23 April 2024, Tuesday

‘ചണ്ഡാലഭിക്ഷുകി’ നൂറിന്റെ നിറവിൽ; ഫോട്ടോഷൂട്ട് ഒരുക്കി സിനിമാ പ്രവർത്തകർ

Janayugom Webdesk
കോഴിക്കോട്
December 28, 2022 9:21 pm

കുമാരാശാന്റെ ചണ്ഡാലഭിക്ഷുകിയെ ആസ്പദമാക്കി ഫോട്ടോ ഷൂട്ട് ഒരുക്കി സിനിമയുടെ താരങ്ങളും അണിയറ പ്രവർത്തകരും. ജിമേഷ് കൃഷ്ണന്റെ ആശയത്തിൽ സംവിധായകൻ നിധീഷ് പാലക്കലാണ് ചിത്രങ്ങൾ പകർത്തിയത്. കുമാരനാശാൻ രചിച്ച ചണ്ഡാലഭിക്ഷുകി നൂറിന്റെ നിറവിലാണ്. കേരളചരിത്രത്തോടും സമകാലിക സന്ദർഭത്തോടും ചേർത്തുവെച്ച ഒരു കാവ്യവും കവിയും വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ ചണ്ഡാലഭിക്ഷുകിയെ ആസ്പദമാക്കി ഒരുക്കിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമാവുകയാണ്.

സഞ്ചന പ്രൊഡക്ഷൻസിന്റെ ബാനറിൽ അജിത് അഴീക്കൽ തിരക്കഥയെഴുതി സത്യൻ എൻ കെ നിർമ്മിച്ച് നവാഗതനായ നിധീഷ് പാലക്കൽ സംവിധാനം ചെയ്യുന്ന ലഹരിക്കടിമപ്പെട്ടു പോകുന്ന പുതിയ തലമുറയുടെ കഥ പറയുന്ന ‘മയക്കം’ സിനിമാ സെറ്റിലാണ് വിത്യസ്തമാർന്ന ഫോട്ടോഷൂട്ട് നടന്നത്. ‘ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവുവരണ്ടഹോ! ’
എന്ന ബുദ്ധഭിക്ഷുവിന്റെ മറുപടിയിലൂടെ അയിത്തത്തിനെതിരെ ബോധവൽക്കരിച്ച കാവ്യം വർഷങ്ങൾക്കിപ്പുറവും വായിക്കപ്പെടുമ്പോൾ ഈ കാലഘട്ടത്തിലും ജാതിബോധത്തിൽനിന്ന് പുറത്തുകടക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.

കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി പുനർവായനയ്ക്ക് വിധേയമാക്കുകയെന്ന ദൗത്യമാണ് ഈ ഫോട്ടോ ഷൂട്ടിലുടെ നിർവ്വഹിക്കുന്നതെന്ന് സംവിധായകൻ നിധീഷ് പാലക്കൽ പറഞ്ഞു. ബുദ്ധഭിക്ഷു ആനന്ദനായി സിനിമാതാരം രാജൻ പാടൂരും, മാതംഗിയായി ഐശ്വര്യ ഷിബിനുമാണ് വേഷമിട്ടത്. അമേയ ജിനീഷ്, വിസ്മയ സുമേഷ്, ഉണ്ണികൃഷ്ണൻ കെ കിലാലൂർ, ടി എസ്സ് ബാബു മാങ്കാവ് തുടങ്ങിയവരും ഫോട്ടോഷൂട്ടിൽ പങ്കാളികളായി. പഴയ കാല പശ്ചാത്തലത്തിൽ ചിത്രീകരിച്ചത് കുറ്റിക്കാട്ടുരിലാണ്. 1922 ലാണ് കുമാരനാശാൻ ചണ്ഡാലഭിക്ഷുകി രചിച്ചത്.

Eng­lish Summary;‘Chandalabhikshuki’ turns 100; The film­mak­ers pre­pared a pho­to shoot
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.