Web Desk

ന്യൂഡൽഹി:

June 03, 2020, 9:08 pm

കേന്ദ്ര പാക്കേജുകൾ കർഷകർക്ക് പ്രയോജനപ്പെടില്ലെന്ന് വിദഗ്ധർ

Janayugom Online

കോവിഡ് പ്രതിസന്ധി മറികടക്കാൻ കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകൾ കർഷകർ നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കുന്നതല്ലെന്നും അവർക്ക് താൽക്കാലിക ആശ്വാസം മാത്രമാണ് നൽകുന്നതെന്നും വിദഗ്ധർ. മെയ് ആദ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനു വേണ്ടിയുള്ള സാമ്പത്തിക പാക്കേജിന്റെ പ്രഖ്യാപനം നടത്തിയത്.

ഇതിനു പിന്നാലെ സാമ്പത്തിക പാക്കേജിലൂടെ കർഷകർക്ക് ഗ്രാമീണ ബാങ്കുകളിൽ നിന്നും വിള ലോൺ, ഏറ്റവും കുറഞ്ഞ നിരക്കിൽ വിത്തുകൾ, കാർഷിക വൃത്തിയിൽ അടിസ്ഥാന സൗകര്യ വികസനം, കർഷകർക്ക് വേതനം തുടങ്ങിയവ ലഭ്യമാക്കുമെന്ന് കേന്ദ്ര സാമ്പത്തിക മന്ത്രി നിർമ്മല സീതാരാമൻ വിശദീകരണം നൽകുകയും ചെയ്തിരുന്നു. എന്നാൽ കാർഷിക നിയമത്തിലൂടെ ഇതെല്ലാം പ്രാവർത്തികമാക്കാൻ ദീർഘകാലമെടുക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കൂടാതെ നിലവിലെ പ്രതിസന്ധി മറികടക്കാൻ ഇത് കർഷകരെ സഹായിക്കില്ലെന്നും അവർ പറയുന്നു. രാജ്യത്തെ 55 ശതമാനം ജനങ്ങള്‍ കാർഷികവൃത്തി ചെയ്താണ് ഉപജീവനം നടത്തുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ വിളവെടുപ്പിനും ഇവയുടെ ചരക്കു നീക്കത്തിനും സർക്കാർ അനുമതി നൽകിയിരുന്നു. അതുകൊണ്ടുതന്നെ ലോക്ഡൗണിനിടയിൽ തന്നെ ഭൂരിഭാഗം കർഷകരും വിളവെടുപ്പും മറ്റും നടത്തുകയും ചെയ്തു. എന്നാൽ മാർക്കറ്റുകളിൽ എത്തിച്ച വിളകൾ കൃത്യമായി വിൽക്കാൻ അവർക്കു കഴിഞ്ഞില്ല.

ഇതിലൂടെ നിരവധി വിളകൾക്ക് നാശം സംഭവിക്കുകയും ചെയ്തു. ഇതിനു ശേഷം മാത്രമാണ് കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ കർഷകർക്ക് കുറഞ്ഞ താങ്ങു വില (മിനിമം സപ്പോർട്ട് പ്രൈസ്) നൽകുമെന്ന പ്രഖ്യാപനം സർക്കാർ നടത്തിയതെന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ കർഷകർ നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിൽ കേന്ദ്ര പ്രഖ്യാപനം പരാജയപ്പെട്ടുവെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻ (ഐസിആർഐഇആർ) വിദഗ്ധ ശ്വേത സൈനി പറഞ്ഞു.

ഇന്ന് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്താണ് സർക്കാർ ചെയ്യുന്നതെന്നും ഭാവിയിൽ മാത്രം ഉപകാരപ്പെടുന്ന ഇത്തരം പ്രഖ്യാപനങ്ങൾക്ക് ഉറപ്പില്ലെന്നും കാർഷിക വിദഗ്ധനായ രമൺദീപ് സിങ് മൻ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കർഷകരുടെ പ്രധാന പ്രശ്നമെന്നത് ലോക്ഡൗണിൽ അവരുടെ വിളകൾക്കുണ്ടായ നഷ്ടവും, വിളകൾക്ക് ശരിയായ പണം ലഭിച്ചില്ല എന്നതും വായ്പകൾ നൽകാത്തതുമാണ്. ഈ പ്രശ്നങ്ങളാണ് വേഗത്തിൽ പരിഹരിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY: cen­tral pack­age is not effec­tive for farmers

YOU MAY ALSO LIKE THIS VIDEO