അടച്ചിടൽ നീളുന്നതോടെ രാജ്യത്ത് കടുത്ത മരുന്നുക്ഷാമത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കൊറോണ വ്യാപനം തടയുന്നതിനായി സംസ്ഥാന അതിർത്തികൾ അടച്ചതും തൊഴിലാളികൾ ജോലിക്ക് വരാതിരിക്കുന്നതും ട്രക്കുടമകൾ ചരക്ക് നീക്കത്തിന് തയ്യാറാകാത്തതുമാണ് രാജ്യത്തെ ഫാർമസി മേഖല നിലവിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയാണ് ഇത് ഏറെ പ്രതികൂലമായി ബാധിക്കുക. മരുന്നിനെ അവശ്യവസ്തുവിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വ്യാവസായിക യൂണിറ്റുകളുടെ നടത്തിപ്പ് നിയന്ത്രിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് പ്രവർത്തിക്കാൻ പ്രത്യേക അനുമതി വേണ്ടതിനാൽ പലരും ഫാർമ യൂണിറ്റുകൾ അടയ്ക്കാൻ നിർബന്ധിതരായി.
മരുന്നുകമ്പനികളിലെ ഭൂരിഭാഗം ജീവനക്കാരും സ്ത്രീകളാണ്. പൊലീസ് നടപടിയെ ഭയന്ന് അവർ ജോലിക്ക് വരാൻ മടിക്കുകയാണെന്നും കമ്പനി ഉടമകൾ പറയുന്നു. ചരക്ക് ഗതാഗതത്തെ അവശ്യസേവനങ്ങളിൽ ഉൾപ്പെടുത്തി ഗതാഗതത്തിന് അനുമതി നൽകിയിട്ടും അന്തർസംസ്ഥാന അതിർത്തികൾ അടച്ചിട്ടിരിക്കുന്നത് മരുന്ന് വിതരണത്തെ പ്രതികൂലമായി ബാധിച്ചതായി മരുന്നുകമ്പനികൾ പറയുന്നു. നിർമ്മാണത്തിന് ആവശ്യമായ അനുബന്ധ യൂണിറ്റുകളായ ഫോയിൽ, പാക്കേജിംഗ് മെറ്റീരിയൽ, പ്രിന്ററുകൾ എന്നിവ അടച്ചുപൂട്ടിയതിനാൽ ഉല്പാദന പ്രവർത്തനം നിർത്താൻ നിർബന്ധിതരായതായി ഇന്ത്യൻ ഫാർമ ഉടമ വിബോർ ജെയിൻ പറയുന്നു.
രാജ്യത്ത് മരുന്നുല്പാദനം കൂടുതൽ ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലാണ്. ട്രക്കുകൾ ഓടാൻ തയ്യാറാകാത്തതിനാൽ മരുന്നുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ല. ആ കാരണങ്ങൾ കൊണ്ടുതന്നെ പാക്കേജിംഗ് മെറ്റീരിയൽ കമ്പനികൾക്ക് ലഭിക്കുന്നുമില്ലെന്നും ജെയിൻ പറഞ്ഞു. തെന്നിന്ത്യൻ സംസ്ഥാനങ്ങളിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും പശ്ചിമ ബംഗാളിലേക്കും പോകാൻ ഡ്രൈവർമാർ ഭയപ്പെടുന്നു. ഹോട്ടലുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് ഡ്രെെവർമാര്‍ പറയുന്നതെന്നും സെൻ ലബോറട്ടറീസ് സിഇഒ സഞ്ജയ് ധീർ പറയുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ചൈന അടച്ചുപൂട്ടലിലേക്ക് നീങ്ങിയതോടെ ജീവന് രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ വിതരണത്തിനുള്ള പ്രധാന മരുന്നുകളുടെ ഇറക്കുമതി തടസ്സപ്പെട്ട നിലയിലാണ്. ഇന്ത്യന്‍ മരുന്ന് നിര്‍മ്മാതാക്കള്‍ 70 ശതമാനം മരുന്നുകളും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
2018–19ല്‍ രാജ്യത്തെ മരുന്ന് നിര്‍മ്മാതാക്കള്‍ ചൈനയില്‍ നിന്ന് 2.4 ബില്യണ്‍ ഡോളര്‍ വിലവരുന്ന എപിഐ മരുന്നുകള്‍ ഇറക്കുമതി ചെയ്തിരുന്നു. ഇറക്കുമതി തടസ്സപ്പെട്ടതിന് പുറമെയാണ് രാജ്യത്തെ അടച്ചിടൽ മരുന്നുകമ്പനികളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിരിക്കുന്നത്. രാജ്യമാകെ അടച്ചിടൽ പ്രഖ്യാപിച്ചതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് മരുന്നെത്തിക്കുക ദുഷ്കരമായി. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ചിലയിടങ്ങളിൽ ജീവൻരക്ഷാമരുന്നുകൾക്ക് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. സാമ്പത്തികവർഷാവസാനമായതിനാൽ പ്രമുഖ കമ്പനികളെല്ലാം വിതരണം നിർത്തിവെച്ചിരുന്നു. ഇതും ഗോഡൗണുകളിൽ സ്റ്റോക്ക് കുറയാൻ കാരണമായിട്ടുണ്ട്. സാധാരണയായി ഒരുമാസം വരെ ഫാർമസികളിൽ സ്റ്റോക്കുണ്ടാകം. എന്നാൽ ലോക്ക്ഡൗൺ നീണ്ടുപോയാൽ അത് മരുന്നുക്ഷാമത്തിലേക്ക് നയിക്കാനിടയാക്കും. നിയന്ത്രണ ഭീതിയിൽ മരുന്നുകൾ സ്റ്റോക്ക് ചെയ്യുന്ന പ്രവണത ആളുകളിൽ വർധിക്കുന്നതായും സൂചനയുണ്ട്. കോവിഡ് നിയന്ത്രിക്കുന്നതിന് നഗരങ്ങളിലും ടൗണുകളിലും കൂടുതലാളുകൾ എത്താതിരിക്കാൻ അധികൃതർ ശ്രമിക്കുമ്പോഴും മെഡിക്കൽ ഷോപ്പുകളിൽ കച്ചവടം വർധിച്ചിട്ടുണ്ട്. മെഡിക്കൽ ഷോപ്പുകളിൽ എത്തുന്നവർ വലിയ തോതിലാണ് മരുന്നുകൾ വാങ്ങികൂട്ടുന്നതെന്ന് ഫാർമസി രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
ENGLISH SUMMARY: Chance for medicine shortage in the country
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.