ചന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണം മാറ്റി

Web Desk
Posted on July 15, 2019, 7:31 am

ശ്രീഹരിക്കോട്ട:ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കുമേല്‍ നിഴല്‍ വീഴ്ത്തി ചന്ദ്രയാന് ഗ്രഹണം ബാധിച്ചു. ലോകം ശ്രദ്ധിച്ച ഐതിഹാസിക കുതിപ്പിന് മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ചന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണം മാറ്റിവെച്ചു. 56 മിനിറ്റും 24 സെക്കന്റും മാത്രം ബാക്കി നില്‍ക്കെയാണ് വിക്ഷേപണം മാറ്റി വയ്ക്കുന്നതായി ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്യുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിക്ഷേപണം മാറ്റിവെച്ചത്. വിക്ഷേപണത്തിനുള്ള പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ ചാന്ദ്രയാന്‍ 2 വിക്ഷേപിക്കുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. ഞായറാഴ്ച രാവിലെ 6.51ന് 20 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണ്‍ ആരംഭിച്ചിരുന്നു. വിക്ഷേപണ വാഹനമായ ജിഎസ്എല്‍വിയില്‍ ചില സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. ജിഎസ്എല്‍വി മാര്‍ക്ക് 3 ഉപയോഗിച്ചാണ് ചാന്ദ്രയാന്‍ വിക്ഷേപിക്കാനിരുന്നത്.

കഴിഞ്ഞ വര്‍ഷം ജിഎസ്എല്‍വിയുടെ തകരാര്‍ മൂലം ഐഎസ്ആര്‍ഒയ്ക്ക് വിക്ഷേപണം മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. തകരാറുകള്‍ പരിഹരിച്ച് രണ്ട് ദിവസനത്തിനകം വീണ്ടും വിക്ഷേപണം നടത്തുകയായിരുന്നു. ചാന്ദ്രയാന്‍ പോലെയുള്ള നിര്‍ണായക ദൗത്യത്തില്‍ ലോഞ്ച് വിന്‍ഡോ വളരെ നിര്‍ണായകമാണ്. പ്രതീക്ഷിക്കുന്ന ഫലം കിട്ടാന്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ വിക്ഷേപണം നടത്തേണ്ടി വരും. ഈ സമയപരിധിയാണ്‌ലോഞ്ച് വിന്‍ഡോ.

ചാന്ദ്രയാന്‍ 2വിന്റെ കാര്യത്തില്‍ ജൂലൈ 16ന് 2.52നാണ് അടുത്ത ലോഞ്ച് വിന്‍ഡോ. പക്ഷെ ഇത് 16 സെക്കന്റ് മാത്രമെ നീണ്ടുനിക്കുകയുള്ളു. ഇതിന് ശേഷം ലോഞ്ച് വിന്‍ഡോയുടെ സമയപരിധി കുറഞ്ഞുവരും. അടുത്ത 23 ദിവസത്തിനുള്ളില്‍ വിക്ഷേപണം നടന്നില്ലെങ്കില്‍ ലോഞ്ച് വിന്‍ഡോ ഒരു മിനിറ്റിലേക്ക് ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസങ്ങളില്‍ തന്നെ വിക്ഷേപണം നടന്നില്ലെങ്കില്‍ ഇനി 7 മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രസിഡന്റ് റാം നാഥ് കോവിന്ദ് അടക്കം പ്രമുഖര്‍ വിക്ഷപണത്തിന് സാക്ഷ്യം വഹിക്കാന്‍ ശ്രീഹരിക്കോട്ടയിലെത്തിയിരുന്നു.