കായിക മനം നിറയാൻ ചങ്ങനാശേരി മുൻസിപ്പൽ സ്റ്റേഡിയം ഒരുങ്ങുന്നു

Web Desk

ചങ്ങനാശേരി:

Posted on October 06, 2020, 2:48 pm

ചങ്ങനാശേരിയുടെ കായിക മനം നിറയാൻ ചങ്ങനാശേരി മുൻസിപ്പൽ സ്റ്റേഡിയം ഒരുങ്ങുന്നു. 1972 മെയ് 27ന് കേരള ഗവർണർ ആയിരുന്ന വി. വിശ്വനാഥൻ തറക്കല്ലിട്ട സ്റ്റേഡിയത്തിന് ഇപ്പോൾ 52 വയസ്സ് പൂർത്തിയായി. 1973 മാർച്ച് 11ന് ബോളിവുഢ് താരം രാജ്കപൂറാണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ആദ്യ കാലത്ത് ടേബിൾ ടെന്നീസും ബാഡ്മിന്റൺ കോർട്ട്, ഷർട്ടിൽ കോർട്ട് എന്നിവമാത്രമായിരുന്നു സ്റ്റേഡിയത്തിലുണ്ടായിരുന്നത്. വിശാലമായ സ്റ്റേഡിയത്തിന് നാലുചുറ്റിലും പവലിയനുകൾ ഉയർത്തി അതിനു കീഴിൽ 25 ഓളം കടമുറികളും സ്ഥാപിച്ച് നഗരസഭയ്ക്ക് വരുമാനവും കണ്ടെത്തുന്ന തരത്തിൽ നിർമ്മിച്ചതായിരുന്നു സ്റ്റേഡിയം. സ്റ്റേഡിയം ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന എഡ്വേർഡ് സായിപ്പിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്.

ചുറ്റിലും കാടു പിടിച്ചും ഗ്യാലറിയിലെ കല്ലുകൾ ഇളകിയും തെരുവുനായക്കളും യാചകരും സാമൂഹ്യവിരുദ്ധരും കൈയ്യടക്കിയ സ്റ്റേഡിയത്തെ കായിക പ്രേമികളും മറന്നു തുടങ്ങി. സ്റ്റേഡിയത്തിന്റെ സജീവത നഷ്ടമായതോടു കൂടി കവാടങ്ങളിൽ ഒന്ന് കെട്ടിയടച്ച് വ്യാപാര സ്ഥാപനമാക്കി മാറ്റാനുള്ള നീക്കവും ഏറെ വിവാദവും കോലാഹലവും ഉയർത്തിയിരുന്നു.ഇതിനിടയിലാണ് ചങ്ങനാശ്ശേരി നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഡിയം ക്ളബ് അംഗവുമായ സാജൻ ഫ്രാൻസിസ് മുൻകൈയ്യെടുത്തതോടെ സ്റ്റേഡിയം പൂർവ്വ കാല പ്രതാപം വീണ്ടെടുക്കുന്നതിനുള്ള വഴി തുറക്കുന്നത്. ആദ്യ പടിയായി എതിർപ്പുകൾക്കിടയിൽ പവലയനിലെ സർക്കാർ ഓഫീസുകൾ ഒഴിപ്പിച്ചു. ഗ്യാലറിയും പവലിയനും ടോയ്ലറ്റുകളും അറ്റകുറ്റപ്പണികൾ നടത്തി പെയിന്റിങ്ങ് ചെയ്തു. മൈതാനവും ട്രാക്കും കായിക പരിശീലനത്തിനു തക്കവണ്ണം രൂപപ്പെടേണ്ടതുണ്ട്.

റവന്യൂ ടവറിൽ നിന്നും കടന്നു വരുന്ന നഗരസഭ വഴി കാടുപിടിച്ച് സഞ്ചാരയോഗ്യമല്ലാത്ത നിലയിലാണ്. വലിയ മത്സരങ്ങൾക്കും കായിക മാമാങ്കങ്ങൾക്കും സൗകര്യം ഒരുക്കാൻ പാർക്കിങ്ങ് സംവിധാനവും ഒരുക്കേണ്ടതുണ്ട്. കായിക രംഗത്തെ പ്രഗത്ഭരെ ഉൾപ്പെടുത്തി സ്റ്റേഡിയം പരിപാല സമിതിയും തുടർ പ്രവർത്തനത്തിന് സംവിധാനം ഒരുക്കിയാൽ ചങ്ങനാശ്ശേരിയിലെ കലാലയങ്ങളിലെ കായിക പ്രതിഭകൾക്ക് പ്രധാന പരിശീലന കേന്ദ്രമായി ഉയർത്താൻ കഴിയും. ഒളിമ്പ്യൻ അഞ്ചു ബോബി ജോർജ്ജ് അടക്കം നിരവധി കായിക താരങ്ങൾക്ക് പരിശീലനം തേടാൻ ഉപകരിച്ച ചങ്ങനാശ്ശേരി മുനിസിപ്പൽ സ്റ്റേഡിയം ഇന്ത്യയ്ക്കും കേരളത്തിനും നിരവധി കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്. 20 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് സ്റ്റേഡിയത്തിൽ നടത്തുന്നത്. ഇത് കായിക ലോകത്തിന് പുത്തൻ ഉണർവ് പകരുമെന്ന പ്രതീക്ഷയിലാണ് ചങ്ങനാശേരി.

ENGLISH SUMMARY: Changanassery Munic­i­pal Sta­di­um is get­ting ready to fill the sports mind

YOU MAY ALSO LIKE THIS VIDEO