ബേബി ആലുവ

കൊച്ചി:

March 07, 2020, 8:53 pm

ചെറുകിട തുറമുഖങ്ങളെ വിഴുങ്ങാൻ കേന്ദ്രം നീക്കം ശക്തമാക്കുന്നു

Janayugom Online

സംസ്ഥാന സർക്കാരുകളുടെ കടുത്ത എതിർപ്പ് തള്ളി ചെറുകിട തുറമുഖങ്ങളെ വിഴുങ്ങാൻ കേന്ദ്ര സർക്കാർ നീക്കം ശക്തമാക്കി. ഇതിനാവശ്യമായ നിയമം ഒട്ടും വൈകാതെ പാർലമെന്റിൽ എത്തിക്കാനാണ് ആലോചന. ആൻഡമാനിലെ പോർട്ട് ബ്ലെയർ തുറമുഖമടക്കം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള 13 മേജർ തുറമുഖങ്ങളും സംസ്ഥാന സർക്കാരുകളുടെ മേൽനോട്ടത്തിലുള്ള 200-ഓളം ചെറുകിട തുറമുഖങ്ങളുമാണ് രാജ്യത്തുള്ളത്. മേജർ തുറമുഖങ്ങളെ ട്രസ്റ്റുകൾക്കു പകരം കമ്പനിയാക്കാനും സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള ചെറുകിട തുറമുഖങ്ങളെ ഏറ്റെടുക്കാനും ഒന്നാം നരേന്ദ്ര മോഡി സർക്കാരിന്റെ ഭരണകാലത്തു തന്നെ ശ്രമം നടത്തിയെങ്കിലും, സംസ്ഥാനങ്ങളുടെ എതിർപ്പും മറ്റും മൂലം ഉദ്ദേശ്യം ലക്ഷ്യം കണ്ടില്ല.

നേരത്തേ തയ്യാറാക്കിയ മേജർ പോർട്ട് അതോറിട്ടി ബില്ലിനോടൊപ്പം ചെറുകിട പോർട്ടുകളെ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുന്ന നിയമം കൂടി അംഗസംഖ്യയുടെ ബലത്തിൽ പാർലമെൻറിൽ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് മോഡി സർക്കാർ കോപ്പ് കൂട്ടുന്നത്.
മേജർ തുറമുഖങ്ങളുടെ ചുമതലയുള്ള പോർട്ട് ട്രസ്റ്റുകൾ പിരിച്ചുവിട്ട് പോർട്ട് അതോറിട്ടിയാക്കുന്നതിലൂടെയും ചെറുകിട തുറമുഖങ്ങൾ കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകുന്നതിലൂടെയും ഭരണ നടപടികൾ ലഘൂകരിക്കാനും അതതു തുറമുഖ നിരക്കുകൾ പ്രാദേശികമായി ആവശ്യാനുസരണം നിശ്ചയിക്കാനും കഴിയും എന്നാണ് അവകാശവാദമെങ്കിലും, മുഴുവൻ തുറമുഖങ്ങളുടെയും കൈവശമുള്ള പതിനായിരക്കണക്കിന് ഏക്കർ ഭൂമിയിലാണ് മോഡി സർക്കാരിന്റെ കണ്ണ് എന്ന ആരോപണം ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന ഈ വർഷം ലക്ഷ്യം കാണില്ല എന്ന തിരിച്ചറിവും ഈ ഏറ്റെടുക്കൽ നീക്കത്തിനു പിന്നിലുണ്ട്. ചെറുകിട തുറമുഖങ്ങളുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കുന്നതോടൊപ്പം, രാജ്യത്തു പ്രവർത്തിക്കുന്ന സ്വകാര്യ തുറമുഖങ്ങളും ഏറ്റെടുക്കും എന്നു കേന്ദ്രം വീമ്പിളക്കുന്നുണ്ടെങ്കിലും അവയുടെ ഉടമസ്ഥാവകാശമുള്ള കോർപ്പറേറ്റ് ഭീമന്മാർ ഇതിനെതിരായ സമ്മർദ്ദ തന്ത്രങ്ങളും ചെറുത്തുനിൽപ്പുമായി കാലേക്കൂട്ടി രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ വിദേശ വ്യാപാരത്തിന്റെ 90 ശതമാനവും തുറമുഖങ്ങൾ വഴിയാണെന്നാണ് ഔദ്യോഗിക കണക്കുകൾ. കേരളത്തിൽ കൊച്ചി മേജർ തുറമുഖത്തിനും നിർമ്മാണത്തിലിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും പുറമെ, കൊല്ലം, നീണ്ടകര, നാട്ടകം (കോട്ടയം), ബേപ്പൂർ, മാപ്പിള ബേ (കണ്ണൂർ) എന്നീ തുറമുഖങ്ങളാണുള്ളത്. മേജർ തുറമുഖങ്ങളെ പോർട്ട് ട്രസ്റ്റുകൾ പിരിച്ചുവിട്ട് അതോറിട്ടിയുടെ കീഴിലാക്കാനുള്ള നീക്കം, വലിയ വികസന സ്വപ്നങ്ങളുടെ നടപടിയുടെ നടുക്കു നിൽക്കുന്ന കൊച്ചി തുറമുഖത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. പോർട്ട് ട്രസ്റ്റിന്റെ ഏക്കർ കണക്കായ ഭൂമി അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി, വൻകിട ഹോട്ടലുകൾ, റിസോർട്ടുകൾ, കൺവെൻഷൻ സെന്ററുകൾ, വാണിജ്യ സമുച്ചയങ്ങൾ, കളിസ്ഥലങ്ങൾ തുടങ്ങിയവയടങ്ങുന്ന വാണിജ്യ‑വ്യവസായ ടൗൺഷിപ്പിനായി പാട്ടവ്യവസ്ഥയിൽ നൽകാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. വമ്പിച്ച തൊഴിൽ സാദ്ധ്യതകളും പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.

ENGLISH SUMMARY: cen­ter deci­sion to con­trol the Ker­ala small ports

YOU MAY ALSO LIKE THIS VIDEO