ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കടല്‍ പ്രക്ഷുബ്ധമാകും

Web Desk
Posted on May 29, 2019, 10:39 pm

തിരുവനന്തപുരം: അടുത്ത രണ്ടുദിവസം കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.

പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ മഴയുടെ തോത് കൂടിയേക്കും. ഇതിനുപുറമെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിക്കും. അതേസമയം ഈ ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമുണ്ട്.

ലക്ഷദ്വീപിന് പടിഞ്ഞാറുള്ള തെക്ക്കിഴക്കന്‍ അറബിക്കടല്‍, മാലിദ്വീപിനടുത്തുള്ള സമുദ്ര പ്രദേശങ്ങള്‍, അതിനോട് ചേര്‍ന്ന് കിടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാവും കടല്‍ പ്രക്ഷുബ്ധമാവുക. ഈ ഭാഗങ്ങളില്‍ കാലാവസ്ഥ മോശമായിരിക്കുന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ ഈ ഭാഗങ്ങളില്‍ പോകരുതെന്ന കര്‍ശന നിര്‍ദ്ദേശമുണ്ട്.