കേന്ദ്രത്തിന്‍റെ ആരോഗ്യസുരക്ഷാ പദ്ധതി നടപ്പിലാകില്ല

Web Desk
Posted on February 23, 2018, 10:14 pm

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പിലാകില്ല. ഇപ്പോള്‍ നിര്‍ദ്ദേശിച്ച രീതിയില്‍ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് കാട്ടി രാജ്യത്തെ 30 പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനി മേധാവികള്‍ ധനമന്ത്രാലയത്തിന് കത്തു നല്‍കി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്രം നടത്തിയ ഈ പ്രഖ്യാപനം നടപ്പിലാക്കാനുള്ളതല്ലെന്ന് അന്നുതന്നെ വിലയിരുത്തലുണ്ടായിരുന്നു. അത് ശരിവച്ചുകൊണ്ടാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കത്ത് നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ നിശ്ചയിച്ച നിരക്കുകളും രീതികളും അനുസരിച്ച് പദ്ധതി നടത്താന്‍ തങ്ങള്‍ സന്നദ്ധമല്ലെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ കത്തിന്റെ ഉള്ളടക്കം. ഒരു കുടുംബത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വാര്‍ഷിക പ്രീമിയം തുക 1000 രൂപയില്‍ നിന്ന് 2500 ആയി ഉയര്‍ത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗുണഭോക്താക്കള്‍ നല്‍കുന്ന ബില്ലുകളും മറ്റ് ചികിത്സാരേഖകളും പരിശോധിക്കുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള പ്രത്യേക സംവിധാനമൊരുക്കണം. ഇത്രയും കുറഞ്ഞ നിരക്കിലുള്ള പ്രീമിയം തുകയ്ക്ക് അഞ്ചുലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് നല്‍കുക അസാധ്യമായതിനാല്‍ തുക വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ പദ്ധതിയില്‍ ചേരാന്‍ തങ്ങള്‍ക്ക് സാധ്യമല്ലെന്ന മുന്നറിയിപ്പും കത്തിലുണ്ട്.
അടുത്ത ഒക്‌ടോബര്‍ രണ്ടിന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി നടപ്പിലാകാനുള്ള സാധ്യതകളാണ് ഇതോടെ ഇല്ലാതാകുന്നത്. 12,000 കോടി രൂപ ഈ പദ്ധതിക്ക് ആവശ്യമായി വരുമെന്നാണ് നിതി ആയോഗ് വിലയിരുത്തുന്നത്. സംസ്ഥാനങ്ങളുടെ 8,000 കോടി രൂപ കൂടി ചേര്‍ത്ത് 20,000 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത് കേവലം 2,000 കോടി രൂപ മാത്രമാണ്.
10 കോടി കുടുംബങ്ങളെ ഉള്‍പ്പെടുത്തി നടപ്പിലാക്കുമെന്നും 50 കോടിയോളം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ അവകാശവാദം. സംസ്ഥാനങ്ങള്‍ 40 ശതമാനവും കേന്ദ്രം 60 ശതമാനവും തുക വിനിയോഗിക്കുന്ന തരത്തിലാണ് പദ്ധതിയെന്നാണ് കേന്ദ്രം വിശദീകരിച്ചത്. എന്നാല്‍ സംസ്ഥാനങ്ങള്‍ ഇത്രയും ഭീമമായ തുക എവിടെ നിന്ന് കണ്ടെത്തുമെന്നത് വ്യക്തമല്ല. അതുകൊണ്ടുതന്നെ കേന്ദ്ര വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും അതാത് സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പിലാക്കുന്നതിന് അനുവദിക്കണമെന്നും ബംഗാള്‍, കര്‍ണാടക സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ നടപ്പിലാക്കപ്പെടുന്ന പല ഇന്‍ഷുറന്‍സ് പദ്ധതികളുടെയും തുക യഥാസമയം നല്‍കാത്തതും കമ്പനികളുടെ നിസഹകരണത്തിന് കാരണമാണ്. നേരത്തേ പ്രഖ്യാപിച്ച ‘രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന’യുടെ പേരില്‍ 1000 കോടി രൂപയുടെ അധിക ബാധ്യത ഏല്‍ക്കേണ്ടിവന്ന സ്ഥാപനങ്ങളുണ്ടായിരുന്നുവെന്ന് പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനി വക്താവ് വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ ഇത്തരം പദ്ധതികളോട് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ നേരത്തേ സഹകരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന പ്രീമിയം തുക വളരെ കുറവായതിനാല്‍ പദ്ധതിയോട് സഹകരിക്കേണ്ടതില്ലെന്നാണ് നിലപാടെന്ന് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് എംഡി പുഷന്‍ മഹാപാത്ര പറഞ്ഞു.
ഇത്രയും വലിയൊരു വിഭാഗത്തെ ഉള്‍പ്പെടുത്തി രോഗാതുരത കൂടുതലുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിച്ചാല്‍ അത് തങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുമെന്ന കാരണമാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നതെങ്കിലും ഈ പദ്ധതിയുടെ പേരില്‍ കൂടുതല്‍ തുക വാങ്ങിയെടുക്കുന്നതിനുള്ള തന്ത്രമാണിതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.