Saturday
16 Feb 2019

ഇടതുചായ്‌വ് മാറാതെ ചാലക്കുടി

By: Web Desk | Monday 11 February 2019 11:22 AM IST

ഷാജി ഇടപ്പള്ളി

കൊച്ചി: പൊതുതെരഞ്ഞെടുപ്പിന്റെ കാഹളമുയരുമ്പോള്‍ യാതൊരു ചാഞ്ചാട്ടവുമില്ലാതെ ഇടതുപക്ഷത്തെ ഇക്കുറിയും നെഞ്ചേറ്റാനൊരുങ്ങുകയാണ് ചാലക്കുടി . പരമ്പരാഗതമായി യുഡിഎഫ് ആഭിമുഖ്യം പുലര്‍ത്തി പോന്നിരുന്ന മുകുന്ദപുരം മണ്ഡലം 2008ലെ മണ്ഡലം പുനര്‍നിര്‍ണയത്തോടെയാണ് ചാലക്കുടിയായി പരിണമിച്ചത്.
1957-ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ ടി സി എന്‍ മേനോന്‍ കോണ്‍ഗ്രസിലെ ഇ കെ മാധവനെ പരാജയപ്പെടുത്തി ചെങ്കൊടി പാറിച്ച മണ്ഡലമാണിത്. 1980ല്‍ ഇ ബാലാനന്ദനും, 2004-ല്‍ ലോനപ്പന്‍ നമ്പാടനും മുകുന്ദപുരത്ത് ഇടതുവിജയം ഉറപ്പിച്ചവരാണ്.

തൃശൂര്‍, എറണാകുളം ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്ന ചാലക്കുടിയില്‍ 2009-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ പി ധനപാലനാണ് വിജയിച്ചതെങ്കിലും കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നില്ല.
കോണ്‍ഗ്രസിന്റെ ദേശീയ വക്താവുകൂടിയായ പി സി ചാക്കോയെ 13884 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് 2014-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നടന്‍ ഇന്നസെന്റ് ചാലക്കുടിയെ ഇടതുചേരിയിലേക്ക് എത്തിച്ചത്. 884033 വോട്ടര്‍മാരുണ്ടായിരുന്ന മണ്ഡലത്തില്‍ 76.84 ശതമാനം പേര്‍ വേട്ട് രേഖപ്പെടത്തി. എംപി ഫണ്ടിന് രാജ്യത്താദ്യമായി സോഷ്യല്‍ ഓഡിറ്റിംഗ് നടത്തി മാതൃകയായ ചാലക്കുടിയില്‍ ഇന്നസെന്റ് തുടങ്ങിവച്ച വികസന മുന്നേറ്റങ്ങളുടെ തുടര്‍ച്ച എല്‍ഡിഎഫിലൂടെ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് ചാലക്കുടിയിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും.
തൃശൂര്‍ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി, എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട്, നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം. 2016-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കയ്പമംഗലത്ത് സിപിഐയിലെ ഇ ടി ടൈസന്‍ 33440 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിലെ എം ടി മുഹമ്മദ് നഹാസിനെ പരാജയപ്പെടുത്തിയത്.

കൊടുങ്ങല്ലൂരില്‍ സിപിഐയിലെ വി ആര്‍ സുനില്‍കുമാര്‍ ചാലക്കുടിയിലെ മുന്‍ എം പികൂടിയായ കെ പി ധനപാലനെ 22791 വോട്ടുകള്‍ക്കാണ് കീഴ്‌പ്പെടുത്തിയത്. ചാലക്കുടിയില്‍ സിപിഎമ്മിലെ ബി ഡി ദേവസി യുഡിഎഫിലെ ടി യു രാധാകൃഷ്ണനെ 26648 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. പെരുമ്പാവൂരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സിറ്റിംഗ് എംഎല്‍എയായിരുന്ന സാജുപോളിനെതിരായി യുഡിഎഫ് ഉന്നയിച്ചതോടെയാണ് ജിഷ വധത്തിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫിന് 7088 വോട്ടുകള്‍ക്ക് സീറ്റ് നഷ്ടമായത്. അങ്കമാലിയില്‍ ജനതാദളിലെ ബെന്നി മൂഞ്ഞേലി 9186ഉം, ആലുവയില്‍ സിപിഎമ്മിലെ വി സലീം 18835ഉം, കുന്നത്തുനാട്ടില്‍ സിപിഎമ്മിലെ എം എ സുരേന്ദ്രന്‍ 2649ഉം വോട്ടുകള്‍ക്കുമാണ് പരാജയപ്പെട്ടത്. എന്നാല്‍ നിയമസഭാ മണ്ഡലങ്ങളിലെ ഭൂരിപക്ഷത്തിന്റെ കണക്ക് പരിശോധിച്ചാല്‍ 55121 വോട്ടിന്റെ മേല്‍ക്കൈ ഇടതുപക്ഷത്തിന് ലഭിക്കുകയും ചെയ്തു.
ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബഹുഭൂരിപക്ഷം നഗരങ്ങളിലും പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭരണമാണ് നിലവിലുള്ളത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിളക്കമാര്‍ന്ന വിജയവും നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചിട്ടുള്ള ഭൂരിപക്ഷവും ഇക്കുറിയും ചാലക്കുടി മണ്ഡലം ഇടതുമുന്നണിക്ക് നിലനിര്‍ത്താനാകുമെന്ന ശുഭ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. സാംസ്‌കാരിക മേഖലയില്‍ നിന്ന് രാഷ്ട്രീയ രംഗത്തേക്കും ജനപ്രതിനിധിയായും കടന്നുവന്നപ്പോഴും ഇന്നസെന്റ് തന്റെ ദൗത്യം കൃത്യമായി നിര്‍വഹിച്ച് ജനപിന്തുണനേടി.

പരമ്പരാഗത തൊഴില്‍ മേഖലയും കാര്‍ഷിക വ്യാവസായിക മേഖലയും ഒത്തുചേരുന്ന ചാലക്കുടി മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇന്നസെന്റ് പ്രാവര്‍ത്തികമാക്കിയ പദ്ധതികള്‍ മണ്ഡലത്തിന്റെ മുഖഛായ മാറ്റിയിട്ടുണ്ട്.
ഇനി മണ്ഡലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ടൂറിസം പദ്ധതികള്‍ക്ക് ഉടന്‍ കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്നസെന്റ് എംപി പറയുന്നു. സ്വദേശ് ദര്‍ശന്‍, പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാലടി-മലയാറ്റൂര്‍ പില്‍ ഗ്രീം സര്‍ക്യൂട്ട്(59-21 കോടി), അതിരപ്പളള്ളി നേച്ചര്‍ ബേഡ്‌സ് ടൂറിസം സര്‍ക്യൂട്ട് (39.72 കോടി), നാലമ്പലം സര്‍ക്യൂട്ട് (100 കോടി) എന്നിവയും സ്വദേശ് ദര്‍ശന്‍ സ്‌കീമില്‍ ചേര്‍ത്ത് മലയാറ്റൂര്‍ സെന്റ് തോമസ് ഇന്റര്‍നാഷണല്‍ ഷൈന്‍ (5 കോടി), കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് (25 കോടി) പദ്ധതികള്‍ക്കുമാണ് അനുമതി പ്രതീക്ഷിക്കുന്നത്. ടൂറിസം വികസനത്തിനായി കേരളം സമര്‍പ്പിച്ചിട്ടുള്ള എട്ടു പദ്ധതികളില്‍ അഞ്ചും ചാലക്കുടിയില്‍ നിന്നുള്ളതാണ്.

മണ്ഡലത്തില്‍ വരുന്ന ജില്ലാ ആശുപത്രിയുടെയും നാല് താലൂക്ക് ആശുപത്രികളുടെയും വികസനവും സ്തനാര്‍ബുദ പരിശോധനയ്ക്ക് വിപുലമായ സംവിധാനങ്ങളോടെ അഞ്ചിടത്തും മാമോഗ്രാം യൂണിറ്റ് സ്ഥാപിച്ചതും മികച്ച നേട്ടമാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ സമ്പൂര്‍ണ്ണമായി ലാബ് സൗകര്യമുള്ള കേന്ദ്രങ്ങളായി മാറ്റാനുള്ള പരിശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. റോഡുകളും പാലങ്ങളും ഉള്‍പ്പെടുന്ന അടിസ്ഥാന സൗകര്യ വികസനത്തിലും റയില്‍വേ, ഗതാഗതം തുടങ്ങിയ രംഗങ്ങളിലും മണ്ഡലം ഒരുപാട് മുന്നിലാണ്. പിഎംജി എസ് വൈ പദ്ധതി പ്രകാരം കേരളത്തിന് ലഭിച്ച ആദ്യ പാലവും ചാലക്കുടിയാണ് സ്വന്തമാക്കിയത്. എം പി ഫണ്ടിന്റെ വിനിയോഗത്തിലും ശ്രദ്ധേയമായ നേട്ടം കൊയ്യാന്‍ ഇന്നസെന്റിനു കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള വികസന തുടര്‍ച്ച വീണ്ടും തുടരണമെന്ന് മണ്ഡലത്തിലെ നാനാവിഭാഗം ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
ചാലക്കുടിയില്‍ കണ്ണും നട്ട് മുന്‍എംപികൂടിയായ കെ പി ധനപാലനും മുന്‍മന്ത്രി കെ ബാബുവും ചില യുവനേതാക്കളും ചരടുവലികള്‍ ആരംഭിച്ചതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി ആരംഭിച്ചിട്ടുണ്ട്. ജാതി സമവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കരുനീക്കങ്ങള്‍. ബിജെപിയും വോട്ട് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി തന്ത്രങ്ങള്‍മെനയുന്നുണ്ട്. പറ്റിയ സ്ഥാനാര്‍ത്ഥിയെ തേടിയാണ് ഇവര്‍ നെട്ടോട്ടമോടുന്നത്.

Related News