ചന്ദ്രയാന്‍ 2 ജൂലായില്‍ വിക്ഷേപിക്കും

Web Desk
Posted on May 23, 2019, 10:30 pm

ചെന്നൈ: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 ജൂലായില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍ റിസാറ്റ് 2 ബി വിക്ഷേപണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ ആറിന് ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിയുന്ന വിധത്തില്‍ ജൂലായ് ഒമ്പതിനും 16നും ഇടയില്‍ ചന്ദ്രയാന്‍ 2 വിക്ഷേപണം നടത്താനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ശ്രീഹരിക്കോട്ടയില്‍നിന്നായിരിക്കും വിക്ഷേപണം നടക്കുക.

ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് ഉപയോഗിച്ചാണ് ദൗത്യം. ജിഎസ്എല്‍വി ശ്രേണിയില്‍ നൂതനസാങ്കേതികത ഉപയോഗിച്ച് വികസിപ്പിച്ച റോക്കറ്റാണിത്. ചന്ദ്രയാന്‍ 2നുശേഷം കാര്‍ട്ടോസാറ്റ് 3 വിക്ഷേപണത്തിനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നതെന്നും ഉപഗ്രഹത്തിന്റെ അവസാനഘട്ടജോലികള്‍ ഏതാനുംമാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.

ചന്ദ്രയാന്‍2 ദൗത്യത്തിന് 800 കോടി രൂപയാണ് ചെലവുപ്രതീക്ഷിക്കുന്നത്. വിക്ഷേപണത്തിനുമാത്രം 200 കോടിയും ഉപഗ്രഹനിര്‍മ്മാണത്തിന് 600 കോടിയുമാണ് കണക്കാക്കുന്നത്. ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍, പര്യവേക്ഷണം നടത്തുന്ന റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍ 2. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവുംസങ്കീര്‍ണമായ ദൗത്യമായാണ് ചന്ദ്രയാന്‍ 2 കണക്കാക്കപ്പെടുന്നത്. ചന്ദ്രനിലെ ജലസാന്നിധ്യം, ടൈറ്റാനിയം, കാല്‍സ്യം, മഗ്‌നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം ഉള്‍പ്പെടെ നിരവധികാര്യങ്ങള്‍ കണ്ടെത്തിയത് ചന്ദ്രയാന്‍1 ദൗത്യത്തിലൂടെയായിരുന്നു. ചന്ദ്രയാന്‍ 2 ഇതിന്റെ തുടര്‍ച്ചയാണ്. 13 ഇന്ത്യന്‍നിര്‍മ്മിത പേലോഡുകളും അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ഒരു ഉപകരണവും ബഹിരാകാശത്തിലെത്തിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഏതൊക്കെ ഉപകരണങ്ങളുണ്ടാവുമെന്ന വിവരം ഐഎസ്ആര്‍ഒ പുറത്തുവിട്ടില്ല. 2008 ഒക്ടോബര്‍ 22നായിരുന്നു ചന്ദ്രയാന്‍1 വിക്ഷേപിച്ചത്.

YOU MAY ALSO LIKE THIS: