September 26, 2022 Monday

Related news

September 22, 2022
September 20, 2022
September 17, 2022
July 26, 2022
July 5, 2022
June 19, 2022
June 12, 2022
June 9, 2022
June 3, 2022
April 22, 2022

പ്രവാസികളുടെ പ്രശ്നം പരിഹരിക്കുന്നതിൽ കേന്ദ്രത്തിന് ഒച്ചിന്റെ വേഗത

Janayugom Webdesk
കണ്ണൂർ
May 27, 2021 9:46 pm

പ്രവാസികളുടെ ദുരിതാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കേണ്ട സമയത്ത് ഒച്ചിന്റെ വേഗതയിലാണ് കാര്യങ്ങൾ നീക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. കേരള സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളിൽ നിരവധി പേർ നിലവിൽ സ്വന്തം നാട്ടിലാണുള്ളത്. കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഗൾഫ് രാജ്യങ്ങൾ അനുമതി നിഷേധിച്ചതോടെ നാട്ടിൽ വന്ന പ്രവാസികൾ ദുരിതത്തിലായി. 

ചിലർക്ക് ജോലി തന്നെ നഷ്ടപ്പെട്ട അവസ്ഥയാണെങ്കിൽ മറ്റു ചിലർക്ക് തിരിച്ച് ജോലിക്ക് പ്രവേശിക്കാനാവാത്ത സാഹചര്യമാണുള്ളത്.യുഎഇ, ഖത്തർ, ഒമാൻ, സൗദി തുടങ്ങിയ രാജ്യങ്ങളിൽ ജോലിയുള്ള ലക്ഷക്കണക്കിന് മലയാളി പ്രവാസികളുൾപ്പെടെയുള്ളവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്ക് യുഎഇ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ജൂൺ 14 വരെ നീട്ടിയെന്ന ഏറ്റവും ഒടുവിലത്തെ അറിയിപ്പ് വന്നതോടെ കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കാനാവാത്ത പ്രവാസികൾ ഏറെ ആശങ്കയിലാണ്. തിരിച്ച് ഗൾഫ് രാജ്യങ്ങളിലെ ജോലിയിൽ പ്രവേശിക്കണമെങ്കിൽ രണ്ട് ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണ് എന്നതാണ് ആദ്യത്തെ പ്രശ്നം. ആദ്യഡോസ് വാക്സിനെടുത്താൽ രണ്ടാമത്തേത് 84 ദിവസം കഴിഞ്ഞേ എടുക്കാവൂ എന്ന് അടുത്തിടെ കേന്ദ്ര സർക്കാർ പ്രോട്ടോകോളിൽ മാറ്റംവരുത്തിയതാണ് പ്രവാസികൾക്ക് വിനയായത്. വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികളും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. 

വിദേശ രാജ്യങ്ങളിൽ കോവിഷീൽഡ് മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്. അതുകൊണ്ട് സർട്ടിഫിക്കറ്റിൽ അത് വ്യക്തമാക്കാത്ത പ്രശ്നമാണ് രണ്ടാമത്തേത്. ഇന്ത്യ തനതായി വികസിപ്പിച്ചെടുത്ത കോവാക്സിന് വിദേശത്ത് അംഗീകാരമില്ലാത്തതും മറ്റൊരു പ്രശ്നമാണ്. പ്രവാസികളിൽ ചിലർ കോവാക്സിൻ ആണ് സ്വീകരിച്ചത്. ഇത് രണ്ട് തവണ സ്വീകരിച്ച സർട്ടിഫിക്കറ്റ് കൈവശമുണ്ടായാലും വിദേശത്ത് ഇതിന് യാതൊരു വിലയുമില്ല. രണ്ടാം ഡോസ് എടുക്കുന്ന കാര്യത്തിൽ പ്രവാസികൾക്ക് ഇളവ് നൽകണമെന്ന ആവശ്യം കേന്ദ്രത്തിന് മുമ്പാകെ സംസ്ഥാന സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ വാക്സിനേഷന്റെ പേരുമായി ബന്ധപ്പെട്ട പ്രശ്നവും കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ച് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതും പ്രവാസികൾക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും വിദേശ രാജ്യങ്ങളിലേക്കുള്ള വിലക്ക് നീങ്ങാൻ ഏകദേശം രണ്ട് ആഴ്ച മാത്രമെ സമയമുള്ളുവെന്നതും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ നീക്കങ്ങളും നടക്കുന്നതായി സൂചന പോലും ലഭിക്കാത്തതും പ്രവാസികളെ ഏറെ നിരാശയിലാഴ്‌ത്തുന്നു. നിലവിൽ ഇന്ത്യയിൽ നിന്നും ബഹറിൻ, ഖത്തർ എന്നിവിടങ്ങളിലേക്ക് മാത്രമാണ് കർശന നിയന്ത്രണങ്ങളോടെ സർവീസുള്ളത്. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രവാസി സംഘടനകൾ നിവേദനം നൽകിയിട്ടുണ്ട്. ഇതിന് പുറമെ എംപിമാരും പ്രധാനമന്ത്രിക്ക് നിവേദനങ്ങൾ നൽകിയിട്ടുണ്ട്. 

Eng­lish Sum­ma­ry : cen­tre going like a snail in solv­ing nris problems

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.