ജയിൽ മോചിതനായ ചന്ദ്രശേഖർ ആസാദ് ഇന്ന് ഡൽഹി ജുമാമസ്ജിദിൽ

Web Desk

ന്യൂഡൽഹി

Posted on January 17, 2020, 10:23 am

ഇന്നലെ ജയിൽ മോചിതനായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഇന്ന് ജുമാമസ്ജിദിന് മുന്നിൽ എത്തും. രാവിലെ ഗവിദാസ് ക്ഷേത്രം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഉച്ചയോടെ ജുമാമസ്ജിദിൽ എത്തുക. ബുധനാഴ്ച ജാമ്യം ലഭിച്ച ആസാദ് ഇന്നലെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഡിസംബർ 21 ന് പഴയ ഡൽഹിയിലെ ദരിയാഗഞ്ചിൽവച്ച് പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയായിരുന്നു ആസാദിനെ അറസ്റ്റ് ചെയ്തത്.

ജുമാമസ്ജിദിന് മുന്നിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ആസാദിനെ അവിടെ വച്ച് അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് ശ്രമിച്ചുവെങ്കിലും പ്രതിഷേധം കാരണം നടന്നില്ല. തുടർന്ന് ദരിയാഗഞ്ചിലേയ്ക്ക് പോയ അദ്ദേഹത്തെ അവിടെ വച്ചാണ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.

പ്രസംഗിച്ചുകൊണ്ടുനില്ക്കുമ്പോൾ ആയിരുന്നില്ല, ഭരണഘടനയുടെ ആമുഖം വായിക്കുമ്പോഴാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തതെന്നും ജയിൽ മോചിതനായ ശേഷം ആസാദ് മാധ്യമങ്ങളോട് പറ‍ഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന വായിക്കുന്നത് ഒരു കുറ്റമാണോയെന്ന് ചോദിച്ച ആസാദ് കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾക്കു മുമ്പിൽ ഡൽഹി പൊലീസ് നിസഹായരാണെന്ന് കൂട്ടിച്ചേർത്തു. ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രതിഷേധിക്കുന്നത് കുറ്റമാണോയെന്നും ജുമാമസ്ജിദ് പാകിസ്ഥാനിലാണോയെന്നുമുള്ള ചോദ്യങ്ങൾ കോടതിയിൽ നിന്നുണ്ടായത്. ഉപാധികളോടെയാണ് ആസാദിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അടുത്ത നാല് ശനിയാഴ്ചകളിൽ സഹാറൻപൂരിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് ഉപാധികളിലൊന്ന്.

YOU MAY ALSO LIKE