രാജ്യം കാത്തിരിക്കുന്നു. ചരിത്രനിമിഷത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം

Web Desk
Posted on September 06, 2019, 11:13 am

ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍2 ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
ശനിയാഴ്ച പുലര്‍ച്ചെ 1.55 ഓടെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തും. വിക്രം ലാന്‍ഡര്‍ വിജയകരമായി ചന്ദ്രനില്‍ ഇറങ്ങുന്നതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകം ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.

പുലര്‍ച്ചെ 1.40 ന് ലാന്‍ഡര്‍ ചന്ദനില്‍ ലാന്‍ഡ് ചെയ്യാന്‍ തുടങ്ങുകയും 15 മിനിറ്റ് സമയം കൊണ്ട് ലാന്‍ഡിംഗ് പൂര്‍ത്തിയാ ക്കുകയും ചെയ്യും.ഐഎസ്ആര്‍എ ഏറ്റെടുത്ത ഏറ്റവും സങ്കീര്‍ണമായ ദൗത്യമാണ് ചന്ദ്രയാന്‍2 എന്ന് സ്‌പെസ് ചെയര്‍മാന്‍ കെ ശിവന്‍ പ്രതികരിച്ചു.

ചരിത്രപരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാസ ഗവേഷകരും ക്ഷണിക്കപ്പെട്ട വിദ്യാര്‍ത്ഥികളും പ്രമുഖരും എത്തും. മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ പോലും പരാജയപ്പെട്ട ദൗത്യമാണ് ഐഎസ്ആര്‍ഒ ഏറ്റെടുത്തിരിക്കുന്നത്.

വിക്രം ലാന്‍ഡര്‍ ഡി ഓര്‍ബിറ്റ് ചെയ്ത് അതിന്റെ അവസാന ഭ്രമണപഥത്തിലാണ് ചന്ദ്രനെ വലംവയ്ക്കുന്നത്. ചന്ദ്രോപരിതലത്തില്‍ നിന്നും 35 കിലോമീറ്റര്‍ അടുത്ത ദൂരവും 101 കിലോമീറ്റര്‍ അകന്ന ദൂരവുമായുള്ള ഓര്‍ബിറ്റിലാണ് ഇപ്പോള്‍ ലാന്‍ഡര്‍ ഭ്രമണം ചെയ്യുന്നത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്തെ മാന്‍സിനസ് സി, സിംപ്ലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് വിക്രം ലാന്‍ഡര്‍ ഇറക്കാന്‍ പദ്ധതിയിട്ടിട്ടുള്ളത്.