December 2, 2022 Friday

Related news

November 30, 2022
November 28, 2022
November 24, 2022
November 17, 2022
September 29, 2022
August 20, 2022
June 13, 2022
June 9, 2022
April 29, 2022
March 3, 2022

ഇന്ത്യയിലെ ഓണ്‍ലൈൻ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കുരുക്ക് വീഴുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
January 20, 2021 10:55 am

ഇന്ത്യയിലെ ഓണ്‍ലൈൻ വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള നിയമങ്ങള്‍ കേന്ദ്രം പുനഃപരിശോധിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. പുതിയ എഫ്ഡിഐ നിയമങ്ങള്‍ ആമസോണ്‍ അടക്കമുള്ള കമ്പനികള്‍ക്ക് കുരുക്കായേക്കുമെന്നാണ് പ്രാരംഭ വിലയിരുത്തല്‍. ഇന്ത്യയുടെ ഫെഡറല്‍ നിയമങ്ങള്‍ മറികടന്നാണ് ആമസോണും വാള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള ഫ്‌ളിപ്കാര്‍ട്ടും സാധനങ്ങള്‍ വില്‍ക്കുന്നതെന്ന് കടകള്‍ നടത്തുന്നവരുടെ സംഘടനകള്‍ വര്‍ഷങ്ങളായി ആരോപിച്ചു വരുന്നതാണ്. ഈ ആരോപണങ്ങള്‍ ആമസോണും ഫ്‌ളിപ്കാര്‍ട്ടും ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുള്ളതുമാണ്. ഇന്ത്യയില്‍ വിദേശ ഇകൊമേഴ്‌സ് കമ്പനികള്‍ക്ക് ഒരു മാര്‍ക്കറ്റ്‌പ്ലെയ്‌സ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍— അതായത് വിവിധ കച്ചവടക്കാര്‍ക്ക് വില്‍പനയ്ക്കുള്ള സ്ഥലമൊരുക്കി നല്‍കാന്‍ മാത്രമെ അനുമതിയുള്ളൂ. അവര്‍ക്ക് നേരിട്ടു സാധനങ്ങള്‍ വില്‍ക്കാന്‍ അനുമതിയല്ല. ചരക്കുകള്‍ വാങ്ങി സൂക്ഷിക്കാനും അനുമതിയില്ല.

ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനുമെതിരെ അവസാനമായി കടുത്ത നടപടിയുണ്ടായത് 2018 ഡിസംബറിലായിരുന്നു- തങ്ങള്‍ക്ക് നിക്ഷേപമുള്ള കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വെബ്‌സൈറ്റുകള്‍ വഴി വില്‍ക്കരുതെന്ന വിലക്കാണ് അന്ന് ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ഈ കുരുക്കുകള്‍ ഒന്നുകൂടെ മുറുക്കുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. നേരിട്ടു നിക്ഷേപമില്ലാത്ത, എന്നാല്‍ ഏതെങ്കിലും രീതിയില്‍ മാതൃകമ്പനിക്ക് നിക്ഷേപമുള്ള കമ്പനികളുടെ ഉല്‍പന്നങ്ങളും വില്‍ക്കരുതെന്നായിരിക്കാം പുതിയ നയം വരിക എന്നാണ് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സെല്ലര്‍മാരില്‍ കാര്യമായി നിക്ഷേപിച്ചിട്ടുള്ള ആമസോണിന് ഇത് കടുത്ത ആഘാതം ഏല്‍പ്പിച്ചേക്കാമെന്നാണ് പറയുന്നത്.

അതേസമയം, തങ്ങള്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നതും, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നല്‍കിയതൊന്നും കാണാതെ പോകരുതെന്നാണ് ആമസോണ്‍ അഭ്യര്‍ഥിക്കുന്നത്. നിലവിലുള്ള നിയമങ്ങള്‍ കാര്യമായി മാറ്റിയാല്‍ അത് തങ്ങള്‍ക്കു മാത്രമല്ല തങ്ങള്‍ വഴി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്കും തിരിച്ചടിയായിരിക്കുമെന്നാണ് അവര്‍ പറയുന്നത്. ആമസോണ്‍ 2020 ഓഗസ്റ്റില്‍ നടത്തിയ ദ്വിദിന പ്രൈം ഡേ വില്‍പ്പനയില്‍ 91,000 വില്‍പ്പനക്കാര്‍ പങ്കെടുത്തിരുന്നു. ഇവരില്‍ 209 ചെറുകിട കമ്പനികള്‍ പോലും കോടിപതികളാകുകയും ചെയ്തിരുന്നു. ഇതേ നിയമങ്ങള്‍ ബാധകമാകാന്‍ പോകുന്ന ഫ്‌ളിപ്കാര്‍ട്ട് പുതിയ സര്‍ക്കാർ നീക്കത്തെക്കുറിച്ച് പ്രതികരിച്ചില്ല. പുതിയ നിയമങ്ങള്‍ പ്രതീക്ഷിക്കാമെന്ന സൂചനയാണ് വാണിജ്യകാര്യ മന്ത്രാലയത്തിന്റെ വക്താവ് യോഗേഷ് ബെവേജ പറയുന്നത്.

സർക്കാർ 2018ല്‍ ഇറക്കിയ നിയമങ്ങള്‍ തന്നെ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും വില്‍പ്പനാ രീതിയുടെ ഘനട തന്നെ പൊളിച്ചെഴുതിയിരുന്നു. ഇത് ഇന്ത്യാ അമേരിക്ക ബന്ധം വഷളായേക്കുമെന്ന തോന്നല്‍ ജനിപ്പിച്ചിരുന്നു. ഇപ്പോള്‍ വിപണിയിലുള്ളതോ ഇനി വരാനിരിക്കുന്നതോ ആയ പ്രാദേശിക ഇകൊമേഴ്‌സ് വ്യാപാരികള്‍ക്ക് വഴിയൊരുക്കാന്‍ വേണ്ടിയാണ് ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും കുരുക്കിടുന്നത് എന്നാണ് അമേരിക്ക പ്രതികരിച്ചത്. ഇന്ത്യയുടെ ഓണ്‍ലൈന്‍ വ്യാപാര മേഖല 2026 ആകുമ്പോഴേക്ക് 20000 കോടി ഡോളര്‍ ആയേക്കുമെന്നാണ് കണക്കു കൂട്ടല്‍. ഇത് 2019ല്‍ 3000 കോടി ഡോളർ ആയിരുന്നു. നിലവിലുള്ള നയങ്ങള്‍ക്കു മേല്‍ കുറച്ചുകൂടെ നട്ടുകളും ബോള്‍ട്ടുകളും ഉറപ്പിച്ച് വിദേശ കമ്പനികളെ ഒതുക്കാനാണ് സർക്കാർ ഒരുങ്ങുന്നതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ആമസോണ്‍ ഇന്ത്യയ്ക്ക് വലിയ ഗുണമൊന്നും ചെയ്യുന്നില്ലെന്ന് വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയല്‍ ഒരിക്കല്‍ പ്രസ്താവിച്ചതും കൂട്ടിവായിക്കണമെന്ന് പറയുന്നവരും ഉണ്ട്.

Eng­lish Sum­ma­ry : Cen­tre to impose new laws on online shopping

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.