ചാച്ചാജിയെ ഓര്‍ക്കുമ്പോള്‍…

Web Desk
Posted on November 14, 2017, 10:58 am

ണ്ഡിറ്റ്ജിയെ കുറിച്ച് ഞാനാദ്യം കേള്‍ക്കുന്നത് അച്ഛന്റെ വാക്കുകളില്‍ നിന്നാണ്. പണ്ഡിറ്റ്ജി എന്ന് പറഞ്ഞാല്‍, ശിശുദിനങ്ങളില്‍ കുട്ടികള്‍ ഉത്സാഹപൂര്‍വം വിളിക്കുന്ന ചാച്ചാജി തന്നെ. ഇന്ത്യന്‍ ദേശീയ കോണ്‍ഗ്രസിലെ അന്നേവരെയുള്ള നേതാക്കന്മാരുടെ ചിത്രങ്ങള്‍ ഞങ്ങളുടെ ഭിത്തിയില്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നു, അടിക്കുറിപ്പുകളോടെ.
അങ്ങനെ, ഒരുകൂട്ടം ചിത്രങ്ങള്‍ക്കിടയില്‍ നിന്ന് പണ്ഡിറ്റ്ജി എന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ കണ്ടു. അത് ഏതാണ്ട് എണ്‍പതുവര്‍ഷം മുമ്പത്തെ ഓര്‍മ്മ. സമ്പന്നനായ ഒരച്ഛന്റെ ഏക പുത്രന്‍. രണ്ട് സഹോദരിമാര്‍ വേറെ. വിജയലക്ഷ്മിയും കൃഷ്ണയും. കൊട്ടാരം പോലെ ഒരു വീട് — ആനന്ദഭവന്‍. പരിചരിക്കുവാന്‍ മാത്രമല്ല, ആദ്യപാഠങ്ങള്‍ പറഞ്ഞുകൊടുക്കുവാന്‍ ആയമാര്‍. ഇംഗ്ലണ്ടിലെ ശ്രേഷ്ഠമായ ഏഴുവര്‍ഷത്തെ പഠനഫലമായി ശാസ്ത്രവിഷയങ്ങള്‍ പലതും അദ്ദേഹ വശമാക്കി. ഭൂഗര്‍ഭശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം തുടങ്ങിയ ശാസ്ത്രപഠനവും നിയമവിജ്ഞാനവും അവിടെ കണ്ട ജനാധിപത്യ സമ്പ്രദായങ്ങളും ജീവിതരീതികളും ആ വിദ്യാര്‍ഥിയില്‍ പാശ്ചാത്യ സംസ്‌കാരത്തോട് മതിപ്പുണ്ടാക്കി.
താനൊരു സുഖലോലുപനും പൊങ്ങച്ചക്കാരനും ഒക്കെ ആയിരുന്നു എന്നാണ് ജവാഹറിന്റെ സ്വയം വിലയിരുത്തല്‍. എന്നാല്‍ പഠനശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ചയോ? ബ്രിട്ടനില്‍ കണ്ട ജനാധിപത്യ മര്യാദകളല്ല ഇവിടെ ഭരിക്കുന്നവരില്‍. എങ്ങും പട്ടിണിയും ദാരിദ്ര്യവും. എങ്ങും മര്‍ദ്ദനവും ബന്ധനവും എല്ലാറ്റിനും പുറമേ എങ്ങും അസമത്വവും അവഹേളനവും.
ഉത്തര്‍ പ്രദേശിലെ ഗ്രാമാന്തരങ്ങളിലൂടെ ജവാഹര്‍ നടത്തിയ യാത്ര ആ സുഖലോലുപന്റെ കണ്ണുതുറപ്പിച്ചു. വാസ്തവത്തില്‍ അത് അദ്ദേഹത്തിന്റെ ‘ഇന്ത്യയെ കണ്ടെത്തല്‍’ ആയിരുന്നു. ഒരു കൊടുങ്കാറ്റ് ആ യുവാവിന്റെ ഉള്ളില്‍ ആഞ്ഞടിച്ചു. ഒരു മാറ്റത്തിന്റെ തുടക്കം. ബ്രിട്ടീഷ് ഭരണത്തോട് കടുത്ത വെറുപ്പുതോന്നി. ജാലിയന്‍വാല ബാഗിലെ കൂട്ടക്കൊല ബ്രിട്ടീഷ് ഭരണത്തെ പിന്നെയും വെറുക്കുവാന്‍ ഇടയാക്കി. ഇതിനൊക്കെ എന്താണ് പോംവഴി? ഉത്തരവും കണ്ടെത്തി! ഗാന്ധിജി.
ഗാന്ധിജിയില്‍ നെഹ്‌റു തന്റെ തത്ത്വചിന്ത നേരില്‍ക്കാണുന്നത് ലഖ്‌നൗവില്‍ വച്ചാണ്. അവിടെ കോണ്‍ഗ്രസ് സമ്മേളനം നടക്കുകയാണ്. 1916‑ല്‍ നെഹ്‌റു കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. തുടര്‍ന്നങ്ങോട്ട് എത്ര സമരങ്ങള്‍.
1929‑ല്‍ ലഹോറില്‍ കൂടിയ സമ്മേളനത്തില്‍ ഗാന്ധിജിയുടെ പിന്തുണയോടെ ജവാഹര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷപദം ഏറ്റു. ഒരുവിധ വിട്ടുവീഴ്ചയ്ക്കും ഇടംകൊടുക്കാതെ പൂര്‍ണ സ്വരാജ് എന്ന പരമോന്നത ലക്ഷ്യം അദ്ദേഹം പ്രഖ്യാപിച്ചു. ധീരനും സാഹസികനുമായ നെഹ്‌റു പറഞ്ഞു: ”ഞാനൊരു സോഷ്യലിസ്റ്റം റിപ്പബ്ലിക്കനുമാണ്. രാജക്കന്മാരിലും രാജകുമാരന്മാരിലും എനിക്ക് വിശ്വാസമില്ല.” രാജാക്കന്മാരും മെല്ലപ്പോക്കുവാദികളും ഞെട്ടിപ്പോയി. തുടര്‍ന്നങ്ങോട്ട് ഉപ്പുസത്യഗ്രഹം മുതല്‍ ക്വിറ്റ് ഇന്ത്യ സമരം വരെ നീണ്ട അന്ത്യസമരങ്ങളിലൂടെ നാം സ്വാതന്ത്ര്യം നേടി.
1950‑ല്‍ ഇന്ത്യ ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി. അധികാരികള്‍ വിട്ടൊഴിഞ്ഞില്ലെങ്കിലും പരിപൂര്‍ണസ്വരാജിന്റെ ആദ്യകൊടി ഉയര്‍ന്ന 1930 ജനുവരി 26നെ അനുസ്മരിച്ചുകൊണ്ട് 50 ജനുവരി 26 നമ്മുടെ ആദ്യ റിപ്പബ്ലിക്ക് ദിനമായി.
1947 മുതല്‍ 17 വര്‍ഷം ഇന്ത്യയുടെ ഭരണം പണ്ഡിറ്റ്ജിയുടെ കൈകളിലായിരുന്നു. സംഭവബഹുലവും വെല്ലുവിളികള്‍ നിറഞ്ഞതുമായ കുറെ വര്‍ഷങ്ങള്‍. സോവിയറ്റ് റഷ്യ, ജര്‍മ്മന്‍ ജനാധിപത്യ റിപ്പബ്ലിക്ക് ജിഡിആര്‍ ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇരുമ്പ് — ഉരുക്ക് വ്യവസായശാലകള്‍ക്ക് സഹായം നല്‍കി. വളം നിര്‍മ്മാണശാലകള്‍ ദേശീയ ലാബററ്ററികള്‍, ഔഷധ നിര്‍മ്മാണശാലകള്‍ തീവണ്ടി നിര്‍മാണശാലകള്‍, വന്‍കിട ജലസേചന പദ്ധതികള്‍, വിമാനനിര്‍മാണം, മോട്ടോര്‍ കാര്‍ നിര്‍മ്മാണം സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവ പടുത്തുയര്‍ത്തപ്പെട്ടു. പഞ്ചവത്സരപദ്ധതികളുടെ ആസൂത്രിത പരിപാടികളായിരുന്നു അവ. മാതൃക സോവിയറ്റ് റഷ്യയും പഞ്ചശീല തത്ത്വങ്ങള്‍ വഴി രാജ്യാന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വഴി കണ്ടെത്തി. ലോക സമാധാനത്തിനു പഞ്ചശീലങ്ങള്‍ ഒരു ഒരു മാതൃകയായി.
1964‑ല്‍ അന്തരിക്കുമ്പോള്‍ ഇന്ത്യ വികസനത്തിന്റെ പാതയിലായിരുന്നു. ലോകം സമാധാനത്തിന്റെ പാതയിലായിരുന്നു. ലോകം ഒരു സമാധാനപ്രേമിയായി നെഹ്‌റുവിനെ വാഴ്ത്തി. .രണ്ടാംലോക മഹായുദ്ധത്തിന് ശേഷം അനേകം ചെറുയുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോഴൊക്കെയും അവയൊന്നും മറ്റൊരു മാരകയുദ്ധമായി വളരാതെ അവിടെയൊക്കെ സമാധാനം പുനഃസ്ഥാപിക്കുവാന്‍ പണ്ഡിറ്റ് ജിക്കു കഴിഞ്ഞുവെന്നത് ഐക്യരാഷ്ട്രസഭ പോലും അംഗീകരിച്ചിട്ടുണ്ട്.
പണ്ഡിറ്റ്ജിയില്‍ നിന്ന് ലഭിച്ച സംഭാവനകള്‍ എന്താണ്? അത് ജനാധിപത്യവിശ്വാസം തന്നെയാണ്. മറ്റൊന്ന് അദ്ദേഹം ആത്മാര്‍ഥമായി വിശ്വസിച്ച സോഷ്യലിസ്റ്റ് സമ്പ്രദായമാണ് അവിടെ വ്യക്തിസ്വാതന്ത്ര്യത്തിനും സ്ഥാനമുണ്ട്. മതനിരപേക്ഷത എന്നത് മതവൈരമല്ല. ഇന്ത്യയില്‍ ഇന്നുവരെ നിലനില്‍ക്കുന്ന ഭരണപരമായ സുസ്ഥിരതയ്ക്ക് ഇടം നല്‍കിയത് ഈ അടിസ്ഥാമൂല്യങ്ങളാണ്. ഈ മൂല്യങ്ങള്‍ക്ക് എന്ന് വീഴ്ച പറ്റുമോ അന്ന് ഈ നാട് തുണ്ടുതുണ്ടായി വിഘടിതമാകും. പണ്ഡിറ്റ്ജിയില്‍ നിന്ന് നാം മനസിലാക്കേണ്ട ഒരു പാഠവും ഒരു താക്കീതുമാണിത്.

കല്ലേലി രാഘവന്‍പിള്ള