പ്രളയംകടന്ന് തലയുയര്‍ത്തി ചേന്ദമംഗലം കൈത്തറി

Web Desk
Posted on July 18, 2019, 8:09 pm

കൊച്ചി: സ്വാതന്ത്ര്യ ദിന തലേന്നുതുടങ്ങിയ മഴ പഴമക്കാര്‍ പറഞ്ഞറിഞ്ഞ പ്രളയമാണെന്ന തിരിച്ചറിവുണ്ടാകുമ്പോളേക്കും എല്ലാം തൂത്തെറിഞ്ഞു വെള്ളം കടന്നുപോയി .ദേശങ്ങള്‍ കടന്ന് വര്‍ണ്ണാവസന്തം തീര്‍ത്തചേന്ദമംഗലത്തെ തറികള്‍ ചെളികൊണ്ട് നിറഞ്ഞപ്പോള്‍ ഇരുള്‍മൂടിയത് നൂറുകണക്കിന് ആളുകളുടെ ഭാവികൂടിയാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയം എറണാകുളം ജില്ലയിലെ ഒന്‍പത് കൈത്തറി സഹകരണ സംഘങ്ങളിലും ചേന്ദമംഗലം യാണ്‍ ബാങ്ക്, ഖാദി മേഖല എന്നിവിടങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍ക്ക് കാരണമായി. കൈത്തറി മേഖലയിലെ 250ലേറെ തറികള്‍ക്ക് നാശനഷ്ടം സംഭവിച്ചു.

സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, നൂല്‍ അടക്കമുള്ള അസംസ്‌കൃത വസ്തുക്കള്‍, ഡൈ ഹൗസ്, വര്‍ക്ക് ഷെഡ്, ഫര്‍ണീച്ചറുകള്‍ എന്നിവയ്‌ക്കെല്ലാം നാശനഷ്ടമുണ്ടായി. ഇക്കാരണങ്ങളാല്‍ തന്നെ നാലര മാസത്തോളമാണ് കൈത്തറി മേഖലയില്‍ തൊഴില്‍ സ്തംഭനം ഉണ്ടായത്. മുന്നൂറോളം നെയ്ത്തുകാര്‍ക്കും ഇരുപത്തിയഞ്ചോളം അനുബന്ധ തൊഴിലാളികള്‍ക്കും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങള്‍ക്കും വലിയ സാമ്പത്തിക പ്രതിസന്ധി ഇതോടെ നേരിടേണ്ടി വന്നു. മേഖലയുടെ പുനരുദ്ധാരണം ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കി.

കൈവിട്ടു പോകും എന്ന് കരുതിയ കൈത്തറി മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സമയോചിതമായ ഇടപെടലുകളെ തുടര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി നടപ്പാക്കി. ജില്ലാ കളക്ടര്‍ ആയിരുന്ന മുഹമ്മദ് വൈ സഫിറുള്ള ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുമായി നിരന്തരം ബന്ധപ്പെട്ട് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

2.84 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് കൈത്തറി സംഘങ്ങള്‍ക്ക് ഉണ്ടായത്. എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലെ സംഘങ്ങള്‍ക്ക് ആവശ്യമായ നൂല്‍ വിതരണം ചെയ്യുന്ന ചേന്ദമംഗലം യാണ്‍ ബാങ്കില്‍ സൂക്ഷിച്ചിരുന്ന 31.21 ലക്ഷം രൂപയുടെ നൂല്‍ വെള്ളം കയറി നശിച്ചു. വിവിധ എന്‍ജിഒകളും ധനസഹായവുമായെത്തി. ഇത്തരത്തിലുള്ള സഹായങ്ങള്‍ ലഭിച്ചതോടെ കേടുപാടുകള്‍ സംഭവിച്ച എല്ലാ തറികളുടേയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ പുതിയ 14 തറികളും സംഘങ്ങള്‍ക്ക് ലഭിച്ചു.

പ്രളയത്തില്‍ തകര്‍ന്ന ഈ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ചേന്ദമംഗലത്ത് ജില്ലയിലെ എല്ലാ കൈത്തറി സംഘങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ഒരു കോമണ്‍ ഫെസിലിറ്റി സെന്റര്‍ (സി.എഫ്.സി) സ്ഥാപിക്കുന്നതിന് തീരുമാനിക്കുകയും സര്‍ക്കാര്‍ അംഗീകാരവും ലഭിച്ചിട്ടുള്ളതാണ്. 2.35 കോടി രൂപ ചെലവില്‍ യാണ്‍ ബാങ്ക്, ഡൈയിംഗ് യൂണിറ്റ്, െ്രെഡയിംഗ് ബ്ലോക്ക് എന്നീ സൗകര്യങ്ങളോടെയാണ് നിര്‍ദ്ദിഷ്ട കോമണ്‍ ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ചേന്ദമംഗലം യാണ്‍ ബാങ്കിന് സ്വന്തമായുള്ള ഭൂമിയില്‍ നിന്ന് 30 സെന്റ് സ്ഥലം 15 വര്‍ഷേേത്തക്ക് ലീസിന് വിട്ടുനല്‍കാനുള്ള സമ്മതപത്രവും കൈമാറി. നടപ്പ് സാമ്പത്തിക വര്‍ഷം ഈ പദ്ധതിയിലേക്ക് സര്‍ക്കാര്‍ 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

യാണ്‍ ബാങ്ക് സ്ഥലത്ത് സ്ഥാപിക്കുന്ന സി.എഫ്.സിയിലേക്ക് പ്രവേശിക്കാന്‍ നിലവില്‍ സൗകര്യപ്രദമായ വഴിക്കുള്ള സ്ഥലം ലഭ്യമല്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി സമീപ പ്രദേശത്തെ സ്ഥലം ഉടമകളോട് ചര്‍ച്ചകള്‍ നടത്തുകയും ഭൂരിപക്ഷം പേരും സ്ഥലം വിട്ടുനല്‍കാന്‍ സമ്മതമാണെന്ന് അറിയിക്കുകയും ചെയ്തു. ഇതിനായുള്ള ചര്‍ച്ചകള്‍ തുടര്‍ന്നു വരികയാണ്.

*അതിജീവിച്ച് ഖാദിയും:*

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ എറണാകുളം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴില്‍ 19 സ്പിന്നിങ് യൂണിറ്റുകള്‍, ഏഴ് വീവിംഗ് യൂണിറ്റുകള്‍, ഒരു ഖാദി ഗ്രാമ സൗഭാഗ്യ, രണ്ട് ഖാദി സൗഭാഗ്യ, മൂന്ന് ഗ്രാമ സൗഭാഗ്യ എന്നിവയാണ് ഉള്ളത്. ഖാദി ഉല്‍പാദന കേന്ദ്രങ്ങളില്‍ 370 തൊഴിലാളികളാണ് ജോലി ചെയ്തു വരുന്നത്. പ്രളയത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കരിമ്പാടം, മുറവന്‍തുരുത്ത്, പാലിയംതുരുത്ത്, കരുമാലൂര്‍ (സ്ട്രീറ്റ് വീവിംഗ്) എന്നീ ഖാദി ഉല്‍പാദന കേന്ദ്രങ്ങളില്‍ വെള്ളം കയറി. മൂവാറ്റുപുഴ ഖാദി സൗഭാഗ്യ, മലയാറ്റൂര്‍ ഗൂര്‍ഖണ്ഡസാരി വ്യവസായ സഹകരണ സംഘം, ഖാദി സ്ഥാപനങ്ങളായ കേരള ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ഫെഡറേഷന്‍, ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം എന്നിവിടങ്ങളിലെ ഉല്‍പ്പന്നങ്ങളും സാധന സാമഗ്രികളും വെള്ളം കയറി നശിച്ചു. ഖാദി മേഖലയിലുണ്ടായ ആകെ നഷ്ടം 2.58 കോടി രൂപയാണ്.

ഖാദി മേഖലയിലെ ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിന്റെ നാശമുണ്ടായ ചര്‍ക്കകള്‍ക്കും തറികള്‍ക്കും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പൂര്‍ണമായും നശിച്ച ചര്‍ക്കകള്‍ക്ക് പകരം പുതിയത് വാങ്ങുന്നതിനുമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 21,11,000 രൂപ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ചു. പൂര്‍ണമായും തകര്‍ന്ന 54 ചര്‍ക്കകള്‍ക്കും ഒന്‍പത് തറികള്‍ക്കും പകരം പുതിയവ നിര്‍മ്മിച്ചു. കേടുവന്ന 107 ചര്‍ക്കകളും 49 തറികളും അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തന ക്ഷമമാക്കി. കൂടാതെ ഈ സ്ഥാപനത്തിന് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിന് പ്രവര്‍ത്തന മൂലധനമായി 6,80,000 രൂപ ധനസഹായം ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും നല്‍കിയിട്ടുണ്ട്.

പ്രളയത്തില്‍ കേടുവന്ന കൈത്തറി സംഘം