Web Desk

ന്യൂഡൽഹി

March 30, 2021, 10:48 pm

ബാങ്കുകളുടെ ഐഎഫ്എസ്‌സി കോഡുകൾ മാറുന്നു

Janayugom Online

ആറ് പൊതുമേഖല ബാങ്കുകളുടെ ഐഎഫ്എസ്‌സി കോഡുകളിൽ മാറ്റംവരും. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, അലഹബാദ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ കോഡുകളാണ് മാറുക.

പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയോടൊപ്പം ലയിക്കുന്ന ബാങ്കുകളുടെ പുതുക്കിയ കോഡുകൾ ഏപ്രിൽ ഒന്നുമുതലാണ് നിലവിൽവരിക. ഇന്ത്യൻ ബാങ്കിൽ ചേർന്ന അലഹബാദ് ബാങ്കിന്റെ കോഡുകൾ മെയ് ഒന്നുമുതലും സിൻഡിക്കേറ്റ് ബാങ്കിന്റെ കോഡുകൾ ജൂലായ് ഒന്നുമുതലും മാറും.

ബാങ്ക് ഇടപാടുകൾ തടസ്സപ്പെടാതിരിക്കാൻ അക്കൗണ്ട് ഉടമകൾ പുതിയ ഐഎഫ്എസ്‌സി കോഡുകൾ ഉപയോഗിക്കാൻ ബാങ്കുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്.

2019 ഓഗസ്റ്റിൽ ധനമന്ത്രി നിർമ്മല സീതാരാമനാണ് പൊതുമേഖല ബാങ്കുകളുടെ എണ്ണംകുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 2020 ഏപ്രിലിലാണ് ആറ് ബാങ്കുകൾ നാല് ബാങ്കുകളിലായി ലയിച്ചത്.

ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിലാണ് ലയിച്ചത്. ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലും സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും ലയിച്ചു. അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിനോടൊപ്പവും ചേർന്നു.

Eng­lish sum­ma­ry: Change in  IFSC codes of banks

You may also like this video: