സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ തീർത്തും അവഗണിച്ചിരിക്കുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതിക്ഷോഭ സഹായധനം ഇതര സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകിയപ്പോൾ കേരളത്തെ അതിരൂക്ഷമായ പ്രളയക്കെടുതി ഉണ്ടായ സംസ്ഥാനമായിട്ടു കൂടി ഒഴിവാക്കിയതു കഴിഞ്ഞ മാസത്തിലാണ്. അതേ രാഷ്ട്രീയ മനോഭാവമാണ് കേരളത്തിന്റെ കാര്യത്തിൽ ബജറ്റിലുള്ളത്. സഹകരണ സംഘങ്ങൾക്കുമേൽ ഇരുപത്തിരണ്ടു ശതമാനം നികുതിയും സർച്ചാർജും എന്ന കേന്ദ്ര ബജറ്റിലെ നിർദേശം സഹകരണ പ്രസ്ഥാനങ്ങൾക്കും അവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സാമ്പത്തിക സ്ഥാപനങ്ങൾക്കും ആപൽക്കരമാണ്. സഹകരണമേഖലയെ വളർത്തേണ്ട ഘട്ടത്തിൽ അവയെ ഇല്ലായ്മ ചെയ്യുന്ന നികുതിനിർദേശവുമായി മുമ്പോട്ടുപോവുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
കേന്ദ്ര നികുതിയിൽനിന്നുള്ള സംസ്ഥാത്തിന്റെ ഓഹരിയിൽ വലിയതോതിലുള്ള ഇടിവു വരുന്നു എന്നതും ഉൽക്കണ്ഠാജനകമാണ്. എത്ര ഭീമമാണ് ഇടിവ് എന്നത് വ്യക്തമാകാനിരിക്കുന്നതേയുള്ളു. പൊതുമേഖലാ സ്ഥാപനങ്ങൾ കൂടുതലായി വിറ്റഴിക്കാനുള്ള നിർദേശങ്ങളടങ്ങിയ കേന്ദ്ര ബജറ്റ് കേരളത്തിലെ കൊച്ചിൻ ഷിപ്പ്യാർഡ്, റിഫൈനറി പോലുള്ളവയ്ക്ക് അതിജീവിക്കാനാവശ്യമായ പണം വകയിരുത്തിയിട്ടില്ല. എന്നു മാത്രമല്ല, നിലവിലുള്ളതിനെ അപേക്ഷിച്ചുപോലും പല രംഗങ്ങളിലും വെട്ടിക്കുറവാണ് വരുത്തിയിട്ടുള്ളത്. ജിഎസ്ടി കാര്യത്തിൽ അർഹമായ വിഹിതം നിരന്തരം നിഷേധിക്കുന്ന കേന്ദ്രം, കൃഷി-ഭൂമി രംഗങ്ങളിൽ സംസ്ഥാനത്തിന്റെ അധികാരാവകാശങ്ങൾ ഫെഡറൽ സത്തയ്ക്കു വിരുദ്ധമായി കൂടിയതോതിൽ കവരുന്നതിനുള്ള ശ്രമം നടത്തുന്നു.
സെമി ഹൈ സ്പീഡ് കോറിഡോർ, അങ്കമാലി-ശബരി റയിൽപാത, ജിഎസ്ടി നഷ്ടപരിഹാരത്തുക, കടത്തിന്റെ പരിധി ഉയർത്തൽ, റബ്ബർ സബ്സിഡി ഉയർത്തൽ, കേരളത്തിന് ഒരു എയിംസ്, ഫാക്ട് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള അധികനിക്ഷേപം, ദേശീയപാതാ വികസനം വേഗത്തിലാക്കൽ, ഗൾഫ് നാടുകളിലെ എംബസികളിൽ അറ്റാഷെകളുടെ എണ്ണം വർധിപ്പിക്കൽ, പ്രവാസി പുനരധിവാസം തുടങ്ങി കേരളം സുപ്രധാനമായ എത്രയോ ആവശ്യങ്ങൾ മുമ്പോട്ടുവെച്ചിരുന്നു. വിശദമായ നിവേദനം നൽകിയിരുന്നു. എന്നാൽ, അതിനൊന്നും ഒരു പരിഗണനയും നൽകിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോർപ്പറേറ്റ് നികുതി മേഖലയിൽ ആവർത്തിച്ച് ഇളവുകൾ അനുവദിച്ചതും കാർഷികോൽപാദനം വർധിപ്പിക്കാൻ പദ്ധതികളില്ലാത്തതും എൽഐസിയിലെ സർക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ചതും മറ്റും കേന്ദ്ര സർക്കാരിന്റെ അനുഭാവം ഏതു കൂട്ടരോടാണെന്നതിനു തെളിവു നൽകുന്നുണ്ട്. ആഗോളവൽക്കരണ നയങ്ങൾ വലിയ മാന്ദ്യവും വൈഷമ്യവും ഉണ്ടാക്കിയിട്ടും ശക്തിപ്പെടുത്തി തുടരുക തന്നെ ചെയ്യും എന്നതിന്റെ പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് കാര്യമായി ഒന്നു പരാമർശിക്കുന്നു പോലുമില്ല ഈ ബജറ്റ് എന്നതും ശ്രദ്ധേയമാണ്. സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതോ സാമൂഹ്യസുരക്ഷയെ ഉറപ്പിക്കുന്നതോ വികസനത്തിലേക്കു നയിക്കുന്നതോ അല്ല ഈ ബജറ്റ്, മറിച്ച്, പണപ്പെരുപ്പവും തൊഴിലില്ലായ്മയും വർധിപ്പിക്കുന്നതിനു വഴിവെക്കും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും സമതുലിതമായ വികസനം ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ, അതിനു നേർ വിപരീത ദിശയിലാണ് ബജറ്റും കേന്ദ്രവും നീങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
English summary: Center avoids state in union budget says Pinarayi Vijayan
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.