നെല്ല് സംഭരണത്തിലെ കേന്ദ്രവിഹിതം; 900 കോടി കുടിശിക

ആർ ബാലചന്ദ്രൻ

ആലപ്പുഴ:

Posted on July 01, 2020, 10:23 pm

ആർ ബാലചന്ദ്രൻ

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിഹിതത്തിന്റെ കുടിശിക വിതരണം നിലച്ചത് കർഷകരെ ആശങ്കയിലാക്കുന്നു. ഇതുവരെ 900 കോടിരൂപയാണ് കേന്ദ്രത്തിൽ നിന്നും വർഷങ്ങളായി കിട്ടാനുള്ളതെന്നാണ് സപ്ലൈക്കോ അധികൃതർ പറയുന്നത്. നെല്ല് സംഭരണം പൂർത്തീകരിക്കുന്ന വേളകളിൽ തന്നെ സപ്ലൈക്കോ കൃത്യമായി ക്ലെയിമുകൾ കേന്ദ്രത്തിന് സമർപ്പിക്കുന്നുണ്ടെങ്കിലും പണം അനുവദിച്ചില്ല. കർഷകരുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കുടിശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ മൗനം പാലിക്കുകയാണ്. കേന്ദ്രത്തിന്റെ ഇത്തരം സമീപനത്തിനെതിരെ കർഷക സംഘടനകളും പ്രതിഷേധത്തിലാണ്.

ഓരോ സീസണിലും നെല്ല് സംഭരണം വിജയകരമായി പൂർത്തിയാക്കുന്നത് കർഷകരുടെ അധ്വാനത്തിന്റെ ഫലമായാണ്. പല പ്രതിസന്ധികളോട് പടപൊരുതി മണ്ണിൽ പൊന്ന് വിളയിച്ചിട്ടും അതിന്റെ യഥാർത്ഥ നേട്ടം കിട്ടാതെ പോകുന്ന കർഷകർ ഇന്ന് വിഷമത്തിലാണ്. നെൽകൃഷിയോടുള്ള ആഭിമുഖ്യമുള്ള കർഷകർ ഓരോ വർഷവും വർദ്ധിച്ച് വരുകയാണ്. എന്നിട്ടും കേന്ദ്ര നിലപാടുകൾ കർഷക മേഖലയെ തകർച്ചയിലേക്കാണ് എത്തിക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം നെൽകർഷകരും ബാങ്കിൽ നിന്നും വായ്പയെടുത്ത് കൃഷി നടത്തുന്നവരാണ്. ഇവരിൽ മിക്കവരും കടക്കെണിയിലായതോടെ ആത്മഹത്യയുടെ വക്കിലാണ്. ഈ പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ നെല്ല് സംഭരണം ജൂൺ 30 മുൻപ് പൂർത്തിയാക്കാൻ കഴിഞ്ഞു.

സംസ്ഥാനത്ത് ഇക്കുറി 2,19,914 കർഷകരാണ് സപ്ലൈക്കോയിൽ രജിസ്റ്റർ ചെയ്തത്. രണ്ടാം സീസൺ പുഞ്ച കൊയ്ത്തും സംഭരണവും പൂർത്തിയാക്കി സമയത്ത് തന്നെ സപ്ലൈക്കോ 1,802 കോടിരൂപ കർഷകർക്ക് ബാങ്കുകൾ വഴി എത്തിച്ച് നൽകി. 1,911 കോടി രൂപയാണ് സപ്ലൈക്കോക്ക് ഇക്കുറി ലഭിച്ച വരുമാനം. ആകെ 7.09 ലക്ഷം മെട്രിക്ട് ടൺ നെല്ലാണ് സംഭരിച്ചത്. 26.95 രൂപ പ്രകാരമായിരുന്നു സംഭരണം. കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തികമായി സംസ്ഥാന സർക്കാർ തകർച്ചയിലായിട്ടും കർഷകരോടുള്ള പ്രതിബദ്ധത കൈവിടാതെ സൂക്ഷിച്ചു. കൊയ്ത്തും സംഭരണവും പൂർത്തിയാക്കാൻ സപ്ലൈക്കോയും കൃഷിവകുപ്പും കർഷകർക്കൊപ്പം നിന്നു. കൊയ്ത്ത് യന്ത്രങ്ങൾ എത്തിക്കുന്നതിലും കൊയ്തെടുത്ത നെല്ലുകൾ അപ്പോൾതന്നെ മാറ്റുന്നതിനും വാഹനങ്ങളും മറ്റ് സാങ്കേതിക സഹായങ്ങളും നൽകിയതുമൂലം നടപടികൾ വേഗത്തിലായി.

ENGLISH SUMMARY: Cen­tral share in pad­dy stor­age; 900 crores in arrears