Web Desk

ന്യൂഡല്‍ഹി

January 21, 2020, 6:50 pm

ജാമ്യ വ്യവസ്ഥയിൽ ഇളവ്: ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ പ്രവേശിക്കാം

Janayugom Online

ഭീം ആര്‍മി നേതാവ്​ ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവ്​ നല്‍കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന്​ അറസ്​റ്റിലായ അദ്ദേഹത്തിന്​ കര്‍ശന ഉപാധികളോടെ നേരത്തേ കോടതി ജാമ്യം നല്‍കിയിരുന്നു. നാല്​ ആഴ്​ച ഡല്‍ഹി സന്ദര്‍ശിക്കരുതെന്ന വ്യവസ്ഥയിലാണ്​ ഡല്‍ഹിയിലെ തീസ്​ ഹസാര്‍ കോടതി ഇളവ്​ നല്‍കിയത്​. ഡി.സി.പിയെ മുന്‍കൂട്ടി അറിയിച്ച ശേഷം ആസാദിന്​ ഡല്‍ഹി സന്ദര്‍ശിക്കാമെന്ന്​ കോടതി വ്യക്തമാക്കി.

ഡി.സി.പിയെ ഫോണ്‍ വഴി അറിയിക്കാം. എന്നാല്‍ ഡല്‍ഹിയിലോ സഹ്​രാന്‍പൂരിലോ അല്ല ഉള്ളതെങ്കില്‍ ഇ‑മെയില്‍ വഴി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ഡൽഹി ജുമാ മസ്ജിദിൽ പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്തതിനു പിന്നാലെയാണ് ആസാദിനെ ഡിസംബർ 21ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണു ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളിൽ ഇളവ് അനുവദിക്കണമെന്നു ശനിയാഴ്ച ആസാദിന്റെ അഭിഭാഷകൻ കോടതിയിൽ അഭ്യർഥിച്ചു. ചില വ്യവസ്ഥകൾ മൗലികാവകാശങ്ങളുടെ ലംഘനമാണ്.

തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനും എയിംസിൽ ചികിത്സ തേടാനും ഇടയ്ക്കിടെ കോടതിയുടെ അനുവാദം ചോദിക്കേണ്ടി വരുമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ചന്ദ്രശേഖര്‍ ആസാദ്​ ഗുരുതരമായ കുറ്റം ചെയ്​തിട്ടില്ലെന്ന്​ സര്‍ക്കാര്‍ വ്യക്തമാക്കി. ​ആസാദിനെതിരെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങള്‍ക്ക്​ തെളിവ്​ ലഭിച്ചിട്ടില്ലെന്ന്​ ഡല്‍ഹി പൊലീസും അറിയിച്ചു. ശനിയാഴ്​ചകളില്‍ പൊലീസിന്​ മുമ്പില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലും കോടതി ഇളവ്​ നല്‍കിയിട്ടുണ്ട്​.

Eng­lish sum­ma­ry: Chan­drashekhar azads bail mod­i­fied by court allow him to vis­it delhi

You may also like this video