29 March 2024, Friday

ചന്ദ്രിക കള്ളപ്പണം; ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ക്ക് ഇഡിയുടെ നോട്ടിസ്

Janayugom Webdesk
കൊച്ചി
September 11, 2021 3:12 pm

ചന്ദ്രിക കള്ളപ്പണവുമായി ബന്ധപ്പെട്ട് ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ക്ക് ഇഡിയുടെ നോട്ടിസ്. ഈ മാസം 17ന് കൊച്ചിയിലെ ഇഡി ഓഫിസില്‍ മൊഴിയെടുക്കലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ മുഈന്‍ അലി തങ്ങളുടെ പക്കലുണ്ടെന്ന നിഗമനത്തിലാണ് ഇഡി. കൂടാതെ കേസില്‍ മുഈനലി തങ്ങളുടെ മൊഴി നിര്‍ണായകവുമാണ്.

ചന്ദ്രിക കള്ളപ്പണ വിവാദവുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിയെയും മുഈന്‍ അലി തങ്ങളെയും മൊഴി എടുക്കുന്നതിനായി ഇഡി വിളിപ്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 16-ാം തീയതി കുഞ്ഞാലിക്കുട്ടിയെയും 17ന് മുഈന്‍ അലിയെയും വിളിപ്പിച്ചിട്ടുണ്ടെന്നാണ് ജലീല്‍ പറഞ്ഞത്. ഇതിനാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്.

ഒന്‍പതാം തീയതി ഇഡി ഉദ്യോഗസ്ഥര്‍ക്ക് തെളിവുകള്‍ കൈമാറിയ ശേഷം ജലീല്‍ പ്രതികരിച്ചത് ഇങ്ങനെ:”വിഷയത്തില്‍ തന്റെ പക്കലുണ്ടായിരുന്ന എല്ലാ രേഖകളും ഇഡിക്ക് കൈമാറിയിട്ടുണ്ട്. വളരെ ഗൗരവായ കേസാണിത്. മുസ്ലീംലീഗിന്റെ ഓഫീസ് നിര്‍മ്മാണത്തിനെന്ന പേരില്‍ ചന്ദ്രികയുടെ അക്കൗണ്ടില്‍ നിന്ന് പണം നീക്കിവയക്കുകയും നാലര കോടിയോളം രൂപ കോഴിക്കോട് ജില്ലയിലെ മടവൂര്‍ വില്ലേജില്‍ ഭൂമിവാങ്ങുന്നതിനായി ചിലവാക്കുകയും ചെയ്തു. ഭൂമി നിര്‍മ്മാണത്തിന് സാധിക്കാത്ത കണ്ടല്‍കാടുകള്‍ നിറഞ്ഞ ചതുപ്പ് നിലമാണ് വാങ്ങിയിരിക്കുന്നത്. അതിനോട് അടുത്ത് രണ്ടേക്കര്‍ നല്ലഭൂമി തന്റെ മകന്‍ ആഷിഖിന്റെ പേരിലും പി കെ കുഞ്ഞാലിക്കുട്ടി വാങ്ങിയിട്ടുണ്ട്. അതിന്റെ പണവും ചന്ദ്രികയുടെ അക്കൗണ്ടില്‍ നിന്നാണ് പോയിട്ടുള്ളത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിച്ച രേഖകളാണ് ഇഡിക്ക് മുന്നില്‍ ഹാജരാക്കിയിരിക്കുന്നത്.”

പാലാരിവട്ടം പാലത്തിന്റെ അഴിമതി പണമായിരിക്കാം ഈ ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നതെന്ന് സംശയിക്കാവുന്നതാണെന്നും ജലീല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആരോപണത്തിന് വിധേയമായ ഇടപാടുകള്‍ നടന്ന ദിവസവും പാലാരിവട്ടം പാലത്തിന്റെ അഡ്വാന്‍സായി 8.2 കോടി കൈപ്പറ്റ തിയതികളും തമ്മില്‍ സാമ്യമുണ്ട്. അതിനാല്‍ ഈ അഴിമതി പണം തന്നെയായിരിക്കണം പി കെ കുഞ്ഞാലിക്കുട്ടിയുടെയും അന്നത്തെ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെയും നേതൃത്വത്തില്‍ ചന്ദ്രികയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
eng­lish summary;Chandrika black mon­ey case followup
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.