നായിഡുവിന്‍റെ കൃഷ്ണ നദീ തീരത്തുള്ള ബംഗ്ലാവും പൊളിക്കുന്നു

Web Desk
Posted on June 27, 2019, 9:47 pm

അമരാവതി: കോണ്‍ഫറന്‍സ് ഹാളിന് പിന്നാലെ ആന്ധ്ര മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കൃഷ്ണ നദീ തീരത്തുള്ള ബംഗ്ലാവ് പൊളിച്ചുനീക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍.
നായിഡുവിന്റെ വസതിക്ക് സമീപത്തായി എട്ട് കോടി രൂപ ചെലവഴിച്ച് അദ്ദേഹം പണികഴിപ്പിച്ച ‘പ്രജാ വേദിക’എന്ന പേരിലുള്ള കോണ്‍ഫറന്‍സ് ഹാള്‍ പൊളിച്ചുമാറ്റിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം.

കൃഷ്ണ നദിയോട് ചേര്‍ന്ന് പ്രജാ വേദികയ്ക്ക് സമീപത്തായുള്ള ചന്ദ്രബാബു നായിഡുവിന്റെ വസതി പൊളിച്ചുനീക്കാന്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നായിഡുവിന്റെ ബംഗ്ലാവായ ലിംഗമാനേനി ഗസ്റ്റ് ഹൗസാണ് പൊളിച്ചു നീക്കുന്നത്. ഗുണ്ടൂര്‍ ജില്ലയിലെ കൃഷ്ണ നദീ തീരത്താണ് ബംഗ്ലാവ്. നദീസംരക്ഷണ നിയമം ലംഘിച്ചുകൊണ്ടാണ് ബംഗ്ലാവ് പണിതതെന്നും കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിച്ചപ്പോഴുണ്ടായ എല്ലാ ലംഘനവും ഇവിടേയും സംഭവിച്ചിട്ടുണ്ടെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.

സര്‍ക്കാരില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ നിയമലംഘനം നടത്തിയത് തുടര്‍ന്നുപോകാന്‍ കഴിയില്ലെന്നതുകൊണ്ടാണ് കോണ്‍ഫറന്‍സ് ഹാള്‍ പൊളിച്ചുമാറ്റിയതെന്നും ഹരിത ട്രൈബ്യൂണലിന്റേയും നദീതടസംരക്ഷണ ആക്ടും ലംഘിച്ചുകൊണ്ടാണ് പണിതതെന്ന് വ്യക്തമാകുകയും ചെയ്തസാഹചര്യത്തിലായിരുന്നു നടപടിയെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പ്രതികരിച്ചു.

നായിഡുവിന്റെ വസതിയടക്കം പൊളിച്ചുമാറ്റുന്നതുവരെ തനിക്ക് വിശ്രമമില്ലെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ രാമകൃഷ്ണ റെഡ്ഡി പറഞ്ഞിരുന്നു. കൃഷ്ണനദീതീരത്തുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷമായി നിയമപോരാട്ടം നടത്തുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഇത്തരം അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കുന്നത് വരെ താന്‍ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

‘അനുമതിയില്ലാതെ ആര് കെട്ടിടം പണിതാലും ഏത് സാധാരണക്കാരന്‍ പണിതാലും പൊളിച്ചുമാറ്റും. നിയമത്തെ ബഹുമാനിക്കുന്ന ഒരു സര്‍ക്കാരാണ് ഞങ്ങളുടേത്. എല്ലാ നിയമങ്ങളും പാലിക്കുക തന്നെ ചെയ്യും’ എന്നായിരുന്നു കോണ്‍ഫറന്‍സ് ഹാള്‍ പൊളിച്ചുമാറ്റുന്നതിന് മുന്‍പ് കളക്ട്രേറ്റില്‍ നടന്ന കോണ്‍ഫറന്‍സില്‍ റെഡ്ഡി പറഞ്ഞത്.
എന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് ടിഡിപി ആരോപിച്ചു. കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചതിന് പിന്നാലെ ചന്ദ്രബാബു നായിഡുവിന്റേതായി അവിടെയുണ്ടായിരുന്ന നിരവധി വസ്തുക്കള്‍ അവര്‍ നശിപ്പിച്ചെന്നും യാതൊരു മനസാക്ഷിയും കാണിച്ചില്ലെന്നും ടിഡിപി കുറ്റപ്പെടുത്തി.

2016 മുതല്‍ കൃഷ്ണ നദീ തീരത്തുള്ള വസതിയിലാണ് ചന്ദ്രബാബു നായിഡു താമസിച്ചത്. ഹൈദരാബാദില്‍ നിന്നും അമരാവതിയിലേക്ക് ഭരണകേന്ദ്രം മാറ്റിയതിനെ തുടര്‍ന്നായിരുന്നു ഇത്. പാര്‍ട്ടി യോഗങ്ങളുള്‍പ്പെടെ ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു നായിഡു വസതിയും ഹാളും ഉപയോഗിച്ചിരുന്നത്. ആന്ധ്രാപ്രദേശ് കാപിറ്റല്‍ റീജിയന്‍ അതോറിറ്റിയായിരുന്നു ഹാള്‍ നിര്‍മ്മിച്ചുനല്‍കിയത്. ഔദ്യോഗിക കാര്യങ്ങള്‍ക്കായി തുടര്‍ന്നും ഓഫീസ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നായിഡു ജഗന്‍മോഹന്‍ റെഡ്ഡിയ്ക്ക് അടുത്തിടെ കത്തയച്ചിരുന്നു.

You May Also Like This: