ചരിത്രം രചിക്കാന്‍ ചന്ദ്രയാന്‍ 2; അല്‍പ്പസമയത്തിനകം ചന്ദ്രന്റെ ഭ്രമണപഥത്തിലക്ക്‌

Web Desk
Posted on August 20, 2019, 8:22 am

ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍2 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിപ്പിക്കും. രാവിലെ 8.30നും 9:30നും ഇടയിലായിരിക്കും ഉപഗ്രഹം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുക. ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണതയേറിയ ഭാഗമാണ് ഇന്നു നടക്കുക. കാരണം പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗതിവേഗത്തില്‍ ഉപഗ്രഹം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു കടന്നാല്‍ ഉപഗ്രഹം തെറിച്ചുയര്‍ന്നു ബഹിരാകാശത്തു നഷ്ടപ്പെടും. ഗതിവേഗം മെല്ലെയായാല്‍ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം ഉപഗ്രഹത്തെ വലിച്ചെടുക്കും. ഇങ്ങനെ സംഭവിച്ചാല്‍ ചന്ദ്രയാന്‍ രണ്ട് ഉപരിതലത്തിന് ഇടിച്ചുതകരാനും സാധ്യതയുണ്ട്.

വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്കു ശേഷമാണ് ചന്ദ്രയാന്‍2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുക. ചന്ദ്രനില്‍നിന്ന് 118 കിലോമീറ്റര്‍ അടുത്ത ദൂരവും 18,078 കിലോമീറ്റര്‍ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലായിരിക്കും ചന്ദ്രയാന്‍2 പ്രവേശിക്കുക. ഇതിനുശേഷം അഞ്ചു തവണകളിലായി ഭ്രമണപഥം കുറച്ച് ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. സെപ്റ്റംബര്‍ ഒന്നു വരെയുള്ള ദിവസങ്ങളിലാണ് ഭ്രമണപഥം മാറ്റുക. സെപ്റ്റംബര്‍ ഒന്നിന് ചന്ദ്രനില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹം എത്തും.

സെപ്റ്റംബര്‍ രണ്ടിന് ലാന്‍ഡറും ഓര്‍ബിറ്ററും വേര്‍പെടും. സെപ്റ്റംബര്‍ ഏഴിനായിരിക്കും സോഫ്റ്റ് ലാന്‍ഡിംഗ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1:30നും 2.30നും ഇടയിലായിരിക്കും സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. ജൂലൈ 22നായിരുന്നു ചന്ദ്രയാന്‍2 പേടകം വിക്ഷേപിച്ചത്. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നേരത്തെ തീരുമാനിച്ചതിലും ഒരാഴ്ചയോളം വിക്ഷേപണം വൈകിയിരുന്നു.

you may also like this video