഡി സി എൽ ലക്ഷ്യങ്ങളാണ്. ഗുരുവായൂർ‑തിരുനാവായ റെയിൽപാത, കൊച്ചി-മധുര റെയിൽപാത, കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് കണ്ടെയ്നർ പാത, തലശ്ശേരി-മൈസൂർ റെയിൽപാത, പാലക്കാട് കോച്ച് ഫാക്ടറി, എറണാകുളത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ വികസനം, കേരളത്തിലെ റെയിൽവേ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ തുടങ്ങിയവ കൂടി ലക്ഷ്യം വെച്ചാണ് കെ ആർ ഡി സി എൽ രൂപീകരിച്ചത്.
തീരദേശ റെയിൽ പാതയുടെ ഭാഗമായ തൃശൂർ‑ഗുരുവായൂർ പാത 1994 ജനുവരി 9 നാണ് കമ്മീഷൻ ചെയ്തത്. അന്ന് ഗുരുവായൂർ‑കുറ്റിപ്പുറം റെയിൽപാതക്ക് 27 കോടി രൂപ അനുവദിച്ചതായി പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ സാന്നിധ്യത്തിൽ റെയിൽവേ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ആ തുകയാണ് തമിഴ്‌നാട്ടിലേക്ക് പോയത്. പിന്നീട് മമത ബാനർജി റെയിൽവേ മന്ത്രിയായപ്പോഴാണ് വീണ്ടും 27 കോടി അനുവദിച്ചത്. ആ തുകയും കേരളത്തിൽ പ്രയോജനപ്പെടുത്തിയില്ല. കൊങ്കൺ റെയിൽവെയ്ക്കു വേണ്ടി കേരള വിഹിതമായി 36 കോടി രൂപ സംസ്ഥാനം കൊടുത്തിരുന്നു. കൊങ്കൺ പൂർത്തിയായാൽ മലബാർ തീരത്ത് റെയിൽപാത നിർമ്മിക്കണമെന്ന് അന്ന് റെയിൽ മന്ത്രീയായിരുന്ന ജോർജ് ഫെർണാണ്ടസ് അന്നത്തെ മുഖ്യമന്ത്രി നായനാർക്ക് ഉറപ്പു കൊടുത്തിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല. അതിനിടെ ഗുരുവായൂർ‑കുറ്റിപ്പുറം പാതയ്ക്ക് വേണ്ടിയുള്ള ആക്ഷൻ കൗൺസിൽ പ്രസിഡണ്ട് കെ ജി സുകുമാരൻ മാസ്റ്റർ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടി. എന്നിട്ടും പാത പണി നടക്കാത്തതിനെ തുടർന്ന് കോടതിയലക്ഷ്യ കേസ് കൊടുത്തു. 18 മാസത്തിനകം തീരദേശ പാത നിർമ്മിക്കണമെന്ന് 2010 ൽ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ ഉത്തരവ് വന്ന് 10 കൊല്ലം കഴിഞ്ഞിട്ടും ഗുരുവായൂർ പാത കടലാസിൽ തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.