Web Desk

തിരുവനന്തപുരം

September 15, 2020, 5:43 pm

പാമ്പുപിടുത്തത്തിന് ഇനി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: മാര്‍ഗരേഖയുമായി വനം വകുപ്പ്

Janayugom Online

വനംവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ഇനി സംസ്ഥാനത്ത് പാമ്പുകളെ പിടികൂടുന്നതിന് അനുവാദമുള്ളൂ. ഇതിനായി വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് സംസ്ഥാന വനംവകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പരിശീലനം നല്‍കുന്നത്. പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ സുരക്ഷിതമായി വിട്ടയ്ക്കുയാണ് മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലക്ഷ്യം.പാമ്പുകളുടെ സംരക്ഷണവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് സര്‍പ്പ എന്ന മൊബൈല്‍ ആപ്ളിക്കേഷനും ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്. 

സുരക്ഷാ മുന്നൊരുക്കങ്ങളില്ലാതെ പാമ്പുപിടുത്തത്തിലേര്‍പ്പെടുകയും പൊതുജനങ്ങളുടെയും തങ്ങളുടെയും ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ അവയെ പ്രദര്‍ശിപ്പിക്കുകയും മറ്റുതരത്തില്‍ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മാര്‍ഗരേഖ പുറപ്പെടുവിച്ചതെന്ന്
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു.

കേരളത്തില്‍ ജനവാസകേന്ദ്രങ്ങളിലടക്കം ഏതാണ്ടെല്ലാ സ്ഥലങ്ങളിലും പാമ്പുകളുടെസാന്നിധ്യമുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഏതാണ്ട് 334 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 1860 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പാമ്പുകളുടെ സാന്നിധ്യം സംബന്ധിച്ച അറിയിപ്പ് ലഭിച്ച ഉടന്‍ വിദൂരത്തുള്ള ജനവാസകേന്ദ്രങ്ങളില്‍ എത്തിപ്പെടാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാത്ത സാഹചര്യത്തില്‍ അടിയന്തിര ഇടപെടലുകള്‍ക്ക് പാമ്പുപിടുത്തക്കാരുടെ സഹായമാണ് വകുപ്പ് തേടുക. ഇതിന്റെ മറവില്‍ ചുരുക്കം ചിലര്‍ വേണ്ടത്ര സുരക്ഷാ മുന്നൊരുക്കങ്ങളില്ലാതെ പാമ്പുപിടുത്തത്തിലേര്‍പ്പെട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പാമ്പുകളുടെ വാസസ്ഥലങ്ങളെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും അറിവും ധാരണയുമില്ലാത്തതാണ് കാരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പാമ്പുപിടുത്തക്കാര്‍ക്ക്പരിശീലനം നല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.

പരിശീലനം സിദ്ധിച്ച അംഗീകൃത പാമ്പുപിടിത്തക്കാരുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നതിനോടൊപ്പം അവരില്‍ കൂടുതല്‍ നൈപുണ്യമികവും ഉത്തരവാദിത്തബോധവും കൃത്യതയും ഉറപ്പാക്കുകയുമാണ് പരിശീലനത്തിലൂടെയും സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തുന്നതിലൂടെയും വകുപ്പ് ലക്ഷ്യമിടുന്നത്. അംഗീകൃത പാമ്പുപിടിത്തക്കാരന്റെ ശ്രമങ്ങളെ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ അവര്‍ക്കെതിരെയും ആളുകളെ പരിഭ്രാന്തിയിലാക്കുന്ന തരത്തില്‍ പെരുമാറുക, പാമ്പുകളെ പ്രദര്‍ശിപ്പിക്കുക, അവയെ പ്രസിദ്ധിക്കായി ഉപയോഗിക്കുക തുടങ്ങിയ പ്രവൃത്തികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. ജീവന് ഭീഷണിയാവുന്ന സാഹചര്യത്തില്‍ മാത്രമേ പാമ്പുകളെ പിടികൂടാന്‍ പാടുള്ളുവെന്നും വിഷരഹിതരായ പാമ്പുകളെ പിടികൂടുന്നത് കഴിവതും ഒഴിവാക്കേണ്ടതാണെന്നും മാര്‍ഗരേഖയില്‍ നിര്‍ദ്ദേശമുണ്ട്. .

പാമ്പുകളുടെ വര്‍ഗ്ഗീകരണം,ആവാസവ്യവസ്ഥ,ആഹാര രീതികള്‍, തിരിച്ചറിയുന്ന വിധം,സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടുന്ന വിധം, കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, തുടങ്ങി വിവിധ വിഷയങ്ങളിലാണ് പരിശീലനം. പാമ്പുപിടുത്തത്തിലേര്‍പ്പെടാന്‍ താല്‍പര്യമുള്ള 21 വസ്സിനും 65 വയസ്സിനും ഇടയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കുക.

പ്രവൃത്തിയിലുള്ള വൈദഗ്ധ്യം, മുന്‍പരിചയം, പ്രായം, ആരോഗ്യസ്ഥിതി, സ്വഭാവം, ലഹരി ഉപയോഗമോ പരാതികളോ ആക്ഷേപങ്ങളോ ഉണ്ടോ എന്നതെല്ലാം പരിശോധിച്ചാണ് അപേക്ഷകരെ പരിശീലനത്തിന് തിരഞ്ഞെടുക്കുക. സാമൂഹ്യവനവല്‍ക്കരണ വിഭാഗം അസി ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ മേല്‍നോട്ടത്തിലുള്ള വിദഗ്ധ സമിതിയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടുദിവസത്തെ പരിശീലനവും സര്‍ട്ടിഫിക്കറ്റും സുരക്ഷാ ഉപകരണങ്ങളടങ്ങിയ കിറ്റും നല്‍കും. അഞ്ച് വര്‍ഷമാണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി.

പാമ്പുകളുടെ പാരിസ്ഥിതിക പ്രാധാന്യം, അവയെ തിരിച്ചറിയുന്ന രീതികള്‍, പാമ്പുകടി ഒഴിവാക്കാനുള്ള നടപടികള്‍ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് അംഗീകൃത പാമ്പുപിടുത്തക്കാരുടെ സേവനം സംസ്ഥാന വനംവകുപ്പ് ഉപയോഗ പ്പെടുത്തും. സംസ്ഥാനത്ത് നടക്കുന്ന പാമ്പു കളുമായി ബന്ധപ്പെട്ട അപകടങ്ങളുടെയും പിടികൂടിയ പാമ്പുകളുടെയും കൃത്യമായ വിവരശേഖരണവും ഇതുവഴി നടപ്പിലാക്കാന്‍ സാധിക്കും. ഇതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ തയ്യാറാക്കും. പാമ്പു പിടുത്തത്തിലുള്ള അപകടസാധ്യത കണക്കിലെടുത്ത് അംഗീകൃത പാമ്പ് പിടുത്തക്കാര്‍ക്ക് ഗൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള നടപടികളും വകുപ്പിന്റെ പിരിഗണനയിലാണ്.

ENGLISH SUMMARY:Certificate Manda­to­ry for Snake Catch­ing For­est Depart­ment new guidelines
You may also like this video