യു വിക്രമൻ

October 11, 2021, 5:56 am

കവികളുടെ കവി

Janayugom Online

മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 110-ാം ജന്മദിനമാണിന്ന്. 1087 കന്നിമാസം 24-ാം തീയതി (1911 ഒക്ടോബർ 11) ഇടപ്പള്ളിയിൽ ചങ്ങമ്പുഴ വീട്ടിൽ പാറുക്കുട്ടിഅമ്മയുടെ പ്രഥമ പുത്രനായാണ് കൃഷ്ണപിള്ളയുടെ ജനനം. മട്ടാഞ്ചേരിയിൽ തെക്കേടത്ത് വീട്ടിൽ നാരായണ മേനോനായിരുന്നു പിതാവ്.

നിർധനാവസ്ഥമൂലം ബാല്യകാല വിദ്യാഭ്യാസം പോലും വളരെ ക്ലേശപ്പെട്ടാണ് നിർവഹിച്ചത്. മൂന്നാംഫാറംവരെ ഇടപ്പള്ളിയിൽ തന്നെ അധ്യയനം നടത്തി. ആലുവായിലും എറണാകുളത്തും അധ്യയനം നടത്തി. ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. പ്രതിഭാശാലിയായ ചങ്ങമ്പുഴ ഒമ്പതാമത്തെ വയസുമുതൽ കവിത എഴുതാൻ തുടങ്ങി. ‘ബാഷ്പാഞ്ജലി’ എന്ന പ്രഥമ കവിതാ സമാഹാരത്തിലെ കവിതകളെല്ലാം ഇരുപതും ഇരുപത്തിഒന്നും വയസിനിടയിൽ രചിക്കപ്പെട്ടവയാണ്.

ചങ്ങമ്പുഴ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവസരത്തിലാണ് ഇടപ്പള്ളി രാഘവൻപിള്ള നിര്യാതനായത്. ആ ദുരന്ത സംഭവം ചങ്ങമ്പുഴയുടെ ഹൃദയത്തെ അഗാധമായി മുറിവേൽപ്പിച്ചു. അതിൽ നിന്നും വിങ്ങിപ്പൊട്ടിയ ദീനരോദനമാണ് ‘രമണൻ’ എന്ന ആരണ്യക നാടകീയ വിലാപകാവ്യം.

തുടർന്ന് നിരവധി കൃതികൾ അനായാസേന ചങ്ങമ്പുഴയിൽ നിന്നും കൈരളിക്കു ലഭിക്കുവാൻ തുടങ്ങി. ഇതിനിടയിൽ അദ്ദേഹം കോളജ് വിദ്യാഭ്യാസവും ആരംഭിച്ചിരുന്നു. എറണാകുളത്തെ പഠനത്തിനുശേഷം തിരുവനന്തപുരം ആർട്സ് കോളജിൽ ചേർന്ന് ഓണേഴ്സ് ബിരുദം നേടി.

പഠനാനന്തരം സാമ്പത്തിക പരാധീനതകളിൽ നിന്നും മോചനം നേടാനായി ചങ്ങമ്പുഴ യുദ്ധസേവനം അനുഷ്ഠിച്ചു. രണ്ട് കൊല്ലത്തിനുള്ളിൽ ഉദ്യോഗവും മതിയാക്കി ഉപരിപഠനാർത്ഥം മദിരാശി കോളജിൽ ചേർന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ അതും വേണ്ടെന്നുവച്ച് നാട്ടിലേക്ക് മടങ്ങി.

സാഹിത്യ പ്രവർത്തനങ്ങൾ കൊണ്ട് മാത്രം ധാരാളം ധനം നേടുവാൻ ചങ്ങമ്പുഴയ്ക്ക് സാധിച്ചു. മംഗളോദയം മാസികയുടെ പത്രാധിപസമിതിയിലും അദ്ദേഹം അംഗമായിരുന്നു. അഖില കേരള സാഹിത്യ സമിതിയുടെ ദ്വിതീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് ചങ്ങമ്പുഴ ചെയ്ത ഉജ്ജ്വല പ്രഭാഷണം സാഹിത്യ മണ്ഡലത്തിൽ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു.

ആ പ്രസംഗം തുടങ്ങുന്നത് ഇങ്ങിനെ: ”ഒരു ജനതയുടെ സാംസ്കാരികമായ വികാസത്തിന്റെ വിജയവൈജയന്തിയാണ് സാഹിത്യം. അത് തികച്ചും ആന്തരികമാണ്. ചരിത്രം രാഷ്ട്രത്തിന്റെ ബാഹ്യ ചലനങ്ങളെ മാത്രമേ പ്രതിഫലിക്കുന്നുള്ളൂ. അതൊരിക്കലും തൊലിക്കപ്പുറം ചൂഴ്‌ന്നിറങ്ങുന്നില്ല. മനുഷ്യരുടെ കായികമായ നേട്ടങ്ങളും നഷ്ടങ്ങളും മസ്തിഷ്ക പ്രവർത്തനങ്ങുടെ പ്രകടനഫലങ്ങളും കൊണ്ടുമാത്രം ചരിത്രം തൃപ്തിപ്പെടുന്നു. ആത്മസത്തയുമായി അടുക്കുവാനുള്ള അഭിനിവേശം അതിന് കുറവാണ്. സാഹിത്യമാകട്ടെ രാഷ്ട്രത്തിന്റെ ആത്മസത്തയുടെ അഭിരാമ സന്താനമായി സമുല്ലസിക്കുന്നു.

വളരാത്ത ഒരു ജനതയ്ക്ക് പരിപുഷ്ടമായ ഒരു സാഹിത്യ സമ്പത്തുണ്ടാവുകയില്ല. സ്വതന്ത്രമല്ലാത്ത ഒരു രാഷ്ട്രം സ്വതന്ത്രമല്ലാത്ത ഒരു സാഹിത്യത്തെ സൃഷ്ടിക്കുകയുമില്ല. ഈ തോത് വച്ചു നോക്കുമ്പോൾ നമ്മുടെ സാഹിത്യത്തിന്റെ കഥ അല്പം പരുങ്ങലിലാണെങ്കിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു? ഏറ്റവും പ്രാചീനമെന്ന് കരുതപ്പെടുന്ന ‘രാമചരിതം’ മുതൽ ആധുനിക കാലത്തെ കൃതികൾ വരെ കണ്ണോടിച്ചു നോക്കിയാൽ സാഹിത്യ സംബന്ധമായ സകല സൗഭാഗ്യങ്ങളുടേയും ഇടയിൽ ഒരു സംഗതി സ്പഷ്ടമായി കാണാൻ കഴിയും. ഗ്രന്ഥകാരന്മാരുടെ അടിമ മനോഭാവം ഒരൊറ്റ നോട്ടത്തിൽ അതിന്റെ നഗ്നമായ രൂപം പക്ഷേ നമ്മുടെ കണ്ണിൽപെട്ടുവെന്നു വരികയില്ല. എന്തുകൊണ്ടെന്നാൽ അന്ധമായ ഭക്തിയുടെ നനുനനുത്ത ഉടുപ്പണിഞ്ഞുകൊണ്ടാണ് അതിന്റെ നില. ഒന്നുകിൽ ഈശ്വരൻ അല്ലെങ്കിൽ രാജാവ്, അതുമല്ലെങ്കിൽ പൂർവ സൂരികൾ ചിലപ്പോൾ ഇവയെല്ലാം തന്നെ ഒത്തുചേർന്നൊരു സംഘമായി മുമ്പിലങ്ങനെ വിലങ്ങടിച്ചു നിൽക്കുന്നു! അവരെ കാണാത്ത ഭാവം നടിച്ചു കടന്നുപോകുവാനുള്ള കരൾ കരുത്ത് സാഹിത്യകാരനുണ്ടാകുന്നില്ല. ”

സാഹിത്യത്തിലെ കാവിവൽക്കരണത്തെക്കുറിച്ച് 1945 ൽ തന്നെ ചങ്ങമ്പുഴ മുന്നറിയിപ്പു നൽകി. 1945 ൽ കോട്ടയത്തു വച്ചു നടന്ന അഖില കേരള പുരോഗമന സാഹിത്യ സംഘടനയുടെ ദ്വിതീയ വാർഷിക സമ്മേളനത്തിൽ ചെയ്ത അധ്യക്ഷ പ്രസംഗത്തിൽ ചങ്ങമ്പുഴ ചൂണ്ടിക്കാട്ടി: ”ജീവിതത്തിന്റെ ഇരുണ്ട വശങ്ങളെ ചിത്രീകരിച്ചുകൊണ്ടുള്ള സാഹിത്യ ക്ഷേത്രത്തിലെ കാവി വസ്ത്രക്കാരുടെ മുറവിളി കേരളത്തിൽ കേട്ടു തുടങ്ങിയിട്ടു കാലം കുറച്ചായി. എന്നാൽ അതിനതിന് ആ വക ചിത്രീകരണങ്ങൾ വർധിച്ചു വരുന്നതേയുള്ളൂ. ഇതുകൊണ്ട് ആ മുറവിളികളുടെ നിഷ്‌പ്രയോജനത വെളിപ്പെടുന്നില്ലേ? നമുക്കു ഹിതമായ അഭിപ്രായമേ അന്യന്മാർ പറഞ്ഞുകൂടൂ എന്ന് ശാഠ്യം പിടിക്കുന്നത് കേവലം ബാലിശമായ ഒരു സ്വഭാവമാണ്. പ്രസ്ഥാനങ്ങളുടെ വൈചിത്യവും സുലഭതയും തീർച്ചയായും സാഹിത്യത്തെ മേൽക്കുമേൽ വികസിപ്പിക്കുകേ ഉള്ളൂ. മാറ്റൊലി കൃതികൾ കുമിളുകൾ പോലെ ആയിരക്കണക്കിനു മുളച്ചു പൊന്തിയാലും ഒട്ടും പരിഭ്രമിക്കേണ്ടതായിട്ടില്ല. അവയെല്ലാം രണ്ട് നാല് ദിവസത്തിനുള്ളിൽ താനേ നശിച്ചുപോകും. വ്യക്തിമുദ്രയോടുകൂടിയ കൃതികൾ മാത്രമേ വേരുറച്ചു പന്തലിച്ചു പടരുകയുള്ളൂ. ഏതു ഭാഷയിലും പ്രത്യക്ഷപ്പെടുന്ന ഒരു സാമാന്യ സ്വഭാവമാണിത്. ”

മലയാള സാഹിത്യ ചരിത്രത്തിൽ ഒരു വഴിത്തിരിവുണ്ടാക്കിയ ദിവസമായിരുന്നു 1937 മെയ് എട്ട്. അന്നാണ് തൃശൂരിൽവച്ച് പിൽക്കാലത്ത് പുരോഗമന സാഹിത്യസംഘം എന്ന പേരിൽ വികസിപ്പിക്കപ്പെട്ട ജീവൽ സാഹിത്യസംഘം രൂപം കൊണ്ടത്. ജീവൽ സാഹിത്യ സംഘം രൂപീകരിക്കുന്നതിന് തൊട്ടു മുമ്പിലത്തെ വർഷം ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ ‘വാഴക്കുല’ സാമൂഹ്യ പരിഷ്കാരത്തെക്കാൾ ഒരടികൂടി മുന്നോട്ടുപോയി വർഗബന്ധത്തെയും ചൂഷണത്തെയും തുറന്നുകാട്ടുന്നു. ജീവൽ സാഹിത്യസംഘവുമായി ചങ്ങമ്പുഴ സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

ചങ്ങമ്പുഴ എഴുതി: ”ഗുണദോഷ സമ്മിശ്രമാണ് മനുഷ്യപ്രകൃതി. നന്മയ്ക്കും തിന്മയ്ക്കും ലോകത്തിൽ സ്ഥാനമുണ്ട്. തിന്മയെ ചിത്രീകരിക്കുന്നവർ അതിനെ വാഴ്‌ത്തുന്നവരാണെന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. അത് ന്യായമല്ല. വെളിച്ചത്തിനും ഇരുട്ടിനും തുല്യാവകാശമുള്ളതാണല്ലോ ഈ ബാഹ്യ പ്രപഞ്ചം. അതിന്റെ പ്രതിഫലനമായ കലാ പ്രപഞ്ചത്തിൽ വെളിച്ചം മാത്രമേ ആയിക്കൂടൂ എന്ന് ശഠിക്കുന്നത് മർക്കടമുഷ്ഠിയല്ലാതെ മറ്റൊന്നുമല്ല. എത്ര തെളിമയുള്ള അഗ്നിജ്വാലയും ധൂമാങ്കിതമായിരിക്കും. പേരും പെരുമയുമാർന്ന മഹാക്ഷേത്രങ്ങളുടെ ഗോപുരഭിത്തികളിൽ പ്രകൃതി വിരുദ്ധമായ സംഭോഗ വൈകൃതങ്ങൾ കല്ലിൽ കൊത്തി വയ്ക്കുവാൻ സധൈര്യം സമ്മതമേകിയ കേരളത്തിന്റെ ഹൃദയം, ഭക്തൃത്തേജകമായ ലിംഗപൂജയിൽ നിർലീനമായി വർത്തിക്കുന്ന കേരളത്തിന്റെ ഹൃദയം, സങ്കുചിതമാണെന്ന് എനിക്ക് തോന്നുന്നില്ല.”

ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന അപൂർവ പ്രതിഭയുടെ തിളക്കം അദ്ദേഹത്തിന്റെ കവിതകളിൽ നാം ദശാബ്ധങ്ങളായി ദർശിച്ചുവരുന്നു. മലയാളികൾക്ക് ഏവർക്കും പ്രിയപ്പെട്ട കവിയാണ് ‘കവികളുടെ കവി‘യായ ചങ്ങമ്പുഴ. ആശാൻ, വള്ളത്തോൾ, ഉള്ളൂർ എന്ന കവിത്രയത്തിനുശേഷം ആധുനിക മലയാള കവിതയെ ചങ്ങമ്പുഴയോളം സ്വാധീനിച്ചിട്ടുള്ള കവികൾ വിരളമാണ്.

ചങ്ങമ്പുഴയുടെ ‘കളിത്തോഴി’ എന്ന നോവൽ പ്രസിദ്ധമാണെങ്കിലും അദ്ദേഹത്തിന്റെ മറ്റ് ഗദ്യ രചനകൾക്ക് അത്ര പ്രശസ്തി ലഭിച്ചിട്ടില്ല. അതിന് മുഖ്യകാരണം അവ പലതും ഗ്രന്ഥരൂപത്തിൽ വന്നിട്ടില്ല എന്നതു തന്നെ. കവിയായ ചങ്ങമ്പുഴയുടെ സവിശേഷ വ്യക്തിത്വത്തിന്റെ പരക്കെ കാണാതെ പോയ ചില അസാധാരണ മുഖങ്ങളാണ് അദ്ദേഹത്തിന്റെ ഗദ്യരചനകൾ.

37 വർഷക്കാലം മാത്രം ജീവിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന ബഹുമുഖ പ്രതിഭയെപ്പറ്റി വ്യാപകമായ ചർച്ചകളും പരിചിന്തനങ്ങളും ആവശ്യമായ സമയമാണിത്. അതിന് വഴിയൊരുങ്ങട്ടെ.