Web Desk

ചങ്ങനാശേരി

October 08, 2020, 3:49 pm

ചങ്ങനാശേരി മുനിസിപ്പൽ സ്റ്റേഡിയം ഒരുങ്ങുന്നു

Janayugom Online

കായിക മനം നിറയ്ക്കാൻ ചങ്ങനാശേരി മുൻസിപ്പൽ സ്റ്റേഡിയം ഒരുങ്ങുന്നു. 1972 മെയ് 27ന് കേരള ഗവർണർ ആയിരുന്ന വി വിശ്വനാഥൻ തറക്കല്ലിട്ട സ്റ്റേഡിയത്തിന് ഇപ്പോൾ 52 വയസ് പൂർത്തിയായി. 1973 മാർച്ച് 11ന് ബോളിവുഡ് താരം രാജ്കപൂറാണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ആദ്യ കാലത്ത് ടേബിൾ ടെന്നീസും ബാഡ്മിന്റൺ കോർട്ട്, ഷർട്ടിൽ കോർട്ട് എന്നിവമാത്രമായിരുന്നു സ്റ്റേഡിയത്തിലുണ്ടായിരുന്നത്. വിശാലമായ സ്റ്റേഡിയത്തിന് നാല് ചുറ്റിലും പവലിയനുകൾ ഉയർത്തി അതിന് കീഴിൽ 25ഓളം കടമുറികളും സ്ഥാപിച്ച് നഗരസഭയ്ക്ക് വരുമാനവും കണ്ടെത്തുന്ന തരത്തിൽ നിർമ്മിച്ചതായിരുന്നു സ്റ്റേഡിയം.

സ്റ്റേഡിയം ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന എഡ്വേർഡ് സായിപ്പിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്.

ചുറ്റിലും കാട് പിടിച്ചും ഗ്യാലറിയിലെ കല്ലുകൾ ഇളകിയും തെരുവ് നായക്കളും യാചകരും സാമൂഹ്യവിരുദ്ധരും കൈയ്യടക്കിയ സ്റ്റേഡിയത്തെ കായിക പ്രേമികളും മറന്ന് തുടങ്ങി. ഇതിനിടയിലാണ് സ്റ്റേഡിയം പൂർവ്വകാല പ്രതാപം വീണ്ടെടുക്കുന്നതിനുള്ള വഴി സജീവമായത്.

ആദ്യ പടിയായി എതിർപ്പുകൾക്കിടയിൽ പവലയനിലെ സർക്കാർ ഓഫീസുകൾ ഒഴിപ്പിച്ചു. ഗ്യാലറിയും പവലിയനും ടോയ്ലറ്റുകളും അറ്റകുറ്റപ്പണികൾ നടത്തി പെയിന്റ് ചെയ്തു. ഇനി മൈതാനവും ട്രാക്കും കായിക പരിശീലനത്തിന് തക്കവണ്ണം രൂപപ്പെടേണ്ടതുണ്ട്. റവന്യൂ ടവറിൽനിന്ന് കടന്ന് വരുന്ന വഴി കാടുപിടിച്ച് സഞ്ചാരയോഗ്യമല്ലാത്ത നിലയിലാണ്. വലിയ മത്സരങ്ങൾക്കും കായിക മാമാങ്കങ്ങൾക്കും സൗകര്യം ഒരുക്കാൻ പാർക്കിങ്ങ് സംവിധാനവും ഒരുക്കണം. 20 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് സ്റ്റേഡിയത്തിൽ നടത്തുന്നത്.

you may also like this video