
സംസ്കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റിലും സംഘ്പരിവാറുകാരെ തിരുകിക്കയറ്റാന്‍ ചാന്‍സലറായ രാജേന്ദ്ര അര്‍ലേക്കറുടെ നീക്കം. സര്‍വകലാശാല രാജ്ഭവനിലേക്ക് നിര്‍ദേശിച്ച പേരുകളെല്ലാം ഒഴിവാക്കിയാണ് ചാന്‍സലര്‍ പട്ടിക നല്‍കിയത്. ആര്‍എസ്എസ് സംഘടനയായ ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘ് അംഗങ്ങളായ ഡോ. ആര്‍ എസ് വിനീത് (അസിസ്റ്റന്റ് പ്രൊഫസര്‍, എന്‍എസ്എസ് ഹിന്ദു കോളജ്), ഡോ. സിന്ധു അന്തര്‍ജനം (അസോസിയേറ്റ് പ്രൊഫസര്‍, ആലപ്പുഴ എസ്ഡി കോളജ്), ആര്‍എസ്എസ് അനുഭാവികളായ ഡോ. എസ് ശ്രീകല ദേവി (റിട്ട. അസോസിയേറ്റ് പ്രൊഫസര്‍, നീറമണ്‍കര എന്‍എസ്എസ് കോളജ്), ഡോ. കെ ഉണ്ണികൃഷ്ണന്‍ (റിട്ട. പ്രിന്‍സിപ്പല്‍, തിരുവനന്തപുരം ഗവ. സംസ്കൃത കോളജ്) എന്നിവരെയാണ് സിന്‍ഡിക്കേറ്റിലേക്ക് നിയമിച്ചത്.
താല്‍ക്കാലിക വിസി പ്രൊഫ. കെ കെ ഗീതാകുമാരി അധ്യാപകരുമായി ചര്‍ച്ച ചെയ്ത് യോഗ്യരായവരുടെ പേരുകള്‍ തീരുമാനിച്ച് ചാന്‍സലര്‍ക്ക് കൈമാറിയിരുന്നു. ഇതെല്ലാം ഒഴിവാക്കിയാണ് ചാന്‍സലറുടെ നടപടി. നേരത്തെ, ചാന്‍സലറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വകലാശാലയുടെയും കാലിക്കറ്റ് സര്‍വകലാശാലയുടെയും സിന്‍ഡിക്കേറ്റുകളിലേക്ക് സംഘ്പരിവാര്‍ നോമിനികളെ നിയമിച്ചതിന് സമാനമായ നടപടിയാണ് ഇപ്പോള്‍ അര്‍ലേക്കറും സ്വീകരിച്ചത്.
അതിനിടെ, കുഫോസിലേക്ക് ഫാക്കല്‍റ്റി ഡീനിനെ നിയമിച്ചെന്ന് ഉത്തരവിറക്കി കുരുക്കിലായ രാജ്ഭവന്‍ തിരുത്തി പുതിയ ഉത്തരവിറക്കി. കുഫോസ് ഫാക്കല്‍റ്റി ഡീനായി ഗോവയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യോനോഗ്രഫി ചീഫ് സയന്റിസ്റ്റ് ഡോ. ബബന്‍ ഇങ്കോളിനെ നിയമിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഉത്തരവ്. ഡീന്‍ നിയമനത്തിനുള്ള സെലക്ഷന്‍ കമ്മിറ്റിയിലേക്ക് ചാന്‍സലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് സര്‍വകലാശാല നല്കിയ കത്തിന് മറുപടിയായാണ് ഡീനിനെ തന്നെ രാജ്ഭവന്‍ നിയമിച്ചത്. സര്‍വകലാശാല നിയമങ്ങളെ കുറിച്ച് വ്യക്തതയില്ലാത്ത പ്രവൃത്തികളാണ് തുടര്‍ച്ചയായി രാജ്ഭവന്‍ നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.