ബാങ്കുകളുടെ വെല്ലുവിളി

Web Desk
Posted on June 23, 2019, 10:45 pm
ബാങ്കേഴ്‌സ് സമിതിയുടെ ഭീഷണി പരസ്യം

സ്വന്തം ലേഖിക

തിരുവനന്തപുരം: പ്രളയത്തെതുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ പത്രപ്പരസ്യത്തിലൂടെ ജപ്തിഭീഷണിയുമായി സംസ്ഥാന ബാങ്കേഴ്‌സ് സമിതി. ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ച മൊറട്ടോറിയത്തിന് അനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ആര്‍ബിഐ ഗവര്‍ണറെ കാണാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. 25ന് മൊറട്ടോറിയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് യോഗവും തീരുമാനിച്ചതാണ്. ഇതിനിടെയാണ് വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിയുണ്ടാകുമെന്ന് ഭീഷണിയുയര്‍ത്തി ബാങ്കേഴ്‌സ് സമിതി പത്രപ്പരസ്യം നല്‍കിയത്.

ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാനാകില്ലെന്നാണ് ബാങ്കേഴ്‌സ് സമിതി പരസ്യത്തിലൂടെ വ്യക്തമാക്കുന്നത്. റിസര്‍വ്ബാങ്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാത്രമേ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്നാണ് ഇന്ന് പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിലൂടെ പറയുന്നത്. 2018 ഓഗസ്റ്റ് 18ന് ചേര്‍ന്ന ബാങ്കേഴ്‌സ് സമിതി മൊറട്ടോറിയം വ്യവസ്ഥകള്‍ പരസ്യപ്പെടുത്തിയിരുന്നു. ആ മാനദണ്ഡങ്ങളില്‍ പറയുന്നത് പ്രകാരമുള്ള മൊറട്ടോറിയം ആനുകൂല്യങ്ങള്‍ക്കപ്പുറം കൂടുതലായി അനുവദിച്ചാല്‍ റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കില്ല. പൊതുജനങ്ങളില്‍ നിന്നും വിവിധ പലിശ നിരക്കുകളില്‍ സമാഹരിക്കുന്ന പണം ആണ് ബാങ്കുകള്‍ പലതരം വായ്പകളായി ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇതിന്റെ പലിശ കൊണ്ടാണ് ബാങ്കുകള്‍ അവരുടെ പ്രവര്‍ത്തന ചെലവുകള്‍ വഹിക്കുന്നത്. അതുകൊണ്ടുതന്നെ കൊടുക്കുന്ന വായ്പകള്‍ തിരിച്ചുപിടിക്കേണ്ടത് ബാങ്കുകളുടെ നിലനില്‍പ്പിനും വിശ്വാസ്യതയ്ക്കും അത്യാവശ്യമാണെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു.

പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക — കാര്‍ഷികേതര വായ്പകള്‍ക്കുള്ള മൊറട്ടോറിയം 2019 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ച സര്‍ക്കാര്‍ തീരുമാനം മാര്‍ച്ചില്‍ നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം അംഗീകരിച്ചതാണ്. ജപ്തി നോട്ടീസ് അയക്കുന്നതും ജപ്തിനടപടികള്‍ നിര്‍ത്തിവയ്ക്കാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യവും ബാങ്കേഴ്‌സ് സമിതി പരസ്യപ്പെടുത്തി. എന്നാല്‍ മന്ത്രിസഭായോഗത്തിന്റെയും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെയും തീരുമാനപ്രകാരം എല്ലാ വായ്പകള്‍ക്കും ദീര്‍ഘിപ്പിച്ച മൊറട്ടോറിയത്തിന് റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് ആര്‍ബിഐ ഗവര്‍ണറെ കാണുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മൊറട്ടോറിയം കാലാവധി നീട്ടി നല്‍കിയ തീരുമാനത്തിന് വിരുദ്ധമായി, ബാങ്കുകള്‍ കര്‍ഷകര്‍ക്കെതിരെ സ്വീകരിക്കുന്ന ജപ്തി അടക്കമുള്ള ഒരു നടപടികളിലും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

ബാങ്കുകള്‍ റവന്യു റിക്കവറി ആവശ്യപ്പെട്ടാലും നടപടികള്‍ സ്വീകരിക്കേണ്ടതില്ല എന്ന കര്‍ശന നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം സര്‍ഫാസി നിയമത്തിന് ബാധകമല്ലാത്തതിനാല്‍ ഇടുക്കി, വയനാട് ജില്ലകളിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, എസ്എല്‍ബിസി രണ്ട് ജില്ലകളിലും ലീഡ് ബാങ്ക് മാനേജര്‍മാരുടെ അധ്യക്ഷതയില്‍ അതത് ബാങ്ക് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റി രൂപീകരിക്കുകയും ഓരോ കേസിലും സര്‍ഫാസി നിയമം അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് ഈ സബ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. സഹകരണ ബാങ്കുകള്‍ സര്‍ഫാസി നിയമപ്രകാരമുള്ള നടപടികള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച പരിശോധന സംസ്ഥാന സര്‍ക്കാര്‍ നടത്തിവരികയായിരുന്നു. കര്‍ഷകര്‍ക്ക് അനുവദിക്കുന്ന എല്ലാ പുതിയ വായ്പകള്‍ക്കുമുള്ള പലിശ നിരക്ക് ഒന്‍പത് ശതമാനമായി നിജപ്പെടുത്തുമ്പോള്‍ ഒരു വര്‍ഷത്തേയ്ക്കുള്ള പലിശ വഹിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കര്‍ഷകര്‍ക്ക് പുതിയ വായ്പകള്‍ അനുവദിക്കുന്നതില്‍ തടസമോ കാലതാമസമോ വരുത്തരുതെന്നും മുഖ്യമന്ത്രി തന്നെ ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മറ്റന്നാള്‍ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ മൊറട്ടോറിയം സംബന്ധിച്ച വ്യക്തത വരുത്താനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ പൂര്‍ണമായും വെല്ലുവിളിക്കുന്ന രീതിയിലാണ് ബാങ്കേഴ്‌സ് സമിതിയുടെ ഇന്നലത്തെ പരസ്യം. കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപ എഴുതിത്തള്ളുന്ന ബാങ്കുകള്‍ സാധാരണക്കാര്‍ക്കുനേരെ വെല്ലുവിളിയുമായി എത്തിയതിനെ അംഗീകരിക്കില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കിക്കഴിഞ്ഞു. ബാങ്കേഴ്‌സ് സമിതി നിലപാടിനെതിരെ നാളത്തെ യോഗത്തില്‍ പ്രതിഷേധമറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.