ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് അഴിമതി കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ഉൾപ്പെടെ ഒൻപത് പേർക്കെതിരെ വിജിലൻസ് കേസെടുത്തു. എറണാകുളം വിജിലൻസ് യൂണിറ്റാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്. ഐ. ആർ സമർപ്പിച്ചത്. ഒൻപത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. അഞ്ച് പേർ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ഉദ്യോഗസ്ഥരാണ്. മൂന്ന് പേർ കരാർ കമ്ബനിയായ സനാതൻ ഇൻഫ്രാ സ്ട്രക്ച്ചേഴ്സ് ആന്റ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളാണ്. കൂടാതെ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡി കെ എസ് രാജു, ചീഫ് എഞ്ചിനീയർ പി കെ സതീശൻ, ജനറൽ മാനേജർ ശ്രീനാരായണൻ, മാനേജിംഗ് ഡയറക്ടർ പി ആർ സന്തോഷ് കുമാർ, ഫിനാൻസ് മാനേജർ ശ്രീകുമാർ, കരാറുകാരായ പി ജെ ജേക്കബ്, വിശ്വനാഥൻ വാസു, കുരീക്കൽ ജോസഫ് പോൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
2012–13 കാലഘട്ടത്തിൽ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴയുടെ കുറുകെ മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകൾക്ക് ടെണ്ടർ വിളിക്കാതെ കരാർ നൽകിയെന്നാണ് കേസ്. പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിൽ രണ്ട് കോടി രൂപയുടെ നഷ്ടം സർക്കാരിന് ഉണ്ടായെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ടിഒസൂരജ് ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നടത്താൻ വിജിലൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അപ്രോച്ച് റോഡ് കൂടാതെ പാലം നിർമാണത്തിലും ക്രമക്കേട് സ്ഥിരീകരിച്ചതിനെ തുടർന്ന് 2016ൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2006ൽ എൽ. ഡി. എഫ് സർക്കാരിന്റെ കാലത്ത് 124 കോടി രൂപ മുടക്കിയാണ് ചമ്രവട്ടം റെഗുലേറ്ററി കം ബ്രിഡ്ജ് നിർമിച്ചത്. ഒരു കിലോമീറ്റർ നീളമുള്ളതാണ് പാലം. പാലത്തിലെ 70ഓളം ഷട്ടറുകളിൽ ഒരെണ്ണംപോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ചൈനീസ് കമ്ബനിക്കാണ് പാലം നിർമാണത്തിന് കരാർ കൊടുത്തിരുന്നത്.
ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണത്തിനായി മണൽ വാരിയത് പദ്ധതിപ്രദേശത്ത് നിന്നാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. 63162 ടൺ മണലാണ് പദ്ധതി പ്രദേശത്തുനിന്ന് വാരിയെടുത്തത്. റെഗുലേറ്ററിനുണ്ടായ ചോർച്ചയ്ക്ക് പ്രധാന കാരണമായി പുഴയിലെ അനധികൃത മണലെടുപ്പ് ചൂണ്ടിക്കാണിക്കുമ്ബോഴെല്ലാം മണൽ മാഫിയയുടെ പേരുപറഞ്ഞ് ഇറിഗേഷൻ വകുപ്പ് തടിതപ്പുകയായിരുന്നു. പാലം നിർമാണത്തിന് മാത്രമല്ല, മറ്റ് പല ആവശ്യങ്ങൾക്കും പുഴയിൽ നിന്ന് മണൽ വാരിയെടുത്തുവെന്നാണ് വിവരം. പഞ്ചായത്ത് പരിധിയിൽ നാല് മണൽ കടവുകളുണ്ടായിട്ടും ഒരിടത്തുനിന്നും മണലെടുത്തിട്ടില്ല. അംഗീകൃത തൊഴിലാളികളെ ഉപയോഗിക്കാതെ പദ്ധതി പ്രദേശത്തുനിന്ന് മണ്ണുമാന്തി യന്ത്രവും വലിയ ലോറികളും ഉപയോഗിച്ചാണ് മണൽ വാരിയത്.
നിർമാണസമയത്ത് കരാറുകാരുടെ മറ്റ് നിർമാണ കേന്ദ്രങ്ങളിലേക്കും മണൽ കടത്തിയതായി സമീപവാസികൾ പരാതിപ്പെട്ടിരുന്നു. അപ്രോച്ച് റോഡ് നിർമാണത്തിന് മണ്ണ് ഉപയോഗിക്കുന്നതിനുപകരം പുഴയിലെ ചെളി മണൽ ഉപയോഗിച്ചുവെന്ന പരാതിയും വിജിലൻസിന്റെ അന്വേഷണ പരിധിയിലുണ്ട്. ഈ ഇനത്തിൽ 25 ലക്ഷം രൂപയോളം കരാറുകാർ സർക്കാരിൽ നിന്ന് വാങ്ങിയെടുത്തിട്ടുണ്ട്. പുഴയിൽ നിന്ന് അമിതമായി മണലെടുത്തതിനെത്തുടർന്ന് റെഗുലേറ്ററിന്റെ ഭാഗമായുള്ള ഏപ്രണുകളെല്ലാം തകർന്നിരുന്നു.
ENGLISH SUMMARY: Chamravattam corruption; Vigilance has registered a case against nine persons including TO Sooraj
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.