കേന്ദ്രഭരണം പൂർണ്ണപരാജയം

പ്രത്യേക ലേഖകൻ

ന്യൂഡൽഹി

Posted on May 23, 2020, 9:50 pm

സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയും കോവിഡ് വ്യാപനത്തിന്റെ തീവ്രതയും മൂലം രാജ്യത്തെ ജനങ്ങളുടെ അവസ്ഥ തികച്ചും പ്രതിസന്ധിയിലാണെന്നും ഉത്തരവാദിത്വം നിറവേറ്റുന്നതിൽ നരേന്ദ്രമോഡി സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നും പ്രതിപക്ഷപാർട്ടികളുടെ യോഗം. രാജ്യം നേരിടുന്ന അസാധാരണമായ സാമ്പത്തിക സാഹചര്യങ്ങൾ സിപിഐ ഉൾപ്പെടെയുള്ള 22 പ്രതിപക്ഷ പാർട്ടികളുടെ യോഗം വിലയിരുത്തി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ആകെ തകർന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും കൊടിയ കഷ്ടപ്പാടുകളാണ് നേരിടുന്നത്. ജനങ്ങളുടെ ജീവനോപാധി നഷ്ടപ്പെട്ടു. ജീവിതം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലാണ് രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും.

പ്രതിസന്ധി ഘട്ടത്തിലും വമ്പൻ പ്രഖ്യാപനങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. എന്നാൽ ഇതൊന്നും സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമല്ല. കർഷകർ, കർഷക തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, മറ്റ് തൊഴിലാളികൾ, വാണിജ്യ മേഖല, വ്യാപാര മേഖല, ചെറുകിട- ഇടത്തരം വ്യവസായങ്ങൾ എന്നിവയാകെ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നില്ല. ഫെഡറൽ സംവിധാനം സംസ്ഥാനങ്ങൾക്ക് അനുവദിച്ച് നൽകുന്ന അവകാശങ്ങൾ പോലും കവർന്നെടുക്കുകയാണ് ഈ പ്രതിസന്ധി ഘട്ടത്തിലും കേന്ദ്ര സർക്കാർ. മഹാമാരി നേരിടുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളും കേന്ദ്ര സർക്കാരിന് പൂർണ പിന്തുണയാണ് നൽകിയത്. എന്നാൽ സർക്കാരിന്റെ നിലപാടുകളും പ്രവർത്തനങ്ങളും ആരോഗ്യകരമല്ല. മഹാമാരി നിയന്ത്രിക്കുന്നതിന് ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ നടത്തുന്ന സേവനങ്ങളെ സമൂഹം ഒന്നടങ്കം പ്രകീർത്തിച്ചു.

പൊലീസ് ഉദ്യോഗസ്ഥർ, സുരക്ഷാ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, കുടിവെള്ളം, വൈദ്യുതി ഉൾപ്പെടെയുള്ള അവശ്യ സേവന മേഖലകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ എന്നിവരേയും എല്ലാ ജനങ്ങളും പ്രശംസിക്കുന്നു. മഹാമാരിയുടെ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഒറ്റയാൻ പ്രകടനം അഭികാമ്യമല്ല. എല്ലാവിഭാഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിത്. ഇതാണ് ഇന്ന് ഇന്ത്യക്ക് ആവശ്യം. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണം. പാർലമെന്ററി സ്ഥിരം സമിതികൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളും ഉണ്ടാകണം.

സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം ലഭ്യമാക്കണം. പ്രതിപക്ഷ പാർട്ടികൾ രാജ്യത്തെ 50 ശതമാനം ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കക്കണം. നേതാക്കൾ ആവശ്യപ്പെട്ടു. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, രാഹുൽ ഗാന്ധി, ആധിർ രഞ്ജൻ ചൗധരി, ഗുലാം നബി ആസാദ്, ശരത് പവാർ, മമതാ ബാനർജി, ഉദ്ധവ് താക്കറെ, ‌ഹേമന്ത് സോറൻ, എം കെ സ്റ്റാലിൻ, തേജസ്വി യാദവ്, ഒമർ അബ്ദുള്ള, ശരദ് യാദവ്, ജിതൻ റാം മാഞ്ജി, ബദറുദീൻ അജ്മൽ, രാജു ഷെട്ടി, തിരുമാവലവൻ എന്നിവർ പങ്കെടുത്തു.

പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ

  • ആദായ നികുതി പരിധിയിൽ വരാത്ത എല്ലാ കുടുംബങ്ങൾക്കും 7500 രൂപ വീതം ആറു മാസത്തേയ്ക്ക് നൽകണം. പതിനായിരം രൂപ അടിയന്തരമായി നൽകണം. ബാക്കിയുള്ള തുക അഞ്ച് ഗഡുക്കളായി നൽകണം.
  • ആറ് മാസത്തേയ്ക്ക് അർഹരായ ഓരോ വ്യക്തിക്കും 10 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ നൽകണം. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിന­ങ്ങൾ 200 ആയി വർധിപ്പിക്കുകയും ആവശ്യമായ ബജറ്റ് വിഹിതം അനുവദിക്കുകയും വേണം.
  • കുടിയേറ്റ തൊഴിലാളികൾക്ക് വീടുകളിൽ തിരികെയെത്താൻ സൗജന്യ ഗതാഗതം അനുവദിക്കണം. വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കണം.
  • മഹാമാരിയുടെ വ്യാപനം തടയുന്നതിന് രോഗപരിശോധന വ്യാപകമാക്കണം. തൊഴിൽ നിയമങ്ങൾ റദ്ദാക്കിയ ഏകപക്ഷീയമായ തീരുമാനങ്ങൾ പിൻവലിക്കണം.
  • റാബി വിളകൾ കുറഞ്ഞ താങ്ങുവില ഉറപ്പാക്കി സംഭരിക്കണം. ഖാരിഫ് കൃഷിക്ക് ആവശ്യമായ വിത്തുകൾ, വളം എന്നിവ ലഭ്യമാക്കണം. മഹാമാരി കാര്യക്ഷമമായി നേരിടുന്നതിന് സംസ്ഥാനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കണം.
  • ലോക്ഡൗൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പരസ്യപ്പെടുത്തണം.
  • പാർലമെന്റിന്റെ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണം. പ്രചാരണങ്ങൾക്ക് പകരം ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. ഇപ്പോഴത്തെ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് രാജ്യത്തെ ജനങ്ങളെ അങ്കലാപ്പിലാക്കുന്നതാണ്. ഇതിന് പകരം സമഗ്രമായ പുതിയ പാക്കേജ് പ്രഖ്യാപിക്കണം.
  • ആഭ്യന്തര, വിദേശ വിമാന സർവീസുകൾ നടത്തുന്ന കാര്യം സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തണം.

Eng­lish sum­ma­ry: Cen­tral gov­ern­ment Rule

You may also like this Video: