അസഹനീയം;കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷയുടെ വഴിയിൽ കേന്ദ്രം

Web Desk
Posted on April 20, 2018, 2:47 pm

ന്യൂഡല്‍ഹി:  രാജ്യത്ത് അടിക്കടി ഉണ്ടാകുന്ന പീഡനങ്ങളെത്തുടര്‍ന്നും കത്വ, ഉന്നാവോ പീഡനങ്ങള്‍ ആഗോളതലത്തില്‍ ചര്‍ച്ചയായത്തിന്റെ അടിസ്ഥാനത്തിലും  പോക്സോ നിയമം ഭേദഗതി ചെയ്യാന്‍ തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ കേന്ദ്രം നിലപാട് അറിയിച്ചു.

12 വയസ്സില്‍ താഴെയുള്ളവരെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ പോക്സോ നിയമം ഭേദഗതി ചെയ്യാമെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.

കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുവേണ്ടി 2012ലാണ് കേന്ദ്ര സര്‍ക്കാര്‍ പോക്സോ (The Pro­tec­tion of Chil­dren from Sex­u­al Offences- POCSO Act) നിയമം നടപ്പില്‍ വരുത്തുന്നത്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിലും വിചാരണയ്ക്കു വേണ്ടി സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും വേണ്ടിയാണ് പോക്സോ നിയമം നടപ്പിലാക്കിയത്.

പോക്സോ വകുപ്പ് മൂന്ന് പ്രകാരം, ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് ഏഴു വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതും, അല്ലെങ്കില്‍ രണ്ടിലേതെങ്കിലും തരത്തിൽപ്പെട്ട തടവുശിക്ഷയ്ക്ക് വിധേയമാകേണ്ടി വരികയോ പിഴ ഈടാക്കുകയോ ചെയ്യാം.

വകുപ്പ് അഞ്ചില്‍, ഗൗരവകരമായ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതോ അല്ലെങ്കില്‍ കഠിനതടവിനും പിഴയ്ക്കും സാദ്ധ്യത നല്‍കുന്നതാണ്. പോക്സോ നിയമത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ നല്‍കാന്‍ നിയമം ഭേദഗതി വരുത്താന്‍ തയ്യാറാണെന്ന നിലപാടാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്