Web Desk

ചങ്ങനാശേരി

October 26, 2020, 11:53 am

അവധി ദിവസം ചങ്ങനാശേരിയിൽ നാല് അപകടം, പുന്നമൂട് ജംഗ്ഷനിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി

Janayugom Online

വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച്  മൂന്ന് പേർക്ക് പരിക്ക്. ഞായറാഴ്ച്ച രാത്രി 8 മണിയോടെ എം സി റോഡിൽ തുരുത്തി മിഷ്യൻ പള്ളിക്ക് സമീപം പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം. അമിത വേഗത്തിൽ എത്തിയ കാർ ബൈക്ക് യാത്രികനെ മറികടക്കാൻ ശ്രമിക്കുമ്പോൾ ബൈക്കിൽ ഇടിക്കുകയും നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ നിന്നവരെ ഇടിച്ചു മറിഞ്ഞു. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചങ്ങനാശേരി അഗ്നിശമന സേന എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി. അപകടത്തെ തുടർന്ന് റോഡിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ചങ്ങനാശേരി പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. ഞായറാഴ്ച്ച വൈകുന്നേരം ആറോടുകൂടി ചങ്ങനാശേരി ഉദയഗിരി ജംഗ്ഷനിൽ കാർ ബൈക്കിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. സാരമായ പരിക്കേറ്റ യുവാക്കളെ നാട്ടുകാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

പെരുന്നയിൽ വൈകുന്നേരം നാലോടെ ഓട്ടോറിക്ഷയും ബൈക്കും തമ്മിലിടിച്ച് ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. ചങ്ങനാശേരി മേഖലയിൽ അവധി ദിവസങ്ങളിൽ തുടർച്ചയായി അപകടങ്ങൾ വർധിക്കുന്നു. സ്ഥിരം അപകടമേഖലയായ പുന്നമൂട് ജംഗ്ഷൻ ബ്ലാക്ക് സ്പോട്ട് ഏരിയായി പ്രഖ്യാപിച്ചിട്ടും അപകടങ്ങൾ ഒഴിവാക്കുവാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ലായെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഞായറാഴ്ച്ച മേഖലയിൽ നാലോളം അപകടങ്ങൾ നടന്നെങ്കിലും മൂന്ന് അപകടങ്ങളിൽപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി പൊലീസിൻ്റെ ഭാഗത്തു നിന്നും കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

you may also like this video