March 24, 2023 Friday

ചങ്ങനാശേരി അഗതി മന്ദിരത്തിലെ മരണം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

Janayugom Webdesk
തിരുവനന്തപുരം
February 29, 2020 10:07 pm

ചങ്ങനാശേരിയിലെ അഗതി മന്ദിരത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ആദ്യ മരണം സംഭവിച്ചപ്പോൾ തന്നെ അന്വേഷണം നടത്തിയിരുന്നു. രണ്ടാമത്തെ മരണം ഉണ്ടായപ്പോൾ പോസ്റ്റ്മോർട്ടം നടത്തണമെന്ന് പറഞ്ഞെങ്കിലും ബന്ധുക്കൾ അതിന് തയ്യാറായില്ല. മൂന്നാമത്തെ മരണം നടന്നതോടെ നിർബന്ധമായും മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടത്തിനു നിർദേശം നൽകി. സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ കൊറോണ വൈറസ് അല്ലെന്ന് തെളിഞ്ഞിരുന്നു. മറ്റെന്ത് കാരണം കൊണ്ടാണ് തുടർച്ചയായ മരണം ഉണ്ടായതെന്ന് കണ്ടെത്തുവാൻ വേണ്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിൽ മെഡിസിൻ, സൈക്യാർട്രി വിഭാഗം പ്രൊഫസർമാരുൾപ്പെട്ട പ്രത്യേക മെഡിക്കൽ ബോർഡും രൂപീകരിച്ചു. ഇവർ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തി വരുകയാണെന്ന് മന്ത്രി അറിയിച്ചു. രക്ത സാമ്പിളുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ചില പരിശോധനാ ഫലങ്ങൾ കൂടി വരണം. മൂന്നാമത്തെയാളുടെ പോസ്റ്റുമോർട്ടം നടത്തി സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചവെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് മരിച്ച വാകത്താനം പഞ്ചായത്തിൽ തോട്ടയ്ക്കാട് ഇരവുചിറ താന്നിക്കന്നേൽ എബ്രഹാം യുഹാനോ (21)ന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സാമ്പിൾ വിശദപരിശോധനയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ഏറെക്കാലമായി മാനസിക രോഗത്തിന് ചികിത്സയിലുള്ള ആളായിരുന്നു ഇയാൾ. സൗജന്യമായിട്ടാണ് യുഹാനോയ്ക്ക് ഇവിടെ ചികിത്സ നൽകിയിരുന്നത്. 25ന് മരണമടഞ്ഞ പത്തനംതിട്ട വെൺകുറിഞ്ഞി കുറ്റിപ്പറമ്പിൽ ഷെറിൻ ജോർജ് (44) പുതുജീവനിൽ കഴിഞ്ഞ ഒരു മാസമായി മാനസിക രോഗത്തിന് ചികിത്സയിലിരുന്നു. 25ന് ചികിത്സയിലിരുന്ന ആശുപത്രിയിൽ ഇയാൾ കുഴഞ്ഞു വീഴുകയും ഉടൻ തന്നെ സമീപത്തെ നാലുകോടി സെന്റ് റീത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

27ന് മരിച്ച തിരുവനന്തപുരം പേട്ട പാൽക്കുളങ്ങര ശിവഅരവിന്ദത്തിൽ ഗിരീഷും(41) ആശുപത്രിയിൽ ചികിത്സയിലിരിക്കേ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഇദ്ദേഹവും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരിച്ച മൂന്നു പേരുടെയും രക്തം, സ്രവം, മറ്റ് ആന്തരിക പരിശോധനയിലും വൈറസ് മൂലമുള്ള പകർച്ചാ വ്യാധികൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

സമാനമായ രോഗലക്ഷണത്തോടെ ചികിത്സ തേടിയ ഏഴുപേരിൽ ഒരാൾ തൃശൂർ മെഡിക്കൽ കോളജിലും ആറു പേർ കോട്ടയം മെഡിക്കൽ കോളജിലും ചികിത്സയിലാണ്. ഇവരിലും വിശദമായ പരിശോധന നടത്തിയെങ്കിലും വൈറസ് ബാധ മൂലമുണ്ടാകാവുന്ന രോഗലക്ഷണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുന്ന രാസപരിശോധനാഫലം ലഭിച്ചതിനു ശേഷമേ മരണകാരണം കണ്ടെത്താൻ കഴിയൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ആറു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇവർക്ക് പനിയോ മറ്റ് സാംക്രമിക രോഗങ്ങളോ ബാധിച്ചതായി കണ്ടെത്തിയിട്ടില്ല. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നയാളെ സുഖം പ്രാപിച്ചതിനെ തുടർന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തു.

ആദ്യ മരണം ഉണ്ടായതിനു ശേഷം ആശുപത്രി ഡയറക്ടർ വി സി ജോസഫ് ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ഇതേ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരി 26നും 27നും സ്ഥാപനം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. എല്ലാ അന്തേവാസികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവർക്കും പകർച്ചവ്യാധികൾ ബാധിച്ചതായി കണ്ടെത്തിയിട്ടില്ല. സ്ഥാപനത്തിലെ ഡോക്ടർമാർ, ജീവനക്കാർ, അന്തേവാസികൾ എന്നിവരുമായി സംഘം ആശയവിനിമയം നടത്തുകയും ചികിത്സാ രേഖകൾ പരിശിധിക്കുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry; changanassery puthu­jee­van death fol­low up

YOU MAY ALSO LIKE THIS VIDEO

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.