ആ കാഴ്ചശക്തി മറയരുത്

Web Desk
Posted on July 21, 2019, 10:04 pm

ഇന്ത്യന്‍ ശാസ്ത്രത്തിന്റെ കണ്ണുകള്‍ ലോകത്തിന് അത്ഭുതമാണ്. ചന്ദ്രനിലേക്കുള്ള അടുത്ത ദൗത്യത്തിന് പിന്നെയും ഇന്ത്യ അക്കമെണ്ണിത്തുടങ്ങിയപ്പോഴും ലോകം നോക്കുന്നത് ആ കണ്ണുകളിലേക്കാണ്. ഒരിക്കല്‍ കീഴോട്ടെണ്ണിത്തുടങ്ങിയ അക്കങ്ങള്‍ പൂജ്യത്തിലെത്തും മുമ്പേ തകരാറുകള്‍ കണ്ടെത്തിയ അതേ കണ്ണുകളിലേക്ക്. ആ കാഴ്ചകള്‍ മറയരുതെന്നാണ് ഇന്ത്യക്കാര്‍ക്കൊപ്പം ശാസ്ത്രലോകം ഒന്നടങ്കം ആഗ്രഹിക്കുന്നത്. ഇന്ത്യ ഇനിയുമിനിയും ചരിത്രം രചിക്കണം.

പ്രത്യാശകള്‍ക്കിടെയാണ് അന്ന് പാതിയില്‍ ദൗത്യം നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്. ജനയുഗം ഉള്‍പ്പെടെ മാധ്യമങ്ങളെല്ലാം പ്രതീക്ഷിച്ചതും അച്ചുനിരത്തിയതും ചന്ദ്രയാന്‍ ‑രണ്ട് കുതിക്കുമെന്നാണ്. വിക്ഷേപണത്തറയില്‍ നിന്നുയരാതെ സാങ്കേതിക തകരാറില്‍ ചന്ദ്രയാന്‍ സങ്കടം തൂകിയത് ഒരാഴ്ച മുമ്പാണ്. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്‌സല്‍ കഴിഞ്ഞ രാത്രി പൂര്‍ത്തിയായി. കുതിക്കുന്നതിനുമുമ്പുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൗണും തുടങ്ങിക്കഴിഞ്ഞു.

കൗണ്ട് ഡൗണ്‍ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങി. ദ്രവ ഇന്ധനഘട്ടമായ എല്‍ 110 ലും ഖര ഇന്ധന ഘട്ടമായ സ്ട്രാപ്പോണുകളിലും ആണ് ആദ്യം ഇന്ധനം നിറയ്ക്കുന്നത്. കൗണ്ട് ഡൗണിന്റെ അവസാന മണിക്കൂറിലാണ് മൂന്നാം ഘട്ടമായ ക്രയോജനിക് സ്‌റ്റേജിലേക്കുള്ള ഇന്ധനം നിറയ്ക്കുന്നത്. ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്‌സിജനുമാണ് ഈ ഘട്ടത്തില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ ഇന്ധനം നിറച്ചതിന് പിന്നാലെയാണ് ജൂലൈ 15ന് അര്‍ധരാത്രിയില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു.

രണ്ട് മണിക്കൂറും 24 സെക്കന്റും ബാക്കി നില്‍ക്കെയാണ് കൗണ്ട് ഡൗണ്‍ അന്ന് നിര്‍ത്തിയത്. കൗണ്ട് ഡൗണ്‍ നിര്‍ത്തിയതിന് പിന്നാലെ തന്നെ പരിശോധന തുടങ്ങി പ്രശ്‌നം കണ്ടെത്താന്‍ കഴിഞ്ഞു. ചോര്‍ച്ച ഗുരുതരമായിരുന്നെങ്കില്‍ റോക്കറ്റ് ലോഞ്ച് പാഡില്‍ നിന്ന് നീക്കി പരിശോധിക്കേണ്ടി വരുമായിരുന്നുവെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞത്. റോക്കറ്റിന്റെ വിവിധ ഘട്ടങ്ങള്‍ അഴിച്ചു നടത്തുന്ന പരിശോധന വിക്ഷേപണം വീണ്ടും വൈകാനും കാരണമാകുമായിരുന്നു. ഈ മാസം തന്നെ വിക്ഷേപണം നടത്താനുള്ള വീറും വാശിയും ഐഎസ്ആര്‍ഒയിലെ ശാസ്ത്രകാരന്മാരിലുണ്ടായി. ഈ മാസം വിക്ഷേപണം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ചന്ദ്രയാന്‍ രണ്ട് പദ്ധതി അനന്തമായി വൈകുമെന്നതായിരുന്നു അവരുടെ മുന്നിലെ വലിയ വെല്ലുവിളി.

ദ്രുതഗതിയില്‍ പിഴവുകളെല്ലാം തീര്‍ക്കുന്നതിലായിരുന്നു ആ മഹാന്മാരുടെ ശ്രദ്ധ. ഇന്ധന തകരാര്‍ കണ്ടെത്തിയ ജിഎസ്എല്‍വി മാര്‍ക്ക് ത്രീയുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ ഇന്നലെ തുടങ്ങിയിരിക്കുന്നത്.
നേരത്തെ നിശ്ചയിച്ച രീതിയില്‍ സെപ്റ്റംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാണ് ഇസ്‌റൊയുടെ തീരുമാനം. ഇന്ധനം നിറയ്ക്കുന്നതിലെ സാങ്കേതിക തകരാര്‍ മൂലം വൈകിയ ഏഴ് ദിവസം പാഴാവില്ലെന്ന് സാരം. ചന്ദ്രനിലേക്കുള്ള പേടകത്തിന്റെ യാത്രാ പദ്ധതിയില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ഇസ്‌റൊ. 17 ദിവസം ഭൂമിയെ ചുറ്റിയശേഷം ചന്ദ്രനിലേക്കുള്ള പേടകം യാത്ര തിരിക്കും വിധമായിരുന്നു ആദ്യം തയ്യാറാക്കിവച്ച പ്രവര്‍ത്തന രീതി. ഇതെല്ലാം കൂടി 23 ദിവസമാക്കിയിരിക്കുകയാണിപ്പോള്‍. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയം അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം ഏഴ് ആക്കിയിരിക്കുന്നു. 28 ദിവസം വലം വച്ച ശേഷം ലാന്ററിനെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു ആദ്യ തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു.
43-ാം ദിവസമായിരിക്കും വിക്രം ലാന്ററും ഓര്‍ബിറ്ററും തമ്മില്‍ വേര്‍പ്പെടുക. നേരത്തെ ഇത് അന്‍പതാം ദിവസമെന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്. വളരെ കുറച്ച് സമയം കൊണ്ടാണ് ഇസ്‌റൊ ശാസ്ത്രജ്ഞര്‍ ഏറെ സങ്കീര്‍ണമായ ഈ കണക്കുകൂട്ടലുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. വലിയ മാറ്റമാണ് മുന്‍ പദ്ധതിയില്‍ നിന്ന് ഇന്ത്യന്‍ ശാസ്ത്രലോകവും ഐഎസ്ആര്‍ഒയും വരുത്തിയിരിക്കുന്നത്. ചന്ദ്രനിലേക്കുള്ള പേടകത്തിന്റെ യാത്രാക്രമം തന്നെ മാറ്റിമറിച്ചിരിക്കുകയാണിവര്‍.

ഇന്ത്യയുടെ ഈ ചലനങ്ങളെല്ലാം അത്യാവേശത്തോടെയാണ് ശാസ്ത്രലോകം മുഴുവന്‍ കണ്ണോടിക്കുന്നത്. ഇന്നലെ വൈകിട്ട് 6.43 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ തുടങ്ങിയ കൗണ്ട്ഡൗണ്‍ വാനിലേക്കുയരുന്ന പുതിയ പ്രതീക്ഷയുടെ നാഡീമിടിപ്പുകൂടിയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 2.43 ന് ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ട് കുതിച്ചുയരുമ്പോള്‍ ഭൂമിയില്‍ മനുഷ്യന്‍ ആനന്ദമാടും. ചന്ദ്രനിലെ രഹസ്യങ്ങളറിയാന്‍ കൊതിച്ച തലമുറകള്‍ ഒന്നിലേറെയാണ്. അറിയണം എല്ലാം ഇന്ത്യയുടെ ശാസ്ത്രമികവിലൂടെ. അത് നമ്മുടെ അഹങ്കാരമാകണം. അഭിമാനവും.