നിര്‍ണ്ണായക ഘട്ടം വിജയകരം ; വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു 

Web Desk
Posted on September 02, 2019, 1:54 pm

ബംഗളൂരു: നിര്‍ണ്ണായക ഘട്ടം പൂര്‍ത്തിയാക്കി ചന്ദ്രയാന്‍ രണ്ട്.  പേടകത്തിന്റെ ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും വേര്‍പെടുന്ന പ്രക്രിയയാണ് വിജയകരമായി നടപ്പാക്കിയത്.

ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററും ചന്ദ്രനില്‍ ഇറങ്ങുന്ന വിക്രം ലാന്‍ഡറും എന്ന രീതിയിലാണ് പേടകം വേര്‍പെട്ടത്. ഉച്ചയ്ക്ക്  1:15നാണ്   ഓര്‍ബിറ്ററും  ലാന്‍ഡറും രണ്ടായി വേര്‍പെട്ടത്.  വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിയശേഷം ലാന്‍ഡറില്‍ നിന്നും പ്രഗ്യാന്‍ എന്ന റോവര്‍
വേര്‍പെട്ട് ഉപരിതലത്തിലേക്കിറങ്ങി പര്യവേഷണം നടത്തും. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെയും പാറയുടെയും ഘടകങ്ങള്‍ സംബന്ധിച്ച പഠനമായിരിക്കും റോവര്‍ നടത്തുക. ഇതിനു മുന്നോടിയായുള്ള അവസാന ഘട്ട ഭ്രമണപഥം താഴ്‌സത്തല്‍ ഇന്നലെ വിജയകരമായി പൂര്‍ത്തിയായിരുന്നു

ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്ത ദൂരവും 127 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തില്‍ ഓര്‍ബിറ്റര്‍ തുടരും. ഓര്‍ബിറ്റര്‍ ഒരു വര്‍ഷത്തോളം ചന്ദ്രനെ വലംവയ്ക്കും .

വിക്രം ലാന്‍ഡര്‍ വീണ്ടും രണ്ട് തവണയായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തില്‍ നിന്നുള്ള അകലം കുറയ്ക്കും. സെപ്റ്റംബര്‍ മൂന്നിനും നാലിനുമായിരിക്കും ഈ രണ്ട് ഭ്രമണപഥ താഴ്ത്തലുകള്‍. വിക്രം വേര്‍പെട്ടതിന് ശേഷം ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററിലെ ഹൈ റെസലൂഷ്യന്‍ ക്യാമറ നിര്‍ദ്ദിഷ്ട ലാന്‍ഡിംഗ് സൈറ്റിന്റെ ചിത്രങ്ങളെടുക്കുകയും ഭൂമിയിലേക്ക് കൈമാറുകയും ചെയ്യും.

ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്തെ മാന്‍സിനസ് സി, സിംപ്ലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് വിക്രം ലാന്‍ഡര്‍ ഇറക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിട്ടിട്ടുള്ളത്. ഈ പ്രദേശത്തിന്റെ കൃത്യമായ മാപ്പ് തയ്യാറാക്കാന്‍ ഓഎച്ച്ആര്‍സി നല്‍കുന്ന ചിത്രങ്ങള്‍ ഉപയോഗിക്കും.

ശേഷം ലാന്‍ഡിംഗിനാവശ്യായ നിര്‍ദ്ദേശങ്ങള്‍ വിക്രം ലാന്‍ഡറിലേക്കയക്കും. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ദൗത്യം വിജയകരമായാല്‍ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ജൂലൈ 22 നാണ് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്.