ചന്ദ്രബാബു നായിഡുവിന് വീട് ഒഴിയാന്‍ സര്‍ക്കാര്‍ നോട്ടീസ്;പൊളിക്കാന്‍ തന്നെ നീക്കം

Web Desk
Posted on June 28, 2019, 2:05 pm

ഹൈദരാബാദ് : മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് വീട് ഒഴിയാന്‍ സര്‍ക്കാര്‍ നോട്ടീസ്. പദവിനഷ്ടമായിട്ടും ഔദ്യോഗിക വസതി ഒഴിഞ്ഞില്ലെന്നാണ് ആക്ഷേപം. മാത്രമല്ല കൃഷ്ണാനദീയില്‍നിന്നും നൂറുമീറ്റര്‍ മാത്രം ദൂരത്തുള്ള കെട്ടിടം പൊളിക്കാന്‍ തന്നെയാണ് നീക്കം.

എട്ടുകോടി രൂപ ചിലവഴിച്ച് പണിത പ്രജാവേദിക എന്ന കെട്ടിടം പൊളിച്ചതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡുവിന്റെ സ്വകാര്യ വസതിയും പൊളിക്കാന്‍ ജഗന്റെ സര്‍ക്കാരിന്റെ നീക്കം. അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയാല്‍ നായിഡുവിന്റെ ഈ വീടും പൊളിച്ചുനീക്കുമെന്ന് വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ വിജയസായ് റെഡ്ഡി പറഞ്ഞു.

എയര്‍ കോസ്റ്റ ഉടമയായിരുന്ന ലിംഗമനേനിയില്‍നിന്നും ലീസിനെടുത്ത കെട്ടിടത്തിലാണ് നിലവില്‍ ചന്ദ്രബാബു നായിഡു താമസിക്കുന്നത്. എന്നാല്‍ ഈ വീട് നിര്‍മിച്ചിരിക്കുന്നതും നിയമങ്ങള്‍ ലംഘിച്ചാണെന്നാണ് പുതിയ ആരോപണം. നിര്‍മാണം അനധികൃതമാണെന്ന് കണ്ടെത്തിയാല്‍ പൊളിച്ചുനീക്കല്‍ അല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. അതേസമയം, നായിഡുവിന്റെ വസതി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതായതിനാല്‍ നടപടികള്‍ എളുപ്പമാകില്ലെന്നാണ് സൂചന. ഈ കെട്ടിടത്തിനെ ചൊല്ലി കോടതിയില്‍ കേസ് നിലവിലുള്ളതും നടപടികള്‍ക്ക് തടസമാകും.
പ്രജാവേദിക പൊളിച്ചുനീക്കിയതിന് പിന്നില്‍ രാഷ്ട്രീയവൈരാഗ്യമാണെന്നാണ് ടി.ഡി.പി. നേതാക്കള്‍ ആരോപിച്ചത്.  കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഉത്തരവിനെ തുടര്‍ന്ന് പ്രജാവേദിക പൂര്‍ണമായും പൊളിച്ചുനീക്കിയത്.

ചന്ദ്രബാബുനായിഡുവിന്‍റെ തിരഞ്ഞെടുപ്പു പരാജയത്തെതുടര്‍ന്ന് വൈഎസ്എസ്ആര്‍ കോണ്‍ഗ്രസ് ഭരണമേറ്റശേഷം നായിഡുവിന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷ പിന്‍വലിച്ചിരുന്നു.