ഭൂമിയുമായി ബന്ധം വിടുന്നു; ചന്ദ്രയാന്‍ നാളെ ചാന്ദ്ര ഭ്രമണപഥത്തിലേക്ക്

ബംഗളുരു: ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ഐഎസ്ആര്‍ഒ പര്യവേഷണ വാഹനം ചന്ദ്രയാന്‍ 2ന്റെ യാത്ര ഓഗസ്റ്റ് 14ന് നടക്കും. ട്രാന്‍സ് ലൂണാര്‍ ഇന്ജക്ഷന് എന്ന പ്രവൃത്തിയാണ് നടത്തുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന് പറഞ്ഞു.
ഓഗസ്റ്റ് 14 ന് രാവിലെ ഏതാണ്ട് 3.30ഓടെയാണ് ഐഎസ്ആര്‍ഒ ഈ നിര്‍ണായകമായ പ്രവൃത്തി നടത്തുന്നത്. ഓഗസ്റ്റ് 20ന് ചന്ദ്രയാന്‍2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. സെപ്റ്റംബര്‍ ഏഴിന് വാഹനം ചന്ദ്രനില്‍ ഇറങ്ങും.
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണമാണ് ചന്ദ്രയാന്‍2. ജൂലൈ 22ന് ആണ് ചന്ദ്രയാന്‍ വിക്ഷേപിച്ചത്. ജൂലൈ 15ന് സാങ്കേതിക തകരാര്‍ കാരണം മാറ്റിവച്ച വിക്ഷേപണമാണ് ജൂലൈ 22ന് ഉച്ചയ്ക്ക് 2.43ന് നടത്തിയത്. ചന്ദ്രനെ വലംവയ്ക്കാനുളള ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ പോകുന്ന വിക്രം ലാന്‍ഡര്‍, ഉപരിതലത്തിലൂടെ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ തയ്യാറാക്കിയിട്ടുളള പ്രഗ്യാന്‍ റോവര്‍ എന്നീ മൂന്ന് ഘടകങ്ങളാണ് ചന്ദ്രയാന്‍2 ലുളളത്.