കേന്ദ്രം ഇറക്കുമതി തീരുവ കൂട്ടി

- വിലക്കയറ്റം സൃഷ്ടിക്കും
മുംബൈ: വിദേശ നാണ്യക്കമ്മി കുറയ്ക്കുക, രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വിലകൂടിയ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. ഒക്ടോബര്‍ 11ന് ഇറക്കിയ വിജ്ഞാപന പ്രകാരം, ഒക്ടോബര്‍ 12ന് വര്‍ധിപ്പിച്ച തീരുവ നിലവില്‍വന്നു. ഇലക്ട്രോണിക്, ടെലികോം ഉപകരണങ്ങളുടെ തീരുവയാണ് വര്‍ധിപ്പിച്ചത്.
വാഷിങ് മെഷീന്, എസി, ചെരുപ്പ്, ഡയമണ്ട്, ജെറ്റ് ഫ്യുവല്‍ തുടങ്ങിയവയുടെ ഇറക്കുമതിതീരുവ കഴിഞ്ഞ മാസം വര്‍ധിപ്പിച്ചിരുന്നു. ഇതുകൂടാതെയാണ് വീണ്ടും തീരുവ വര്‍ധിപ്പിച്ചിട്ടുള്ളത്.
തീരുവ കൂട്ടിയ 19 വസ്തുക്കളുടെ ഇറക്കുമതിയിലൂടെ 2017-18 സാമ്പത്തിക വര്‍ഷം 86,000 കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടമായത്. നിരക്ക് വര്‍ധിപ്പിച്ചതിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷം 3,400 കോടി രൂപ ലാഭിക്കാമെന്നാണ് കരുതുന്നത്.
ഡോളറിലുള്ള വ്യാപാരം കുറച്ച് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതെന്ന് സാമ്പത്തിക മന്ത്രാലയം സൂചിപ്പിക്കുന്നു. മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് ടെലികോം ഉത്പന്നങ്ങള്‍ക്ക് 20 ശതമാനമാണ് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത്. ബേസ് സ്റ്റേഷന്‍സ്, ഒപ്റ്റിക്കല്‍ ട്രാന്‍സ്പോര്‍ട് എക്വിപ്മെന്റ്സ്, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് തുടങ്ങിയവയുടെ തീരുവയാണ് വര്‍ധിപ്പിച്ചത്.
എസിക്കും റഫ്രിജറേറ്ററിനും നിലവിലുള്ള 10 ശതമാനം തീരുവയില്‍നിന്ന് 20 ശതമാനമായാണ് ഉയര്‍ത്തിയത്. വേനല്‍ സീസണ് കഴിഞ്ഞതിനാല്‍ എസിയുടെ വിലയില്‍ ഉടനെ വര്‍ധന പ്രതിഫലിക്കില്ല.
10 കിലോഗ്രാം കപ്പാസിറ്റിക്കുതാഴെയുള്ള വാഷിങ് മെഷീനുകളുടെ തീരുവ 10 ശതമാനത്തില്‍നിന്ന് 20 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന് അഞ്ച് ശതമാനം ലെവി ഏര്‍പ്പെടുത്തി. ഇത് യാത്രനിരക്ക് വര്‍ധിക്കാനിടയാക്കും.
സ്വര്‍ണം ഉള്‍പ്പെടെ വിലകൂടിയ ലോഹങ്ങള്‍കൊണ്ടു നിര്‍മിച്ച ആഭരണങ്ങളുടെ തീരുവ 15 ശതമാനത്തില്‍നിന്ന് 20 ശതമാനമായി വര്‍ധിപ്പിച്ചു. ഷവര്‍ ബാത്ത്, സിങ്ക്, വാഷ് ബെയ്സന് തുടങ്ങിയ ഉത്പന്നങ്ങളുടെ തീരുവ 10ശതമാനത്തില്‍നിന്ന് 15 ശതമാനമായാണ് വര്‍ധിപ്പിച്ചത്. പായ്ക്കിങ് കെയ്സുകള്, ബോക്സുകള്‍, കണ്ടെയ്നറുകള്‍, ബോട്ടിലുകള്‍ എന്നിവയുടെ ഇറക്കുമതി തീരുവ 10ല്‍നിന്ന് 15ശതമാനമായി വര്‍ധിപ്പിച്ചു. പ്ലാസ്റ്റിക്കുകൊണ്ടുനിര്‍മിച്ച അടുക്കള ഉപകരണങ്ങള്‍, ഓഫീസ് സ്റ്റേഷനറി, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയുടെ തീരുവയും വര്‍ധിപ്പിച്ചിട്ടുണ്ട്. ട്രങ്ക്സ്, സ്യൂട്ട് കെയ്സുകള്, എക്സിക്യുട്ടീവ് കെയ്സുകള്, ബ്രീഫ് കെയ്സുകള്, ട്രാവല്‍ ബാഗ് തുടങ്ങിയവയുടെ തീരുവ 10ല്‍നിന്ന് 15 ശതമാനമായി വര്‍ധിക്കും.