Wednesday
18 Sep 2019

ദളിത് ക്ഷേത്രം തകര്‍ത്തതില്‍ പ്രക്ഷോഭം ശക്തം; ഡല്‍ഹിയില്‍ ഭീം ആര്‍മി നേതാവ് അറസ്റ്റില്‍

By: Web Desk | Thursday 22 August 2019 12:23 PM IST


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രവിദാസ് മന്ദിര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ദളിതര്‍ തുടരുന്ന പ്രക്ഷോഭം അക്രമാസക്തമാകുന്നു. പ്രതിഷേധങ്ങള്‍ക്കിടെ നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ക്ക് തീയിടുകയും ചെയ്തതു. ആക്രമണത്തില്‍ 15 പൊലീസുകാര്‍ക്ക് പരുക്കേറ്റതായും പറയുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കം 91 പേരെ അറസ്റ്റുചെയ്തു.
അഞ്ച് നൂറ്റാണ്ടിലധികമായി ദളിതര്‍ ആരാധിച്ചുവന്നിരുന്ന രവിദാസ് മന്ദിര്‍, കോടതി വിധിയെ തുടര്‍ന്ന് ഡല്‍ഹി വികസന അതോറിറ്റിയാണ് തകര്‍ത്തത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഓഗസ്റ്റ് 10നായിരുന്നു സംഭവം. ഇതില്‍ പ്രതിഷേധിച്ചാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ദളിതര്‍ തെരുവിലിറങ്ങാന്‍ തുടങ്ങിയത്.

ആസാദിനെ രാത്രി തന്നെ ചോദ്യം ചെയ്തെന്നാണ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ചിന്മൊയി ബിസ്വാല്‍ പറയുന്നത്. അറസ്റ്റിലായവര്‍ക്കെതിരെ ലഹളയുണ്ടാക്കിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തിട്ടുള്ളതെന്നും ബിസ്വാല്‍ അറിയിച്ചു. അതേസമയം അറസ്റ്റിലായവരില്‍ ഒരാളുടെ പക്കല്‍ പിസ്റ്റള്‍ ഉണ്ടായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ലൈസന്‍സുള്ള തോക്കാണ് അതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. അതേക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ലൈസന്‍സുമായി ബന്ധപ്പെട്ട എന്തെങ്കിലും നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
നീലത്തൊപ്പി ധരിച്ചും പതാക ഉയര്‍ത്തിയുമായിരുന്നു പ്രതിഷേധക്കാര്‍ ഝന്തേവാലനിലെ അംബേദ്കര്‍ ഭവനില്‍ നിന്നും രാംലീല മൈതാനത്തേക്ക് നടന്നു തുടങ്ങിയത്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ ജയ് ഭീം വിളിച്ചായിരുന്നു മുന്നേറ്റം. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ദളിതര്‍ക്ക് കൈമാറണമെന്നും ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്നുമാണ് ആവശ്യം. ക്ഷേത്ര പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് രാംലീല മൈതാനത്ത് അനിശ്ചിതകാല സത്യാഗ്രഹസമരവും ആരംഭിച്ചു. രവിദാസ് ക്ഷേത്രം തകര്‍ത്തതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 13ന് പഞ്ചാബില്‍ ദളിതര്‍ സമാനമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

ഡല്‍ഹിയിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാജേന്ദ്ര പാല്‍ ഗൗതമും ദളിത് സമുദായത്തില്‍ നിന്നുള്ള ആത്മീയ നേതാക്കളും പ്രക്ഷോഭത്തില്‍ അണിചേര്‍ന്നിരുന്നു. സുപ്രീം കോടതി ഉത്തരവിനെതിരെയല്ല മറിച്ച് ദളിത് സമുദായത്തോട് കാട്ടിയ അനീതിയ്ക്കെതിരെയാണ് ഈ പോരാട്ടമെന്നാണ് ഗൗതം പറയുന്നത്. ദളിത് സമുദായത്തിന്റെ ഒരു പ്രതിനിധിയെന്ന നിലയിലാണ് താന്‍ പ്രക്ഷോഭത്തില്‍ അണിനിരക്കുന്നത്. മന്ത്രിയെന്ന നിലയിലോ രാഷ്ട്രീക്കാരന്‍ എന്ന നിലയിലോ അല്ല. തങ്ങള്‍ സുപ്രീം കോടതി ഉത്തരവിനെ ആദരിക്കുന്നു. പക്ഷേ എന്തുകൊണ്ടാണ് രാജ്യമെമ്പാടുമുള്ള ദളിത് സമുദായത്തിന്റെ ക്ഷേത്രങ്ങളും അംബേദ്കറുടെ പ്രതിമകളും നശിപ്പിക്കപ്പെടുന്നതെന്നതിന് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം ആവശ്യപ്പെട്ടു.

Related News