സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥതയെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ്

Web Desk

ചങ്ങനാശേരി

Posted on October 28, 2020, 9:34 pm

സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിനാണ് അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. സാമ്പത്തിക സംവരണ കാര്യത്തിൽ സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടുകളെക്കുറിച്ച് ദീപികപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടുകളെ തുറന്ന് കാട്ടുന്നത്. കേരളത്തിൽ ഉന്നത വിദ്യാഭ്യാസരംഗത്തും പിഎസ്‌സി നിയമനങ്ങളിലും 10 ശതമാനം സാമ്പത്തിക സംവരണം (ഇഡബ്ല്യുഎസ് റിസർവേഷൻ) നടപ്പിലായിരിക്കുകയാണ്. വൻ സാമുദായിക‑രാഷ്ട്രീയ സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് സംസ്ഥാന സർക്കാർ ഇതു നടപ്പിലാക്കിയത് എന്ന് മനസിലാക്കാൻ സാധിച്ചു. ഇതുവരെ യാതൊരുവിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27ശതമാനത്തിൽ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ല്യുഎസ്) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികൾ അകാരണമായി എതിർക്കുന്നതു തികച്ചും ഖേദകരമാണ്.

എന്തെങ്കിലും ആദർശത്തിന്റെ പേരിലാണ് ഇവർ ഇപ്രകാരം ചെയ്യുന്നതെന്നു കരുതാൻ സാധിക്കില്ല. സ്വന്തം പാത്രത്തിൽ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തിൽ ഒന്നും വിളമ്പരുത് എന്നു ശഠിക്കുന്നത് എന്തു വികാരമാണ്? ലേഖനത്തിൽ അദ്ദേഹം ചോദിക്കുന്നു. ജാതി-മത രഹിത സമൂഹങ്ങൾ രൂപീകരിക്കുക എന്നതും ദരിദ്രരെ ഉദ്ധരിക്കുക എന്നതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ആദർശങ്ങളിൽ ഉൾപ്പെട്ട കാര്യങ്ങളാണ്. അവരുടെ ഈ ആദർശങ്ങൾക്ക് എതിരല്ല സാമ്പത്തിക സംവരണം എന്ന ആശയം. ജാതി-മത ചിന്തകൾക്കതീതമായി അവശത അനുഭവിക്കുന്നവരെ പരിഗണിക്കുക എന്ന ആശയത്തെ ഒരിക്കലും നിരാകരിക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കു സാധിക്കുകയില്ല.

അതുകൊണ്ടുതന്നെ കേരളത്തിലെ എൽഡിഎഫ് സംവിധാനം, ഇതുവരെ യാതൊരു സംവരണവും ലഭിക്കാത്ത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10ശതമാനം സാമ്പത്തിക സംവരണത്തെ അംഗീകരിക്കുകയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അവരുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കി എന്നതു സ്വാഗതാർഹമാണ്. കേരളത്തിൽ യുഡിഎഫ് മുന്നണിയുടെ രാഷ്ട്രീയ സ്വഭാവത്തിനു മങ്ങലേറ്റിട്ടുണ്ടോ എന്ന സംശയം ആർച്ച്ബിഷപ്പ് ഉന്നയിക്കുന്നു. സാമ്പത്തിക സംവരണത്തിൽ ഉൾപ്പെടെ പല വിഷയങ്ങളിലും സ്വന്തമായി ഒരു നിലപാട് പ്രഖ്യാപിക്കാൻ സാധിക്കാത്തവിധം ഈ മുന്നണി ദുർബലമായിരിക്കുകയാണോ? ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാൻ സാധിക്കുമോ എന്ന് സംശയമുണ്ട്.

ഇപ്പോൾ ജമാഅത്ത് ഇസ്ലാമിയുടെ വെൽഫയർ പാർട്ടിയുമായിപ്പോലും സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുള്ളത്. ഇത്തരം സഖ്യങ്ങളെ മതേതര ചിന്താഗതിക്കാർക്ക് എങ്ങനെ അംഗീകരിക്കാൻ സാധിക്കും? എന്നാൽ ഏതാനും വോട്ടിനുവേണ്ടി സംഘടിത വർഗീയ പ്രസ്ഥാനങ്ങളുമായി രാഷ്ട്രീയ കൂട്ടുകെട്ടിലേർപ്പെടുന്ന മുന്നണി സംവിധാനങ്ങളെ ഇതര വിഭാഗങ്ങൾക്ക് തികഞ്ഞ ആശങ്കയോടുകൂടി മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ. രാഷ്ട്രീയ പാർട്ടികളും മുന്നണികളും ചില സമുദായങ്ങളെ തങ്ങളുടെ ഫിക്സഡ് വോട്ട് ബാങ്ക് ഡിപ്പോസിറ്റ് ആയി കരുതി ലാഘവമായെടുത്ത് എന്തുമാകാം എന്ന അമിത ആത്മവിശ്വാസം വച്ചുപുലർത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish sum­ma­ry; changanasseri arch bish­op statement

You may also like this video;